കൊച്ചി: സംസ്ഥാനത്തെ ക്രമസമാധാനരംഗത്തു രഹസ്യമായി പ്രവര്‍ത്തിക്കുന്ന 300 ''നിഴല്‍'' (ഷാഡോ) പോലീസുകാരില്‍ മിക്കവരും കളങ്കിതര്‍. കാക്കിയിടാതെ, മഫ്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇവരില്‍ പലരും ഉന്നതോദ്യോഗസ്ഥരുമായി ഉറ്റബന്ധം പുലര്‍ത്തുന്നവരും നിരവധി തവണ അച്ചടക്കനടപടി നേരിട്ടവരുമാണ്. നിയമപ്രകാരം പോലീസില്‍ ഇത്തരം നിഴല്‍സേനകള്‍ക്കോ പ്രത്യേക സ്‌ക്വാഡുകള്‍ക്കോ അനുമതിയില്ല.
ഔദ്യോഗികമായി രഹസ്യാന്വേഷണദൗത്യം നിര്‍വഹിക്കുന്നതു പോലീസ് സ്‌പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് വിഭാഗവും മാത്രമാണ്. ഇതിനു പുറമേയാണു പല ജില്ലകളിലും എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചത്.
ആദ്യഘട്ടത്തില്‍ ഇതു ഫലപ്രദമായിരുന്നു. ഒട്ടേറെ നിര്‍ണായക കേസുകളില്‍ തെളിവു കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇവര്‍ക്കു പോലീസില്‍ ഔദ്യോഗികപരിവേഷവും അമിതസ്വാതന്ത്ര്യവും ലഭിച്ചു. ഇതോടെ, സ്‌ക്വാഡ് അംഗങ്ങളില്‍ പലരും പണം വാങ്ങി, വഴിവിട്ടു പ്രവര്‍ത്തനമാരംഭിച്ചു.
പാലക്കാട്ടെ ഉദയകുമാറിന്റെ ഉരുട്ടിക്കൊലക്കേസിനേത്തുടര്‍ന്ന് പോലീസില്‍ ഇത്തരം സ്‌ക്വാഡുകള്‍ വേണ്ടെന്നു കോടതി നിര്‍ദേശിച്ചിരുന്നു. അതു കാറ്റില്‍പറത്തിയാണു പല ജില്ലകളിലും ഷാഡോ പോലീസ് സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്.
എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നീ പ്രധാനനഗരങ്ങളില്‍ ഉള്‍പ്പെടെ ഇങ്ങനെ 300 പോലീസുകാര്‍ പ്രവര്‍ത്തിക്കുന്നു. ആദ്യമൊക്കെ സ്‌ക്വാഡുകളില്‍ നിയോഗിക്കപ്പെടുന്നവരുടെ അന്വേഷണമികവും ചോദ്യംചെയ്യാനുള്ള മിടുക്കും പരിഗണിച്ചിരുന്നു. എന്നാല്‍, സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണു പലരും ഇപ്പോള്‍ സ്‌ക്വാഡുകളില്‍ കയറിക്കൂടുന്നത്.
തൊടുപുഴയില്‍ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒരാളെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു ഷാഡോ പോലീസുകാര്‍ പിടിയിലായിരുന്നു. ഇവരെ സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കുകയാണ് അധികൃതര്‍ ചെയ്തത്. മയക്കുമരുന്ന് കേസില്‍ കുടുക്കപ്പെട്ട ഒരാളില്‍നിന്ന് എറണാകുളത്തെ ഷാഡോ പോലീസ് കോടികള്‍ തട്ടിയെടുത്തതായി ഉന്നതോദ്യോഗസ്ഥനു പരാതി ലഭിച്ചിരുന്നു. ഈ സംഭവം ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലാണ്.
ഒരു ചലച്ചിത്രനിര്‍മാതാവിനെ കരുവാക്കി മയക്കുമരുന്ന് മാഫിയയെ കുടുക്കുകയും തൊണ്ടിമുതല്‍ വിറ്റ് പണം സ്വന്തമാക്കിയശേഷം ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. വിജിലന്‍സ് ഈ കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
from mangalam.com https://ift.tt/2IVizoK
via IFTTT
No comments:
Post a Comment