ഭീകരരാക്രമണങ്ങൾ ലോകശ്രദ്ധയിലേക്കും ചർച്ചകളിലേക്കും വീണ്ടും ഗൗരവമായി കടന്നുവരുന്നതിനിടെയാണ് സ്വരാജ്യങ്ങളിലേക്ക് മടങ്ങി വരവ് അസാധ്യമായി തീർന്ന്, പൗരത്വം നിഷേധിക്കപ്പെട്ട ഐഎസ് പ്രവർത്തകരായ രണ്ട് യുവതികൾ വാർത്തകളിൽ ഇടം നേടുന്നത്. ഇരുവരും വീടും രാജ്യവുമുപേക്ഷിച്ച് ലോകത്തിനെതിരെ പൊരുതാൻ ഇറങ്ങിപ്പുറപ്പെട്ടവർ. ബ്രിട്ടൻ, അമേരിക്ക സ്വദേശികളായ ഇരുവർക്കും സ്വന്തം രാജ്യങ്ങളിലേക്കുള്ള തിരികെ പോകണമെന്നുണ്ടെങ്കിലും ആ മടങ്ങിവരവിനുള്ള സാധ്യത വളരെയേറെ കുറവാണ്. ഇരുവരെയും പ്രവേശിപ്പിക്കില്ലെന്നാണ് ബ്രിട്ടന്റെയുംഅമേരിക്കയുടെയും നിലപാട്. ഹുദ മുത്താനയും ഷാമിമ ബീഗവും 2015 ൽ ഐഎസിൽ ചേരാൻ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബ്രിട്ടണിൽ നിന്ന് ഒളിച്ചോടിയ ഷാമിമ ബീഗത്തിന് തിരികെ രാജ്യത്തെത്താൻ അനുമതി തേടി ബന്ധുക്കൾ ഭരണകൂടത്തെ സമീപിച്ചതോടെയാണ് ഈ പെൺകുട്ടി വീണ്ടും മാധ്യമശ്രദ്ധയിലേക്കെത്തിയത്. ചർച്ചകൾ നടക്കുന്നതിനിടെ പത്തൊമ്പതുകാരി തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി. ഐഎസിൽ ചേർന്നതിൽ പശ്ചാത്തപമില്ലെന്ന് ഷാമിമ വ്യക്തമാക്കുകയും ചെയ്തു. ഷാമിമയുടെ പൗരത്വം റദ്ദാക്കാൻ ബ്രിട്ടൺ തീരുമാനിച്ചു. അതിന് തൊട്ടു പിന്നാലെ 2014 ൽ അലബാമയിൽ നിന്ന് സിറിയയിലെത്തിയ ഹുദ മുത്താനയെ തിരികെ അമേരിക്കയിൽ പ്രവേശിപ്പിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. മൂന്ന് ഐഎസ് പ്രവർത്തകരെ വിവാഹം കഴിച്ച ഹുദ സിറിയയിൽ എത്തിയതിന് തൊട്ടു പിന്നാലെ പാസ്പോർട്ട് കത്തിക്കുന്ന ഫോട്ടോ ട്വിറ്ററിൽ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. വെറുപ്പ്, വിദ്വേഷം, പ്രണയം.. ഐഎസ് പോലുള്ള സംഘടനകളിലേക്ക് പെൺകുട്ടികൾക്ക് ചേക്കേറാൻ കാരണങ്ങൾ പലതാണ്. മോഹഭംഗവും നിരാശയും പെൺകുട്ടികളെ ഇത്തരം സംഘടനകളിലേക്ക് ആകർഷിക്കുന്നതിന്റെ കാരണങ്ങളാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 2013 ഏപ്രിലിനും 2018 ജൂണിനും ഇടയിൽ ഇറാഖിലേയും സിറിയയിലേയും ഐഎസ് പ്രവർത്തകരോടൊപ്പം ചേർന്ന അന്യരാജ്യക്കാരിൽ 13 ശതമാനത്തോളം സ്ത്രീകളാണെന്ന് ലണ്ടനിലെ കിങ്സ് കോളേജ് നടത്തിയ ഗവേഷണഫലം സൂചിപ്പിക്കുന്നു. ഏകദേശം 4700 ലധികമുണ്ടാവും സ്ത്രീകളുടെ എണ്ണം. ലിംഗവവിവേചനവും വർഗവിവേചനവും തീവ്രമായി അനുഭവിക്കുന്നയിടങ്ങളിലെ പെൺകുട്ടികൾ ശാക്തീകരണത്തിന്റെ പേരിൽ നടത്തുന്ന റിക്രൂട്ട്മെന്റിൽ വളരെ വേഗത്തിൽ വശംവദരാകുകയായിരുന്നു. പുരുഷന്മാരോടൊപ്പം യുദ്ധങ്ങളിൽ സ്ത്രീകളും പങ്കെടുക്കുന്ന ഐഎസ് പുറത്തുവിട്ട വീഡിയോ സ്വാതന്ത്ര്യവും സമത്വവും ആഗ്രഹിക്കുന്ന നിരാശരായ യുവതികളെ ഭീകരപ്രവർത്തനങ്ങളിലേക്ക്ാകർഷിച്ചു. വികസ്വരരാജ്യങ്ങളിൽ നിന്ന് മാത്രമല്ല സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികളും ഭീകരസംഘടനകളിൽ അംഗമാകുന്നുവെന്നാണ് പഠനങ്ങൾ നൽകുന്ന വിവരം. ഐഎസ് പോലുള്ള സംഘടനകളിൽ എത്തിക്കഴിഞ്ഞാൽ നിരവധി ഉത്തരവാദിത്തങ്ങൾ ഇവർ നിറവേറ്റുന്നുണ്ട്. കൂടുതൽ പെൺകുട്ടികളെ സംഘടനയിൽ അംഗങ്ങളാക്കുകയാണ് പ്രധാനദൗത്യം. ഓൺലൈൻ വഴിയുള്ള തീവ്രമതപഠനത്തിലൂടെ ഇതിലേക്ക് യുവതികളെ ആകർഷിക്കുകയാണ് പ്രധാനമാർഗം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ശൃംഗലയുണ്ടാക്കി ഇത് സാധ്യമാക്കുന്ന രീതിയും ഇവർ പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുണ്ട്. സംഘടനയിൽ ചേരാനായി രാജ്യം വിടുന്നതിന് മുമ്പ് തന്നെ മറ്റു യുവതികളെ സംഘടനയിൽ ചേരാനുള്ള മാനസികാവസ്ഥയിലെത്തിച്ച കഥകളുമുണ്ട്. ഭീകരസംഘടനകളിലെ പോരാളികളായ യുവാക്കളെ വിവാഹം ചെയ്യാനായി നാടും വീടുമുപേക്ഷിച്ച പെൺകുട്ടികളും അനവധി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രാജ്യങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ ഇതിൽ പെടുന്നു. സ്വർഗസമാനമായ പുതിയലോകം ആഗ്രഹിച്ചും സ്വപ്നം കണ്ടും എത്തി പൊരുത്തപ്പെടാനാവാതെ വരുമ്പോൾ പലപ്പോഴും രക്ഷാ മാർഗങ്ങളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടിട്ടുണ്ടാവും ഇവർക്ക്. 2015 ന് ശേഷം ഇത്തരം സംഘടനകളിലെ സ്ത്രീകളുടെ പദവിയിൽ ഉയർച്ചയുണ്ടായതായി പഠനങ്ങൾ കാണിക്കുന്നു. ഭീകരപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നതിനും യുവതികൾക്ക് അവസരം ലഭിക്കുന്നതായാണ് ലഭ്യമായ വിവരം. സിറിയയിലും ഇറാഖിലും ഐഎസിന്റെ ശക്തി ക്ഷയിക്കുന്നതും തങ്ങളുടെ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭിക്കണമെന്ന ആഗ്രഹവും സംഘടനയ്ക്കുള്ളിൽ നേരിടേണ്ടി വരുന്ന മാനസിക-ശാരീരിക പീഡനങ്ങളും പല യുവതികളെയും ഉപേക്ഷിച്ചു പോന്ന രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള ആഗ്രഹം വളർത്തുന്നു. എന്നാൽ ഇവർ ഭീകരപ്രവർത്തനങ്ങൾക്ക് പദ്ധതിയിടുമെന്നുള്ള ധാരണയും ഭയവും ഭരണകൂടങ്ങളെ ഇവർക്ക് മുന്നിൽ വാതിൽ കൊട്ടിയടയ്ക്കാൻ പ്രേരിപ്പിക്കുന്നു. Content Highlight: Women and Islamic Militancy
from mathrubhumi.latestnews.rssfeed https://ift.tt/2GBclID
via
IFTTT
No comments:
Post a Comment