ചരിഞ്ഞതും ചരിയാത്തതുമായ ഗോപുരങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

ചരിഞ്ഞതും ചരിയാത്തതുമായ ഗോപുരങ്ങള്‍

നിറം കൊണ്ട് നിർവചിച്ചാൽ പച്ചയും ചുവപ്പും നിറങ്ങളാണ് പാർലമെന്റിൽ ലോക്സഭയെയും രാജ്യസഭയെയും അടയാളപ്പെടുത്തുന്നത്.പച്ചപ്പരവതാനി വിരിച്ച ലോക്സഭയും ചുവപ്പ് പരവതാനി വിരിച്ച രാജ്യസഭ. യുരണ്ട് സഭകളിലും അംഗങ്ങളുടെ ഇരിപ്പിടങ്ങളുടെ മുകൾത്തട്ടിലാണ് പ്രസ് ഗ്യാലറി. പത്രപ്രവർത്തകർക്ക് സഭാ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരുക്കിയ ഇരിപ്പിടങ്ങളാണ് പ്രസ് ഗ്യാലറിയുടെ ഉള്ളടക്കം. വൃത്താകാരത്തിൽ പച്ച വിരിച്ച ലോക്സഭാ ഹാളിലെ സ്വന്തം ഇരിപ്പിടത്തിന് മുന്നിൽ ആറടി ഉയരത്തിലേക്ക് എഴുന്നേറ്റ് നിൽക്കുന്ന ജോർജ് ഫെർണാണ്ടസിനെയാണ് അന്ന് പ്രസ് ഗ്യാലറിയിൽ എത്തിയപ്പോൾ ആദ്യം കണ്ടത്. മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ചാര നിറമുള്ള ഖദർ കുർത്ത ധരിച്ച ,മെലിഞ്ഞ് നിവർന്ന ഗോപുരം പോലെ ഒരാൾരൂപം. നെറ്റിക്ക് മുകളിൽ കിളിക്കൂട് തീർത്ത നരച്ച മുടിച്ചുരുൾ പ്രതിപക്ഷത്തിന് നേരെ വിരൽ ചൂണ്ടി ഹിന്ദിയിലും ഇംഗ്ലീഷിലും ജോർജ് ഫെർണാണ്ടസ് പ്രസംഗിക്കുകയാണ്. 2001 ന്റെ ഒടുവിലത്തെ മാസത്തെ ഒടുവിലത്തെ ദിവസങ്ങളായിരുന്നു അത്. ദേശീയരാഷ്ട്രീയം തീപിടിച്ചു നിൽക്കുന്നു.ശവപ്പെട്ടി കുംഭകോണം വാജ്പേയി സർക്കാരിനെ ഉലയ്ക്കുന്ന കാലം. 1999 ലെ കാർഗിൽ യുദ്ധകാലത്ത് കേന്ദ്ര സർക്കാർ ശവപ്പെട്ടി വാങ്ങിയതിൽ കോടികളുടെ ക്രമക്കേടുണ്ടെന്ന സി.എ.ജി.യുടെ റിപ്പോർട്ട് പാർലമെന്റിനകത്തും പുറത്തും എൻ.ഡി.എ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സമയം. സി.എ.ജി.റിപ്പോർട്ട് പുറത്തു വന്നതിന് തൊട്ടടുത്ത ദിവസം മുതൽ മുഴുവൻമാധ്യമങ്ങളിലും തലക്കെട്ടുകൾ ശവപ്പെട്ടി കുംഭകോണമായിരുന്നു. ബോഫോഴ്സ് കുംഭകോണത്തെച്ചൊല്ലിയുള്ള ആരോപണങ്ങൾക്ക് മറുപടിയെന്ന നിലയിൽ ശവപ്പെട്ടി കുംഭകോണത്തെ പ്രതിപക്ഷം ആയുധമാക്കിയപ്പോൾ പ്രതിരോധത്തിലായത് പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ്. അഴിമതിയെച്ചൊല്ലി പാർലമെന്റ് സ്തംഭിപ്പിച്ച് ദിവസങ്ങളോളം പ്രതിപക്ഷ ബഹളം.ലോക്സഭയിൽ പ്രതിപക്ഷ നോട്ടീസിൽ നടന്ന ചർച്ചയിൽ ഭരണ-പ്രതിപക്ഷ പോർവിളികൾ. ചർച്ചയ്ക്ക് ജോർജ് ഫെർണാണ്ടസ് മറുപടി പറയുന്ന രംഗമായിരുന്നു ലോക്സഭയിൽ അന്ന് കണ്ടത്. സൈന്യത്തിന്റെ ആവശ്യത്തിനായി ശവപ്പെട്ടികൾ വാങ്ങുമ്പോൾ ഞാൻ ചിത്രത്തിൽ ഒരിടത്തുമില്ല. പ്രതിരോധ സെക്രട്ടറിയുടെ തലത്തിലാണ് ഇത് സംബന്ധിച്ച നടപടി ക്രമങ്ങൾ ഉണ്ടായത്. സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പാർലമെന്റിൽ പ്രതിപക്ഷം ഉന്നയിക്കുമ്പോഴാണ് ഞാൻ വിഷയം അറിഞ്ഞത് തന്നെ -പ്രതിപക്ഷ ബഹളത്തിൽ ജോർജ്ജ് ഫെർണാണ്ടസിന്റെ ശബ്ദം ഉയർന്നെങ്കിലും വൈകാതെ ഉടഞ്ഞു പോയി.എന്നിട്ടും തനിക്ക് പറയാനുള്ളതെല്ലാം സഭയിൽ പറഞ്ഞിട്ടാണ് പഴയ തീപ്പൊരി അടങ്ങിയത്. തൊട്ടു പിന്നാലെ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലും ജോർജ് ഫെർണാണ്ടസ് തനിക്ക് നേരെ ഉയർന്ന ആരോപണങ്ങളെ രാഷ്ട്രീയപ്രേരിതമെന്ന് ആവർത്തിച്ച് പ്രതിരോധിച്ചു.ആരോപണത്തിൽ വ്യക്തിപരമായി വിഷമിക്കുന്നുണ്ടെന്ന് പത്രസമ്മേളനത്തിലുടനീളം വ്യക്തമായിരുന്നു. ശവപ്പെട്ടി കുംഭകോണം കടുത്ത രാഷ്ട്രീയവിഷയമായി പാർലമെന്റിനകത്തും പുറത്തും വളരുകയും സമരപരമ്പരകളുടെ വേലിയേറ്റം രാജ്യമാകെ പടരുകയും ചെയ്തതാണ് പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്. തെഹൽക കുംഭകോണവും ശവപ്പെട്ടി കുംഭകോണവും വാജ്പേയി സർക്കാരിന്റെ പ്രവർത്തന ചരിത്രത്തിലെ കളങ്കമായി രൂപപ്പെട്ടപ്പോൾ,പ്രതിച്ഛായയിൽ മങ്ങലേറ്റത് ജോർജ് ഫെർണാണ്ടസിനായിരുന്നു.തുടർന്ന് പ്രതിരോധമന്ത്രിസ്ഥാനത്തു നിന്നുള്ള രാജിയും കോലാഹലങ്ങളും അരങ്ങേറിയപ്പോൾ ജോർജ് ഫെർണാണ്ടസ് എന്ന പോരാളിയുടെ രാഷട്രീയവേലിയിറക്കത്തിന്റെ തുടക്കം കൂടിയായി. പിന്നീട് ഏഴ് വർഷങ്ങൾ കഴിഞ്ഞ് 2009- ൽ ശവപ്പെട്ടി കുംഭകോണ കേസിൽ കോടതി കുറ്റവിമുക്തനാക്കിയപ്പോഴേക്ക് ജോർജ് ഫെർണാണ്ടസിനെ രാഷ്ട്രീയഅസ്തമയം പിടികൂടിക്കഴിഞ്ഞിരുന്നു. എനിക്ക് ഒരു ക്ലീൻ ചിറ്റിന്റെയും ആവശ്യമില്ല. പെട്ടി വാങ്ങുന്നത് സംബന്ധിച്ച ഒരു ഫയലും എന്റെ മേശപ്പുറത്ത് വന്നിട്ടില്ല.അനാവശ്യ ആരോപണങ്ങളുയർത്തിയ കോൺഗ്രസ് മാപ്പ് പറയണം .അവർ പറയുമെന്ന് ഞാൻ കരുതുന്നില്ല എന്നായിരുന്നു കോടതി കുറ്റ വിമുക്തനാക്കിയപ്പോൾ ജോർജ് ഫെർണാണ്ടസിന്റെ പ്രതികരണം.അപ്പോഴേക്ക് കാലമേറെ ഒഴുകിപ്പോയിരുന്നു.ശവപ്പെട്ടി കുംഭകോണത്തിൽ സംഭവിച്ചതെന്തെന്നറിയാതെ ജനങ്ങൾക്കിടയിൽ കുറെ സംശയങ്ങൾ പിന്നെയും ബാക്കി. മൂന്ന് ഘട്ടങ്ങൾ എല്ലാ മനുഷ്യരെയും പോലെ ജോർജ്ജ് ഫെർണാണ്ടസിന്റെ ജീവിതത്തിനും മൂന്ന് ഘട്ടങ്ങളുണ്ട്. ജോർജ്ജ് ഫെർണാണ്ടസിന്റെ ജീവിതത്തിലെ ഈ ഘട്ടങ്ങളെ രാഷ്ട്രീയ ജീവിതവുമായി ചേർത്ത് വിഭജിക്കുകയാണ് ചരിത്രവിദ്യാർഥികൾക്ക് സൗകര്യം. അനുഭവ തീക്ഷ്ണതയും നിശ്ചയ ദാർഢ്യങ്ങളും ആശയസ്ഥിരതയുമായി ,അടിത്തട്ടിളക്കുന്ന സമരപരമ്പര കൊണ്ട് അധികാരത്തെ വിറപ്പിച്ച കൗമാര-യൗവനങ്ങളാണ് ആദ്യ ഘട്ടം. ദേശീയ രാഷ്ട്രീയത്തിന്റെയും ഭരണസംവിധാനത്തിന്റെയും കടിഞ്ഞാൺ ചരടുകൾ മുറുകിപ്പിടിച്ച മധ്യകാലം രണ്ടാം ഘട്ടം, അനുരഞ്ജനത്തിന്റെയും വഴങ്ങലുകളുടെയും അസ്തമയത്തിന്റെയും കാലമായ മൂന്നാം ഘട്ടം. ഇപ്പോൾ അമ്പത് വയസ്സിലെത്തിയ ഇന്ത്യൻതലമുറ ഇതിൽ മൂന്നാം ഘട്ടത്തിനാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്.മറ്റ് രണ്ട് ഘട്ടങ്ങളും വായിച്ചറിവ് മാത്രം. ബോംബെയിലെ തെരുവുകളിൽ ഉറങ്ങിയും ചായക്കടത്തൊഴിലാളികളെ സംഘടിപ്പിച്ചും സമരം നടത്തിയും ജയിലിൽ പോയും മർദ്ദനമേറ്റും ആരംഭിച്ച പൊതുജീവിതം പിന്നീട് രാജ്യത്തെ റെയിൽവെ സംവിധാനത്തെ ചൂണ്ടുവിരലാൽ പിടിച്ചു നിർത്തി രാജ്യത്തെ ഒന്നടങ്കം സ്തംഭിപ്പിച്ച നേതാവിന്റേതായി. ജോർജ് ഫെർണാണ്ടസ് അക്കാലത്തെ ആരാധകർക്ക് മറ്റൊരു ചെഗുവേരയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. സോഷ്യലിസ്റ്റ് ആദർശങ്ങളിൽ ആകൃഷ്ടരായ അന്നത്തെ യുവാക്കൾ നിത്യറെബലായ ജോർജിന്റെ ചിത്രം വീട്ടുമുറികളിൽ തൂക്കിയിരുന്നുവെന്ന് മുതിർന്നവർ ഓർക്കുന്നുണ്ടാകണം. ബറോഡ ഡൈനാമിറ്റ് കേസ്,അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ സംഭവങ്ങൾ ജോർ്ജ്ജ് ഫെർണാണ്ടസിന്റെ ജീവിതത്തിന് സംഭവബഹുലമായ നാടകീതയേറ്റുന്നു.അടിയന്തരാവസ്ഥക്കാലത്തെ ഒരു വർഷം നീണ്ട ഒളിവ് ജീവിതം,ഒടുവിൽ കൽക്കട്ടയിൽ നിന്ന് അറസ്റ്റ്.കയ്യാമം വച്ച കൈകളുയർത്തി അഭിവാദ്യം ചെയ്യുന്ന ജോർജിന്റെ ചിത്രം ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു.തൊഴിലാളി നേതാവിൽ നിന്ന് ഭരണാധികാരിയിലേക്കുള്ള പരിണാമത്തിലും ആദ്യഘട്ടങ്ങളിൽ ജോർജ് ഫെർണാണ്ടസിന് വിപ്ലവകാരിയുടെ വിലാസമായിരുന്നു. 1977 ൽ വ്യവസായ മന്ത്രിയായിരിക്കുമ്പോൾ,വിദേശ നിക്ഷേപ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കൊക്കോ കോള,ഐ.ബി.എം എന്നീ ബഹുരാഷ്ട്ര കമ്പനികളോട് രാജ്യം വിടാൻ ആവശ്യപ്പെട്ടപ്പോൾ പോരാളിയുടെ പരിവേഷത്തിന് .ജോർജ് ഫെർണാണ്ടസ് എന്ന സോഷ്യലിസ്റ്റിന്റെ ധീരമായ നടപടിയായി അന്നത്തെ ചുവരുകളിൽ അത് ഇടംപിടിച്ചു .ബഹുരാഷ്ട്രകുത്തക കമ്പനികൾക്കെതിരെ സ്വതന്ത്ര ഇന്ത്യയിലെ പ്രധാനപ്പെട്ട ഭരണപരമായ നീക്കങ്ങളിലൊന്ന്. ഭരണവുമായി ബന്ധപ്പെട്ട ക്രിയാത്മക മേഖലകളിലും ജോർജ്ജ് ഫെർണാണ്ടസിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. 1990 ൽ കൊങ്കൺ റെയിൽവെ യാഥാർഥ്യമാക്കാൻ പാതയൊരുക്കിയത് 1989-90 കാലത്ത് വി.പി.സിംഗ് സർക്കാരിൽ റെയിൽവെ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസായിരുന്നു.1970 കൾ മുതൽ കൊങ്കൺ പദ്ധതി കടലാസിൽ ഉറങ്ങുകയായിരുന്നു .മന്ത്രിയായി ചുമതലയേറ്റ ദിവസം തന്നെ റെയിൽഭവനിൽ ഉദ്യോഗസ്ഥരെ വിളിച്ചു ചേർത്ത് പുതിയ റെയിൽമന്ത്രി പങ്കുവച്ചത് രണ്ട് സ്വപ്നങ്ങളാണ് :കൊങ്കൺ പാതയും ബിഹാറിലെ ബാഗ-ചിറ്റോണി പാതയും.1990 ജൂൺ 30 ന് സർവീസിൽ നിന്ന് വിരമിച്ച ഇ.ശ്രീധരനെ തിരികെ ക്ഷണിച്ച് കൊങ്കൺ റെയിൽ കോർപ്പറേഷൻ ചെയർമാനാക്കിയതും പദ്ധതിക്ക് വേഗമേറ്റിയതും അക്കാലത്ത് തന്നെ. ഈ പറഞ്ഞതത്രയും മുൻതലമുറകൾ കണ്ട ജോർജ് ഫെർണാണ്ടസ് . ആർജ്ജവമുള്ള ഈ കാലത്ത് നിന്ന് ആശയങ്ങളിലും ആദർശങ്ങളിലും പതറിപ്പോയ ജോർജ് ഫെർണാണ്ടസിനെയാണ് അതിന് ശേഷം പിൽക്കാല തലമുറ കണ്ടത്.തികഞ്ഞ സോഷ്യലിസ്റ്റായിരുന്ന ജോർജ് ഫെർണാണ്ടസ്,ഒരു കാലത്ത് താൻ എതിർക്കുകയും അനുകൂലിക്കുകയും ചെയ്ത ആശയങ്ങളുടെ സഹചാരിയായി മാറുന്ന കാഴ്ചയ്ക്കാണ് രണ്ടായിരത്തിലെ യുവാക്കൾ സാക്ഷ്യം വഹിച്ചത്. 1977 ലെ ജനതാ സർക്കാരിന്റെ ഭരണകാലത്ത് ജനതാമന്ത്രിസഭയിലെ ജനസംഘ് മന്ത്രിമാർ ആർ.എസ്.എസുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന വാദമുയർത്തിയ ജോർജ് ഫെർണാണ്ടസ് പിന്നീട് ,ആർ.എസ്.എസ്ആശയവും ബി.ജെ.പിപ്രായോഗികതയും നേതൃത്വം നൽകിയ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായി. മുൻനിര നേതാവായി.മന്ത്രിയായി എന്നത് രാഷ്ട്രീയവൈരുധ്യം.അന്ന് ആർ.എസ്.എസ് ബന്ധം വിടില്ലെന്ന് പ്രഖ്യാപിച്ച വാജ്പേയിയുടെയും അദ്വാനിയുടെയും കീഴിൽ അഞ്ച് വർഷം മന്ത്രിയായിരിക്കാനും എൻ.ഡി.എ സഖ്യത്തിന്റെ ചുക്കാൻ പിടിക്കാനും അദ്ദേഹം മടിച്ചില്ല.രാഷ്ട്രീയത്തിൽ നിത്യശത്രുക്കളില്ലെന്ന വാദം ഉയർത്തി ന്യായീകരിക്കാമെങ്കിലും,അതിശക്തമായ കോൺഗ്രസ് വിരോധമാണ് അതിന് കാരണമെന്ന് ന്യായീകരിക്കാമെങ്കിലും,ഈ നിലപാട്മാറ്റങ്ങൾ ജോർജ് ഫെർണാണ്ടസ് എന്ന ഗോപുരത്തിന്റെ ചരിയലായിരുന്നു. 1999 മുതൽ 2004 വരെയുള്ള വാജ്പേയി ഭരണകാലത്ത് എൻ.ഡി.എ.യുടെ കൺവീനർ ജോർജ് ഫെർണാണ്ടസായിരുന്നു.വാജ്പേയി സർക്കാരിന്റെ പ്രധാനമുഖങ്ങളിലൊന്ന് .ഗുജറാത്ത് കലാപകാലത്ത് മൗനം പാലിച്ചും അയോധ്യാ വിഷയത്തിൽ നിലപാട് പറയാതെയും ബി.ജെ.പിയുടെ ഇഷ്ടക്കാരനായപ്പോൾ ആ ഗോപുരത്തിന്റെ ചരിയലിന് ആക്കം കൂടി. 2002 ൽ എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനുള്ള നിർണായക ചർച്ചകൾ ഡൽഹിയിൽ നടക്കുമ്പോഴാണ് ജോർജ് ഫെർണാണ്ടസിന്റെ സംഘാടക സാമർഥ്യം ഒരിക്കൽ കൂടി നേരിൽ കണ്ടത്. പ്രധാനമന്ത്രിയുടെ വസതിയിലും ജോർജ് ഫെർണാണ്ടസിന്റെ ഔദ്യോഗിക വസതിയിലുമായിരുന്നു രാഷ്ട്രപതി സ്ഥാനാർഥിയെക്കുറിച്ചുള്ള പ്രധാന ചർച്ചകൾ അരങ്ങേറിയത്.രണ്ട് ദിവസം നീണ്ടുപോയ ചർച്ചകൾ.ചർച്ചകളിൽ നിന്ന് വെളുത്ത പുക ഉയരുന്നത് കാത്ത് ഡൽഹിയിലെ കൃഷ്ണമേനോൻ മാർഗ്ഗിലെ മൂന്നാം നമ്പർ വസതിയിൽ പത്രപ്രവർത്തക സംഘം പകലിരവ് കാത്ത് നിൽപായി.ജൂൺ 9 നും 10 നും മുഴുനീള ചർച്ചകൾ. മഹാരാഷ്ട്ര മുൻ ഗവർണർ പി.സി.അലക്സാണ്ടറെ രാഷ്ട്രപതി സ്ഥാനാർഥിയാക്കാനായിരുന്നു ബി.ജെ.പിയുടെ ആദ്യ നീക്കം.അന്നത്തെ പാർലമെന്ററി കാര്യമന്ത്രിയും വാജ്പേയിയുടെ വിശ്വസ്തനുമായിരുന്ന പ്രമോദ് മഹാജനായിരുന്നു ഈ നിർദേശം ഉയർത്തിയത് എന്നാൽ ഈ നീക്കത്തെ അന്ന് എൻ.ഡി.എ.യുടെ ഭാഗമായിരുന്ന, ടി.ഡി.പി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എതിർത്തു. ഉപരാഷ്ട്രപതിയായിരുന്ന കൃഷൻകാന്തിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്നായിരുന്നു നായിഡുവിന്റെ നിലപാട്. അലക്സാണ്ടറോട് കോൺഗ്രസിനും എതിർപ്പായിരുന്നു. അതോടെ ആദ്യ ദിവസത്തെ ചർച്ച അലസിപ്പിരിഞ്ഞു. രണ്ടാം ദിവസമാണ് നാടകീയ നീക്കങ്ങൾ രംഗം പിടിച്ചത്.അപ്രതീക്ഷിതമായി ഏ.പി.ജെ അബ്ദുൾ കലാമിന്റെ പേര് ഉയർത്തി സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും ബി.ജെ.പി അമ്പരപ്പിച്ചു.കലാമിന്റെ പേരിനോട് പെട്ടെന്നു തന്നെ സഖ്യകക്ഷികൾ യോജിച്ചു.ചെന്നൈയിൽ അണ്ണാ സർവകലാശാലയിൽ പ്രഭാഷണത്തിന് പോയ അബ്ദുൾ കലാമിനെ ടെലിഫോണിൽ ബന്ധപ്പെട്ട പ്രധാനമന്ത്രി ഏ.ബി.വാജ്പേയി സ്ഥാനാർഥിയാകണമെന്ന അഭ്യർഥന മുന്നോട്ടു വച്ചു.മറുപടി പറയാൻ രണ്ട് മണിക്കൂർ സാവകാശം വേണമെന്ന് കലാം തിരികെ അഭ്യർഥിച്ചു.അക്കാലത്ത് ടെലിവിഷൻ ചാനലുകളുടെ പ്രളയം ഇത്രയും ഇല്ലാതിരുന്നിട്ടും മനസ്സിൽ ബ്രേക്കിംഗ് ന്യൂസുകൾ പലവട്ടം എഴുതിയും തിരുത്തിയും പത്രപ്രവർത്തകർ തങ്ങളുടെ ആകാംക്ഷ , ജോർജ് ഫെർണാണ്ടസിന്റെ വീട് മുഴുവൻ നടന്നുതീർത്തു ! അവിടെ വീട്ടുകാരനായും സംഘാടകനായും ജോർജ് ഫെർണാണ്ടസ്.ഒപ്പം പ്രമോദ് മഹാജനും.രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ,കലാമിന്റെ അനുകൂല മറുപടി എത്തി.ക്യാംപ് ഉഷാറായി.സോണിയാഗാന്ധിയോടും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഡോ.മൻമോഹൻ സിംഗിനോടും പ്രധാനമന്ത്രിയുടെ വസതിയിൽ വച്ച് വാജ്പേയി നേരിട്ട് സംസാരിച്ച് പിന്തുണ ഉറപ്പാക്കി.തൊട്ടു പിന്നാലെ ജോർജ് ഫെർണാണ്ടസിന്റെ വീട്ടിൽ പത്ര സമ്മേളനം ആരംഭിച്ചു.എൻ.ഡി.എ കൺവീനർ ജോർജ് ഫെർണാണ്ടസ്,പാർലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജൻ,ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതി എന്നിവരുടെ സംയുക്ത പത്രസമ്മേളനം. കലാമിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പിൽ കലാം വിജയിച്ചു.ജൂലായ് 25 ന് കലാം രാഷ്ട്രപതിയായി ചുമതലയേറ്റു.ജോർജ് ഫെർണാണ്ടസ് ഊർജ്ജമായി നിലകൊണ്ട ആ നാളുകൾ അദ്ദേഹത്തിന്റെ പഴയകാലത്തെ താൽക്കാലികമായി തിരിച്ചു പിടിച്ചു. എന്നാൽ 2004 ൽ ഭരണം നഷ്ടമായതോടെ വാജ്പേയിക്കും ജോർജ് ഫെർണാണ്ടസിനും മുന്നിൽ രാഷ്ട്രീയസന്ധ്യയെത്തി. മുന്നണിക്ക് ഭരണം നഷ്ടപ്പെട്ടെങ്കിലും ബിഹാറിലെ മുസഫർപൂർ മണ്ഡലത്തിൽ നിന്ന് ജോർജ് ഫെർണാണ്ടസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു.ജോർജിന്റെ പ്രിയപ്പെട്ട മണ്ഡലം കൈവിട്ടില്ല. ബിഹാറിലെ ഇടത്തരം നഗരപ്രദേശമായ മുസഫർപുറായിരുന്നു ജോർജിന്റെ ഇഷ്ടമണ്ഡലം.1977 മുതൽ 2004 വരെ അഞ്ച് വട്ടം ഈ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.ബറോഡ ഡൈനാമിറ്റ് ഗൂഢാലോചനകേസുമായി ബന്ധപ്പെട്ട് മുസഫർപുർ ജയിലിലടച്ച കാലം മുതൽ ആ പ്രദേശത്തോട് ജോർജിന് വൈകാരിക അടുപ്പമുണ്ട്.77 ൽ ആ ജയിലിൽ കിടന്നാണ് ജോർജ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ ജയിച്ചത്.മണ്ഡലത്തിലെ പഴയ തലമുറയ്ക്ക് ഇപ്പോഴും ജോർജ്ജ് ആവേശമാണ്.ദൂരദർശൻ കേന്ദ്രം,കാന്തി തെർമൽ പവർ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രപദ്ധതികൾ മണ്ഡലത്തിലേക്ക് കൊണ്ടു വന്നത് ജോർജാണ്.എന്നാൽ മുസഫർപൂരിലെ പുതിയ തലമുറയ്ക്ക് ജോർജ് ഫെർണാണ്ടസ് ഒരു കഥ പോലുമല്ല. മംഗലാപുരത്തുകാരനായ ഒരു ദക്ഷിണേന്ത്യന് ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ വേരോട്ടമുണ്ടാക്കാൻ കഴിയുക എന്ന അസാധ്യത, സാധ്യതയിലേക്ക് വഴിമാറിയത് ജോർജ് ഫെർണാണ്ടസിന്റെ വ്യക്തിപ്രഭാവം മൂലമാണ്. എന്ന് സമ്മതിക്കാതെ തരമില്ല. ജീവിതത്തിലെകൊടിയിറക്കം 2004 ന് ശേഷം ജനതാ പ്രസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് മുന്നണികളിലുമുണ്ടായ പിളർപ്പുകൾ ജോർജ് ഫെർണാണ്ടസിന്റെ രാഷ്ട്രീയജീവിതത്തിലും കൊടിയിറക്കമുണ്ടാക്കി.1994 ൽ മുൻകയ്യെടുത്ത് ഉണ്ടാക്കിയ സമതാ പാർട്ടി പിന്നീട് ജനതാദൾ (യുണൈറ്റഡ് ) ആയപ്പോഴേക്ക് നേതൃത്വം നിതീഷ് കുമാറിലേക്ക് എത്തുകയും ജോർജ് ഫെർണാണ്ടസ് തലപ്പൊക്കമുള്ള നേതാക്കളുടെ പതിവ് വിധിയിലേക്ക് ഓരം ചേരുകയും ചെയ്തു.ക്ഷയിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യവും ഇതിന് ആക്കം കൂട്ടി.2009 ൽ മത്സരിക്കാൻ ഒരു സീറ്റ് പോലും കിട്ടാതെ പഴയ വിപ്ലവകാരി ക്ഷീണിച്ചു.നിതീഷ് മുസഫർപൂർ മണ്ഡലം നിതീഷ് മറ്റൊരു സ്ഥാനാർഥിക്ക് നൽകി.ഒടുവിൽ ഗത്യന്തരമില്ലാതെ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ ജോർജ്ജ് ഫെർണാണ്ടസിനെ പുതിയ തലമുറ പാടെ കൈവിട്ടു.22,804 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി.പഴയ ജോർജ് ഫെർണാണ്ടസിനെ ഓർമയിൽ സൂക്ഷിച്ച ഇരുപതിനായിരത്തിലേറെ ആരാധകർ അപ്പോഴും മുസഫർപൂരിൽ ഉണ്ടായിരുന്നു എന്ന തെളിവിനപ്പുറം തിരഞ്ഞെടുപ്പ്മത്സരക്കളം മറ്റൊന്നും നൽകിയില്ല. നിതീഷ് ജോർജിനെ പൂർണമായും കൈവിട്ടു എന്ന് പറയാനാവില്ല.മറവി രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ പഴയനേതാവ് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നൽകിയപ്പോൾ നിതീഷ് എതിർത്തില്ല.ജോർജ് ഫെർണാണ്ടസ് ബിഹാറിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.എന്നാൽ മറവിയുടെ ഇരുട്ടിലേക്ക് നൂണ്ടു തുടങ്ങിയ അദ്ദേഹത്തിന് അധികകാലം രാജ്യസഭയിൽ തുടരാനായില്ല.മറവി ജോർജ് ഫെർണാണ്ടസിനെ വിഴുങ്ങിയതിനെക്കാൾ വേഗത്തിൽ പൊതുസമൂഹം ജോർജിനെ മറന്നു. 2010 ന്റ തുടക്കത്തിലെപ്പോഴോ ഒന്നോ രണ്ടോ ദിവസം മാത്രം രാജ്യസഭാ ഹാളിലെത്തിയ ജോർജ്ജ് ഫെർണാണ്ടസ് പിന്നീട് പൊതുവേദിയിലെത്തിയില്ല. ഒരു വിപ്ലവക്കാറ്റ് മറവിയുടെ കരിമ്പടത്തിനുള്ളിൽ പതുങ്ങി.ഇടക്ക് വ്യക്തിജീവിതവുമായി ബന്ധപ്പെട്ടുണ്ടായ കേസും തർക്കങ്ങളും ജോർജ് ഫെർണാണ്ടസെന്ന വലിയ ചരിത്രത്തിലെ നിറം കെട്ട ഏടുകളായി.ജോർജ് ഫെർണാണ്ടസെന്ന നേതാവ് ജീവിച്ചിരിക്കുമ്പോൾ തന്നെ മറക്കപ്പെട്ടു ;സ്വയവും മറ്റുള്ളവരാലും പതിവ് പോരെ വരണ്ട രാഷ്ട്രീയക്കാരനായിരുന്നില്ല ജോർജ് ഫെർണാണ്ടസ്.തികഞ്ഞ കാല്പനികനും പ്രായോഗികവാദിയും എന്ന വിരുദ്ധ താൽപര്യങ്ങളുടെ അപൂർവ ചേർച്ചയായിരുന്നു അദ്ദേഹം.രാഷ്ട്രീയക്കാരുടെ പതിവ് ചേരുവകൾക്കപ്പുറം വിപ്ലവകാരിയും പോരാളിയും എഴുത്തുകാരനും പ്രായോഗികവാദിയും കാമുകനുമായിരുന്നു. ദീർഘകാലം നിവർന്ന് നിന്ന മനുഷ്യഗോപുരങ്ങൾ പൊടുന്നനെ ചരിയുന്നതെന്തെന്ന ചോദ്യമാണ് ജോർജ് ഫെർണാണ്ടസിന്റെ ജീവിതം ഉയർത്തുന്നത്.രാം മനോഹർ ലോഹ്യയും ജയപ്രകാശ് നാരായണനും രൂപപ്പെടുത്തിയ രാഷ്ട്രീയാദർശം ഇന്ദിരാഗാന്ധിക്കും അടിയന്തരാവസ്ഥക്കുമെതിരെ പോരാടി ദൃഢമാക്കിയതിന്റെ ചരിത്രമാണ് ജോർജ്ജ് ഫെർണാണ്ടസിനുള്ളത്. എന്നാൽ അതിൽ വിട്ടു വീഴ്ച ചെയ്തും വെള്ളം ചേർത്തും ഭരണാധികാരത്തിന്റെ കൈപിടിക്കാൻ തുടങ്ങിയപ്പോൾ ജോർജ് ഫെർണാണ്ടസ് എന്ന പോരാളിയുടെ ജീവിതകഥയുടെ ദിശമാറി. അധികാരഭ്രമം ജോർജ്ജ് ഫെർണാണ്ടസിനെ ബാധിച്ചെന്ന് കരുതുന്നതിനെക്കാൾ ,ആർക്കൊക്കെയോ വേണ്ടി ഒരു ഇതിഹാസസമാന ജീവിതം അവസാന ഘട്ടങ്ങളിൽ വഴങ്ങിക്കൊടുത്തു എന്ന്കരുതുകയാവും എളുപ്പം-കൊടുങ്കാറ്റുകൾക്കിടയിലും ചരിയാത്ത ചില ഗോപുരങ്ങൾ രാഷ് ട്രീയത്തിലും പൊതുജീവിതത്തിലും ബാക്കി നിൽക്കെ തന്നെ. എങ്കിലും ജോർജ് ഫെർണാണ്ടസ് ഇന്ത്യൻ രാഷ്ട്രീയത്തിന് മറക്കാവുന്ന അധ്യായമല്ല. Content Highlights:The Political Life of George Fernandes


from mathrubhumi.latestnews.rssfeed http://bit.ly/2HPHvh4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages