ദുബായ്: ദുബായ് നഗരത്തിലെ 'ബുർജ് ഖലീഫ' ഇനിമുതൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടം മാത്രമല്ല, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്വീകരണമുറിയുള്ള സമുച്ചയംകൂടിയാണ്. ബുർജ് ഖലീഫയിലെ 152 മുതൽ 154 വരെ നിലകളിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഉയരമേറിയ കെട്ടിടത്തിൽനിന്നുള്ള കാഴ്ചകൾ മാത്രമല്ല, ബുർജ് ഖലീഫയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അർമാനിയിലെ രുചിയേറിയ ഭക്ഷണവും 'ദ ലൗഞ്ച്, ബുർജ് ഖലീഫ' എന്ന സ്വീകരണമുറിയിൽ ലഭിക്കും. ഭൂനിരപ്പിൽനിന്ന് 575 മീറ്റർ ഉയരത്തിലായിരിക്കും ഇത്. നേരത്തേ 148-ാം നിലവരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നത്. ചില്ലിന്റെ മതിലുകളില്ലാത്ത ടെറസിൽനിന്ന് സുഗമമായി കാഴ്ചകൾ ആസ്വദിക്കാനും ഭക്ഷണം കഴിക്കാനും പുതിയ സ്വീകരണമുറിയിൽ സൗകര്യമുണ്ട്. ചെറിയ യോഗങ്ങൾക്കുള്ള സൗകര്യവും സജ്ജമാണ്. ഉച്ചയ്ക്ക് പന്ത്രണ്ടരമുതൽ വൈകീട്ട് നാലുമണിവരെയും അഞ്ചരമുതൽ ഏഴുവരെയും രാത്രി ഏഴരമുതൽ വൈകുംവരെയുമാണ് പ്രവേശനം. ഓരോ നേരത്തെയും ഭക്ഷണം വ്യത്യസ്തമായിരിക്കും. പ്രശസ്തരുടെ സംഗീതപരിപാടികളും ആസ്വദിക്കാം. സായാഹ്നങ്ങളിൽ ഒരാൾക്ക് 550 ദിർഹമാണ് (ഏതാണ്ട് പതിനായിരം രൂപ) ടിക്കറ്റ് നിരക്ക്. സന്ധ്യ മയങ്ങിയാൽ നിരക്ക് 600 ദിർഹമാവും (11,640 രൂപയോളം). ബുർജ് ഖലീഫയുടെ വെബ്സൈറ്റ് വഴി നേരത്തേ സീറ്റുകൾ ഉറപ്പിക്കാം. അർമാനി ഹോട്ടൽ ലോബിവഴിയായിരിക്കും ഇവിടേക്കുള്ള പ്രവേശനം. ദുബായ് മാളിലെ ബുർജ് ഖലീഫ പ്രവേശനകവാടത്തിലൂടെയും ഇവിടേക്കെത്താം.
from mathrubhumi.latestnews.rssfeed http://bit.ly/2Id1d6n
via
IFTTT
No comments:
Post a Comment