വാഷിങ്ടൺ: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് യുഎസ്. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തിന്മേൽ യുഎൻ രക്ഷാസമിതി തീരുമാനമെടുക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേയാണ് യുഎസിന്റെ പരാമർശം. മസൂദ് അസർ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണെന്നും ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന യുഎന്നിന്റെ മാനദണ്ഡങ്ങളെ മസൂദ് അസർ നേരിടേണ്ടിവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റോബർട്ട് പല്ലാഡിനോ പറഞ്ഞു.നിരവധി ഭീകരാക്രമണങ്ങളാണ് ജെയ്ഷെ നടത്തിയിട്ടുള്ളത്. മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും അസർ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവരുന്നത്. ഇതിൽ ചൈന എന്ത് നിലപാടെടുക്കുമെന്നതാണ് മറ്റ് രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. മുമ്പ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങൾ ചൈന വീറ്റോ ചെയ്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. തെളിവുകൾ ഇല്ലെന്നും സാങ്കേതിക കാരണളും ചൂണ്ടിക്കാണിച്ചാണ് ചൈന ഇടങ്കോലിട്ടിരുന്നത്. എന്നാൽ മസൂദ് അസറിനെതിരെ ആവശ്യമായ തെളിവുകൾ എല്ലാമുണ്ടെന്നാണ് യുഎസ് നിലപാട്. ഇത്തവണ ചൈന മുൻ നിലപാടുകൾ തുടരില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് ഭരണകൂടം പറഞ്ഞിരുന്നു. മസൂദ് അസറിനെതിരായി വന്നിരിക്കുന്ന പ്രമേയത്തിൽ എതിർപ്പ് അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരാമർശവുമായി യു.എസ് രംഗത്ത് വന്നിരിക്കുന്നത്. മേഖലയുടെ സുരക്ഷിതത്വത്തിനും സമാധാനത്തിനും വേണ്ടി പൊതുവായ ലക്ഷ്യങ്ങൾ യുഎസിനും ചൈനയ്ക്കുമുണ്ട്. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ സാധിച്ചില്ലെങ്കിൽ ആ ലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെടുമെന്നും റോബർട്ട് പല്ലാഡിനോ വ്യക്തമാക്കി. അതിനാൽ യുഎൻ രക്ഷാസമിതിയുടെ ഉപരോധ കമ്മിറ്റി യോഗം ചേരുമ്പോൾ ചൈന പ്രമേയത്തിന് അനുകൂലമായ നിലപാടെടുക്കണമെന്നാണ് യു.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. Content Highlights:Masood Azhar is a threat to regional stability and peace
from mathrubhumi.latestnews.rssfeed https://ift.tt/2Jj3i14
via
IFTTT
No comments:
Post a Comment