ന്യൂഡൽഹി: കശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവന് പകരംചോദിക്കുന്നത് ആളില്ലാവിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചന. ഒരിക്കൽ പരീക്ഷിച്ച മിന്നലാക്രമണം (സർജിക്കൽ സ്ട്രൈക്ക്) ആവർത്തിക്കുന്നത് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണിത്. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാൽ പാക് സൈന്യവും ഭരണകൂടവും ജാഗ്രതയിലാണ്. അതിർത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാൽ അക്കാര്യത്തിലും കരുതലോടെ നീങ്ങാനാണ് സൈനികതീരുമാനം. ആണവായുധങ്ങൾ ഇന്ത്യ ഉപയോഗിച്ചില്ലെങ്കിലും പാകിസ്താൻ ഉപയോഗിച്ചേക്കുമെന്നതിനാൽ അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണകൂടി ആർജിച്ച ശേഷമാവും കൂടുതൽ നീക്കം. വിശ്വാസം കാക്കാൻ സേന രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടിനൽകാൻ സേനയ്ക്ക് കേന്ദ്രം അനുവാദം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെനടന്ന യോഗത്തിൽ, തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും സ്വഭാവവും സംബന്ധിച്ച് തീരുമാനിക്കാൻ സൈനികമേധാവിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യം നൽകിയിരുന്നു. അതിനിടെ, ഓരോ തുള്ളി കണ്ണീരിനും പകരംചോദിക്കുമെന്ന് പ്രധാനമന്ത്രി ശനിയാഴ്ചയും ആവർത്തിച്ചു. ഈ വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ആക്രമണത്തിനാണ് ഉന്നത സൈനികതലത്തിൽ പദ്ധതി ആസൂത്രണംചെയ്യുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കരസേനയുടെ നേതൃത്വത്തിൽ എല്ലാ സേനകളെയും ഏകോപിപ്പിച്ച് ആളില്ലാവിമാനം ഉപയോഗിച്ചുള്ള ആക്രമണമായിരിക്കും ഉണ്ടാവുകയെന്ന് ഉന്നത സൈനികവൃത്തങ്ങൾ സൂചിപ്പിച്ചു. മിന്നലാക്രമണത്തിന് സമാനമായ ഇത് കൂടുതൽ സുരക്ഷിതമായിരിക്കും. സ്ഥലവും സമയവും അതിരഹസ്യമായിരിക്കും. കശ്മീരിന്റെ ഭൗമപരമായ സവിശേഷതകളാൽ പെട്ടെന്നുള്ള ഡ്രോൺ ആക്രമണം നേരിടുക പാകിസ്താന് എളുപ്പമാവില്ല. ലോകരാജ്യങ്ങളുടെ പിന്തുണ അന്താരാഷ്ട്രതലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ കരുനീക്കങ്ങളിലാണ് കേന്ദ്രഭരണകൂടം. ഭീകരർക്ക് സഹായം നൽകുന്നത് ഉടൻ നിർത്തണമെന്ന് അമേരിക്ക വെള്ളിയാഴ്ച പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ 48 രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണയറിയിച്ചു. നയതന്ത്രതലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്തിയ ശേഷമാവും ഇന്ത്യയുടെ പഴുതടച്ചനീക്കമെന്നാണ് വിലയിരുത്തൽ. പാകിസ്താനെതിരായ നീക്കങ്ങളെക്കുറിച്ച് ഡൽഹിയിലും ശ്രീനഗറിലും ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഉന്നതതലയോഗം നടന്നു. ഡൽഹിയിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ, റോ മേധാവി എ.കെ. ദാസമന, ഐ.ബി. അഡീഷണൽ ഡയറക്ടർ അരവിന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. രഹസ്യാന്വേഷണവിവരങ്ങളും പാകിസ്താന്റെ നീക്കങ്ങളുൾപ്പെടെയുള്ള കാര്യങ്ങളും തന്ത്രങ്ങളും യോഗം ചർച്ചചെയ്തു. ശ്രീനഗറിൽ സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ ആർ.ആർ. ഭട്നാഗറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജനറൽ, ഡി.ഐ.ജി.മാർ എന്നിവരുടെ യോഗം നാലുമണിയോടെ തുടങ്ങി. രാത്രി വൈകുംവരെ നീണ്ടു. സേനയുടെ തുടർപ്രവർത്തനങ്ങളാണ് അവലോകനം ചെയ്തത്. അവധി റദ്ദാക്കുന്നു പാകിസ്താനുമായി സംഘർഷസാധ്യത ഉയർന്ന സാഹചര്യത്തിൽ കരസേനയിൽ അവധിയിൽപോയവരെ തിരിച്ചുവിളിച്ചു തുടങ്ങി. മറ്റ് സൈനികവിഭാഗങ്ങളിലോ സി.ആർ.പി.എഫ്. പോലുള്ള അർധസൈനികവിഭാഗങ്ങളിലോ തിരിച്ചുവിളിക്കൽ തുടങ്ങിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ ഉത്തരവിറങ്ങുമെന്നാണ് വിവരം. വിഘടനവാദികളുടെ സുരക്ഷ പിൻവലിക്കും കശ്മീരിൽ ഹുറിയത്ത് കോൺഫറൻസ് ഉൾപ്പെടെയുള്ള വിഘടനവാദി സംഘടനകളുടെ നേതാക്കൾക്ക് സുരക്ഷയുടെ പേരിൽ സർക്കാർ നൽകിയിട്ടുള്ള സംരക്ഷണം പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐ.എസ്.ഐ.യുമായി ഇവർക്ക് ബന്ധമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്നാണിത്. ഇക്കാര്യത്തിൽ ജമ്മുകശ്മീർ ആഭ്യന്തരസെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. content highlights:Pulwama Terror Attack, no retaliation through surgical strike, may be a drone attack
from mathrubhumi.latestnews.rssfeed http://bit.ly/2V5cBmC
via
IFTTT
No comments:
Post a Comment