സിപിഎം, കോൺഗ്രസ്, ബിജെപി എന്നീ മൂന്ന് പാർട്ടികൾക്കും ശക്തമായ വേരോട്ടമുള്ള മണ്ണാണ് കാസർകോടിന്റേത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎം- കോൺഗ്രസ് പാർട്ടികൾ തുല്യശക്തികളാണെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ 1989 മുതൽ മണ്ഡലം സിപിഎമ്മിന്റെ കൈകളിൽ ഭദ്രമാണ്. 1984-ൽ കോൺഗ്രസിന്റെ ഐ. രാമ റായിയാണ് അവസാനമായി ഇവിടെ ജയിച്ച കോൺഗ്രസ് പ്രതിനിധി. മുൻ വർഷങ്ങളിലെ വിജയം തുടരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. 2014 തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായിരുന്ന പി.കരുണാകരന്റെ ഭൂരിപക്ഷം അഞ്ചക്കത്തിൽ നിന്ന് നാലക്കമായി കുറയ്ക്കാൻ കോൺഗ്രസിന്റെ ടി.സിദ്ദിഖിനായെന്നത് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്. അതേസമയം, ഹിന്ദുവോട്ടുകളെ ഏകോപിപ്പിച്ച് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന കണക്കുക്കൂട്ടൽ ബിജെപിക്കുമുണ്ട്. എന്നാൽ, കാസർകോട് മണ്ഡലം ഇത്തവണയും സിപിഎമ്മിനൊപ്പമായിരിക്കുമെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ അഭിപ്രായപ്പെടുന്നത്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ കോൺഗ്രസിന് ശക്തമായ ലീഡ് ഉണ്ടാക്കാൻ സാധിക്കും. എന്നാൽ, മറ്റ് സ്ഥലങ്ങളിൽ എൽഡിഎഫ് നേടുന്ന ലീഡ് കൊണ്ട് ഇത് മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് മണ്ഡലത്തിൽ കഴിഞ്ഞ തവണ എൽഡിഎഫ് ലീഡ് കുറഞ്ഞത് യുഡിഎഫ് സ്ഥാനാർഥി സിദ്ദിഖിന്റെ പ്രവർത്തന മികവിന്റെ പശ്ചാത്തലത്തിലാണ്. ഇതുമൂലം മുമ്പ് എൽഡിഎഫ് ലീഡ് ചെയ്തിരുന്ന ഇടങ്ങളിൽ വരെ യുഡിഎഫിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. ഇതുകൂടി കരുണാകരന്റെ ഭൂരിപക്ഷം കുറയാൻ കാരണമായിട്ടുണ്ടെന്നാണ് ജയശങ്കർ അഭിപ്രായപ്പെടുന്നത്. ഇത്തവണ കരുണാകരൻ മത്സര രംഗത്തുണ്ടാവില്ലെന്നാണ് പ്രഥമിക നിഗമനങ്ങൾ. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിന്റെ കാസർകോട് ജില്ലാ സെക്രട്ടറിയായിരുന്ന സതീഷ് ചന്ദ്രനെയോ, സിപിഎം സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദനെയോ പരിഗണിക്കുമെന്നാണ് അഭ്യൂഹങ്ങൾ. കാസർകോട് ജില്ലയിൽ എൽഡിഎഫിന് വിജയ സാധ്യതയുണ്ടെങ്കിലും മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും ജയശങ്കർ പറയുന്നു. ഭാഷ ന്യൂനപക്ഷങ്ങൾക്ക് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലവുമാണ് കാസർകോട്. അതിന്റെ ഏറ്റവും വലിയ തെളിവുകളാണ് 1980, 89, 91 വർഷങ്ങളിൽ സിപിഎം പ്രതിനിധി എം.രാമണ്ണ റായിയുടെ വിജയവും 1984-ൽ കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച ഐ. രാമ റായിയും. Content Highlights:kasaragod constituency, Jayashankar
from mathrubhumi.latestnews.rssfeed https://ift.tt/2EhCglg
via
IFTTT
No comments:
Post a Comment