റഫാൽ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ട ആരോപണപ്രത്യാരോപണങ്ങൾ മുറുകവേ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട് ബുധനാഴ്ച പാർലമെന്റിൽവെച്ചു. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ വില * എൻ.ഡി.എ. സർക്കാർ ഫ്രഞ്ച് സർക്കാരുമായുണ്ടാക്കിയ കരാർ യു.പി.എ. സർക്കാർ ഉണ്ടാക്കാനിരുന്ന കരാറിനെക്കാൾ 2.86 ശതമാനം ചെലവുകുറഞ്ഞതാണ് * പറക്കലിനു പൂർണസജ്ജമായ, അടിസ്ഥാനസൗകര്യം മാത്രമുള്ള 36 വിമാനങ്ങൾ 2007-ൽ വാഗ്ദാനം ചെയ്തിരുന്നതിനെക്കാൾ ഒമ്പതുശതമാനം കുറഞ്ഞ വിലയ്ക്കുവാങ്ങാനാണ് 2016-ൽ കരാറായത് എന്ന പ്രതിരോധമന്ത്രാലയത്തിന്റെ വാദം സി.എ.ജി. തള്ളി * ആകെ 14 ഘടകങ്ങൾ ഉൾപ്പെട്ട ആറു വ്യത്യസ്ത പാക്കേജുകളടങ്ങിയതാണ് റഫാൽ കരാർ. കരാറുണ്ടാക്കിയപ്പോൾ ഇതിലെ ഘടകങ്ങൾക്ക്, കരാർ ചർച്ച ചെയ്തപ്പോഴുള്ളതിനെക്കാൾ കൂടിയ വിലയായിരുന്നു. കരാർ ഒപ്പിട്ടപ്പോൾ ആ സമയത്തെ അന്താരാഷ്ട്രവിപണിവിലയാണ് (അലൈൻഡ് പ്രൈസ്) കണക്കാക്കിയത്. * പ്രത്യേക സജ്ജീകരണങ്ങളൊന്നുമില്ലാത്ത വിമാനമുൾപ്പെടെയുള്ള മൂന്നു ഘടകങ്ങൾ അലൈൻഡ് പ്രൈസിനു വാങ്ങി. നാലിനങ്ങൾ ഇതിനെക്കാൾ കുറഞ്ഞ വിലയ്ക്കാണ് വാങ്ങിയത് കൈമാറ്റം * എൻ.ഡി.എ. സർക്കാർ ഫ്രാൻസുമായി ഒപ്പിട്ട അന്തർ സർക്കാർ ഉടമ്പടി (ഐ.ജി.എ.) പ്രകാരം വിമാനം പഴയതിലും നേരത്തേ കൈമാറും. പഴയ കരാർ ഒപ്പിട്ടിരുന്നെങ്കിൽ കിട്ടുമായിരുന്നതിനെക്കാൾ ഒരുമാസം മുമ്പേ വിമാനം കിട്ടും. ഇന്ത്യയ്ക്കാവശ്യമായരീതിയിൽ സജ്ജീകരിച്ച വിമാനം 72 മാസംകൊണ്ട് കൈമാറുമെന്നാണ് 2007-ലെ വാഗ്ദാനത്തിലുള്ളത്. ഇത് 71 മാസംകൊണ്ട് നൽകുമെന്നാണ് 2016-ലെ കരാറിലുള്ളത്. * കരാറൊപ്പിട്ട് അമ്പതാം മാസം 18 വിമാനങ്ങൾ കൈമാറുമെന്നാണ് 2007-ലെ വാഗ്ദാനം. ബാക്കി 18 എണ്ണം നിർമിക്കാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എൽ.) ലൈസൻസ് നൽകും. കരാറൊപ്പിട്ട് 49 മുതൽ 72 വരെ മാസംകൊണ്ട് എച്ച്.എ.എൽ. ഇതുനിർമിച്ച് കൈമാറും. എന്നാൽ, ആദ്യ 18 വിമാനങ്ങൾ ഐ.ജി.എ. ഒപ്പിട്ട് 36 മുതൽ 53 വരെ മാസംകൊണ്ട് കൈമാറും. ബാക്കി 18 എണ്ണം 67 മാസംകൊണ്ടും നൽകും. ഗാരന്റി * നിയമമന്ത്രാലയത്തിന്റെ ഉപദേശപ്രകാരം പ്രതിരോധമന്ത്രാലയം ഫ്രഞ്ച് സർക്കാരിൽനിന്ന് സോവറിൻ ഗാരന്റി (വാങ്ങുന്ന വിമാനത്തിന് കേടുപാടുകളുണ്ടായാൽ അതു പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന നിയമപരമായ ഉറപ്പ്) ആവശ്യപ്പെട്ടു. എന്നാൽ, ഫ്രഞ്ച് സർക്കാർ 'ലെറ്റർ ഓഫ് കംഫർട്ട്' (ബാധ്യത ഏറ്റെടുക്കുമെന്ന ഉറപ്പുതന്നെയാണ് ഇതെങ്കിലും നിയമത്തിന്റെ പിൻബലമില്ല) മാത്രമാണ് നൽകിയത്. * ഇടപാടിനുള്ള പണം കൈമാറാൻ പ്രത്യേക അക്കൗണ്ട് (എസ്ക്രൗ അക്കൗണ്ട്) തുറക്കണമെന്ന് പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ഫ്രാൻസ് തയ്യാറായില്ല. * 2007-ലെ വാഗ്ദാനത്തിൽ, ദസൊ ഏവിയേഷന് പ്രത്യേകനിർവഹണ, സാമ്പത്തിക ഗാരന്റികൾ നൽകിയിരുന്നു. ആകെ കരാർത്തുകയുടെ 25 ശതമാനത്തോളമായിരുന്നു ഇത്. * ദസൊ ഏവിയേഷൻ ഇത് കരാർത്തുകയുടെ ഭാഗമാക്കി. എന്നാൽ, 2016-ലെ കരാറിൽ ഇത്തരം ഗാരന്റിയോ വാറന്റിയോ ഉണ്ടായിരുന്നില്ല. സാങ്കേതികത * ഇന്ത്യയ്ക്കു പ്രത്യേകമായി റഫാലിലുണ്ടാക്കിയ സജ്ജീകരണങ്ങളിൽ നാലെണ്ണം ആവശ്യമില്ലാത്തതാണ്. ഇവയുടെ ആവശ്യമില്ലെന്ന് 2010-ൽ നടത്തിയ വിലയിരുത്തലിൽ വ്യോമസേന വ്യക്തമാക്കിയിരുന്നു. * എന്നാൽ, വ്യോമസേന വേണ്ടെന്ന് പലവട്ടം പറഞ്ഞിട്ടും സാധ്യത വിലയിരുത്താനായി ഉൾപ്പെടുത്തുകയായിരുന്നു. * വിമാനത്തിലെ എയർ സ്റ്റാഫ് ക്വാളിറ്റേറ്റിവ് റിക്വയർമെന്റ്സ് (എ.എസ്.ക്യു.ആർ.എസ്.) വ്യോമസേന വേണ്ടവണ്ണം വ്യക്തമാക്കിയില്ല. അതുകൊണ്ട് കാരാറിലേർപ്പെടാനെത്തിയ വിമാനനിർമാണ കമ്പനികൾക്കൊന്നും അത് പൂർണമായും സജ്ജമാക്കാനായില്ല. * എ.എസ്.ക്യു.ആർ.എസ്. വ്യോമസേന പലവട്ടം മാറ്റി. അത് വിമാനങ്ങളുടെ സാങ്കേതികയും വിലയും അവലോകനം ചെയ്യുന്നതിന് പ്രയാസമുണ്ടാക്കി. ഇത് ടെൻഡർ പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിച്ചു. * വിമാനം വാങ്ങൽ പ്രക്രിയ വൈകിപ്പിക്കുന്നതിനിടയാക്കിയ പ്രധാനകാരണങ്ങളിലൊന്ന് ഇതാണ്. * സാങ്കേതികതാ വിലയിരുത്തൽ പ്രക്രിയ നിഷ്പക്ഷവും നീതിയുക്തവും സ്ഥിരതയുള്ളതുമായിരുന്നോ എന്നകാര്യം സാങ്കേതികതാ വിലയിരുത്തൽ റിപ്പോർട്ടിൽനിന്ന് വ്യക്തമല്ല. * ഇന്ത്യയുമായി ഇടപാടുനടത്തുന്നതിൽ കമ്പനികളുടെ പ്രതികരണം തണുപ്പനായിരുന്നു. അത് മത്സരമില്ലാതാക്കി. ഒന്നരവർഷത്തിലേറെയെടുത്താണ് സി.എ.ജി. റിപ്പോർട്ട് തയ്യാറാക്കിയത്. ദസൊ ഏവിയേഷനുമായി മത്സരിക്കാനെത്തിയ കമ്പനികൾ നൽകിയ വാഗ്ദാനങ്ങൾ സി.എ.ജി. വിലയിരുത്തിയും മറ്റു യുദ്ധവിമാനങ്ങളുടെ വിലയും റഫാലിന്റേതുമായി താരതമ്യം ചെയ്തുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. CONTENT HIGHLIGHTS:CAG report on Rafale deal tabled in Parliament: Key points
from mathrubhumi.latestnews.rssfeed http://bit.ly/2GEZeWc
via
IFTTT
No comments:
Post a Comment