ആന്റിഗ്വ: പ്രതാപകാലം ഓർമിപ്പിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് വസന്തം. ഐ.സി.സി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന് തകർത്ത് വെസ്റ്റിൻഡീസ് 2-0ത്തിന് പരമ്പര സ്വന്തമാക്കി. പത്ത് വർഷത്തിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിനെതിരേ വെസ്റ്റൻഡീസ് ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ആദ്യ ടെസ്റ്റിൽ വിൻഡീസ് റെക്കോഡോടെ വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് ശനിയാഴ്ച്ച തുടങ്ങും. സ്കോർ: ഇംഗ്ലണ്ട് 187, 132 വിൻഡീസ് 306, 17/0 രണ്ടാമിന്നിങ്സിൽ വെറും 14 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ വിക്കറ്റ് നഷ്ടം കൂടാതെ വിജയതീരത്തെത്തി. 13 പന്തുകൾക്കുള്ളിൽ മത്സരം അവസാനിച്ചു. ബ്രാത്വെയ്റ്റ് അഞ്ച് റൺസുമായും കാംപെൽ 11 റൺസോടേയും പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 187 റൺസിന് പുറത്തായി. നാലു വിക്കറ്റെടുത്ത കെമർ റോഷും 45 റൺസിന് മൂന്നുവിക്കറ്റെടുത്ത ഷാനൺ ഗബ്രിയേലും ചേർന്ന് ഇംഗ്ലണ്ടിനെ ചെറിയ സ്കോറിലൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 306 റൺസ് അടിച്ചെടുത്തു. ഓപ്പണർമാരായ ബ്രാത്വെയ്റ്റ് (49), ജോൺ കാമ്പെൽ (47), ഡാരൻ ബ്രാവോ (50), ഷായ് ഹോപ് (44) എന്നിവർ തിളങ്ങിയതോടെ വിൻഡീസ് 119 റൺസിന്റെ നിർണായക ലീഡ് നേടി. ഇംഗ്ലണ്ടിനുവേണ്ടി മോയിൻ അലിയും ബ്രോഡും മൂന്നുവിക്കറ്റ് വീതം നേടി. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാനായില്ല. ആദ്യ ഇന്നിങ്സ് പോലെ തകർന്ന് 132 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീതമെടുത്ത കെമർ റോഷും ക്യാപ്റ്റൻ ജേസൺ ഹോൾഡറുമാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ കുഴക്കിയത്. അൽസാരി ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിലും നാല് വിക്കറ്റെടുത്തിരുന്ന കെമർ റോഷിന്റെ അക്കൗണ്ടിൽ ഇതോടെ എട്ടു വിക്കറ്റായി. Content Highlights: Windies Win First Test Series Against England in 10 Years
from mathrubhumi.latestnews.rssfeed http://bit.ly/2RwPBe0
via
IFTTT
No comments:
Post a Comment