അബുദാബി: കേരളത്തിന്റെ വികസനത്തിനും പുനർനിർമാണത്തിനും സംഭാവനകൾ നൽകാൻ യു.എ.ഇ. തയ്യാറാണെന്ന് യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിണറായിയെയും പ്രതിനിധിസംഘത്തെയും ശൈഖ് മൻസൂർ തന്റെ കൊട്ടാരത്തിൽ സ്വീകരിച്ചു. കേരളത്തിലെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചറിഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ താത്പര്യമുണ്ട്. അതോടൊപ്പം കൃഷി, ആരോഗ്യം, ഊർജം, ടൂറിസം എന്നീ നാല് പ്രധാന മേഖലകളിൽ നിക്ഷേപം നടത്താൻ തയ്യാറാണ്. കേരളത്തിന്റെ വികസനമെന്നത് യു.എ.ഇ.യുടെ വികസനം പോലെയാണ് കാണുന്നത്. കേരളത്തിന്റെ മലനിരകൾ കാണാൻ താത്പര്യമുണ്ടെന്നും പർവതാരോഹണത്തിൽ ഏറെ താത്പര്യമുള്ള ശൈഖ് മൻസൂർ പറഞ്ഞു. അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി മാനേജിങ് ഡയറക്ടറും അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാനുമായ ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ നിക്ഷേപനിധിയിൽ നിക്ഷേപം നടത്താൻ അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയെ മുഖ്യമന്ത്രി ക്ഷണിച്ചു. വിവിധ നിക്ഷേപപദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ അധികൃതർക്കുമുന്നിൽ സമർപ്പിച്ചു. പെട്രോ കെമിക്കൽ കോംപ്ലക്സ് പാർക്ക്, സ്പൈസ് പാർക്ക്, ഡിഫൻസ് പാർക്ക്, ഏറോസ്പേസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക് എന്നീ പദ്ധതികളെക്കുറിച്ചാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. നേരിട്ടുള്ള നിക്ഷേപങ്ങളുടെ സാധ്യതയും മുഖ്യമന്ത്രി പിണറായി വിജയൻ അധികൃതരെ ധരിപ്പിച്ചു. ഇക്കാര്യങ്ങൾ പഠിക്കാൻ എത്രയുംപെട്ടെന്നുതന്നെ ഒരു പ്രതിനിധിസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് ശൈഖ് ഹമദ് പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. Content Highlights:rebuild kerala-development-uae-pinarayi uae visit
from mathrubhumi.latestnews.rssfeed http://bit.ly/2SRLwpp
via
IFTTT
No comments:
Post a Comment