കോൺഗ്രസിന് വലിയ മേൽക്കൈ ഉള്ള മണ്ഡലമാണ് ചാലക്കുടി. പഴയ മുകുന്ദപുരം മണ്ഡലത്തിൽനിന്ന് കമ്യൂണിസ്റ്റുകാർക്ക് പ്രാമുഖ്യമുണ്ടായിരുന്ന ഇരിങ്ങാലക്കുട തൃശ്ശൂർ മണ്ഡലത്തിലേക്കു പോകുകയും കമ്യൂണിസ്റ്റുകാർ കൂടുതലുള്ള വടക്കേക്കരയുടെ ഗണ്യമായ ഭാഗം പറവൂർ നിയോജകമണ്ഡലത്തിലേക്കു പോകുകയും ചെയ്തു. ആലുവയുടെ വലിയൊരു പ്രദേശവും കുന്നത്തുനാട് പൂർണമായും കൂട്ടിച്ചേർക്കുകയായിരുന്നു. കോൺഗ്രസിന് നേരത്തെ തന്നെ പ്രാമുഖ്യമുള്ള മണ്ഡലം ഇപ്പോൾ അവരുടെ ശക്തിദുർഗമാണ്. അവിടെ കോൺഗ്രസിന്റെ ഏത് സ്ഥാനാർഥി മത്സരിച്ചാലും ജയിക്കേണ്ടതാണ്. ധനപാലൻ ഏതാണ്ട് 75,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുൻപ് ജയിച്ചത്. കഴിഞ്ഞ തവണ അദ്ദേഹം മത്സരിച്ചിരുന്നെങ്കിൽ മുപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമായിരുന്നു. കഴിഞ്ഞ തവണ ധനപാലനെ തൃശ്ശൂരിലേക്ക് മാറ്റുകയും സീറ്റ് ചാക്കോയ്ക്ക് കൊടുക്കുകയും ചെയ്തതുകൊണ്ട് ഒരു വിഭാഗം വോട്ടർമാർ എതിരായി, രണ്ടാമത് നാട്ടിലെ കോൺഗ്രസുകാർ ഏറെക്കുറെ പൂർണമായും ചാക്കോയ്ക്ക് എതിരായി പ്രവർത്തിച്ചു. ബിജെപിയുടെ വോട്ടുകൾ ഗണ്യമായി വർധിച്ചു. ഇന്നസെന്റ് കാത്തോലിക്കനായതിനാൽ അതിന്റെ സഹായവും കിട്ടി. ചാക്കോ യാക്കോബായ സഭക്കാരനായിരുന്നിട്ടുപോലും അവർക്ക് പ്രാമുഖ്യമുള്ള കുന്നത്തുനാട്, പെരുമ്പാവൂർ പ്രദേശത്ത് അദ്ദേഹത്തിന് ലീഡ് നേടാൻ കഴിഞ്ഞില്ല. വിവിധ ഘടകങ്ങൾ ഒരുമിച്ച് വന്നപ്പോൾ ചാക്കോ തോൽക്കുകയും ചെറിയൊരു ഭൂരിപക്ഷത്തിൽ ഇന്നസെന്റ് വിജയിക്കുകയും ചെയ്തു. ചാലക്കുടിയിലെ ഏഴിൽ ആറ് അസംബ്ലി മണ്ഡലങ്ങളിലും കോൺഗ്രസിനാണ് മേൽക്കൈ. കൈപ്പമംഗലം മാത്രമാണ് ഇടതുപക്ഷത്തിന് മേൽക്കൈയുള്ള ഒരേയൊരു പ്രദേശം. ധനപാലൻ ഇവിടെ നല്ലൊരു സ്ഥാനാർഥിയാണ്. കഴിഞ്ഞ തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. ശാരീരികമായും മറ്റുമുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാൽ ഇവിടെ മറ്റേതെങ്കിലും കോൺഗ്രസ് സ്ഥാനാർഥി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാക്കോ ഒഴിച്ച് ആര് മത്സരിച്ചാലും ജയിക്കും എന്നൊരു സാഹചര്യമുണ്ട്. ബെന്നി ബഹനാൻ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. യുഡിഎഫ് കൺവീനറാണ്, ഉമ്മൻചാണ്ടിക്ക് വളരെ താൽപര്യമുള്ള ആളുമാണ് അദ്ദേഹം. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ശക്തനായ ഒരു സ്ഥാനാർഥിയെ നിർത്തിയാൽ മാത്രമേ എന്തെങ്കിലും ആശയ്ക്ക് വകയുള്ളൂ. പി. രാജീവ് മണ്ഡലത്തിൽ ഉള്ള ആളാണ്. സംഘടനാ സംവിധാനം, അധികാരം, പണം തുടങ്ങിയവയൊക്കെ ഇവിടെ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യങ്ങളാണ്. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ബി.ഡി ദേവസ്സി നല്ല സ്ഥാനാർഥിയായിരിക്കും. സാജു പോളും നല്ല സ്ഥാനാർഥിയാണ്. ബിജെപിയെ സംബന്ധിച്ച് എറണാകുളം ജില്ലയുടെ ഭാഗമായിട്ടുള്ള നാല് അംബ്ളി മണ്ഡലങ്ങളിൽ വലിയൊരു മുന്നേറ്റമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ അവർ വലിയൊരു മുന്നേറ്റം നടത്തുകയുണ്ടായി. ചാലക്കുടി, കൊടുങ്ങല്ലൂർ, കൈപ്പമംഗലം എന്നിവിടങ്ങളിൽ ബിജെപി, ബഡിജെഎസ് സ്ഥാനാർഥികൾ മുന്നേറ്റം നടത്തിയിരുന്നു. അതുകൊണ്ട് ഇത്തവണ ഇവിടെ ബിഡിജെഎസ് മത്സരിക്കാൻ സാധ്യതയുണ്ട്. ഇത്തവണ യുഡിഎഫ് ചാലക്കുടി തിരിച്ചുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. Content Highlights:Chalakkudy may go in UDFs way,B D devassy or Saju Paul
from mathrubhumi.latestnews.rssfeed https://ift.tt/2XjoFTe
via
IFTTT
No comments:
Post a Comment