മൂന്നു തവണ നിയമസഭയിലേക്കും രണ്ടു തവണ ലോക്സഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ട ശേഷമാണ് എം.ഐ. ഷാനവാസ് 2009-ൽ വയനാട് ലോക്സഭ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയത്. അവിടെ ഷാനവാസ് സി.പി.ഐയിലെ അഡ്വ. എം. റഹ്മത്തുള്ളയെ പരാജയപ്പെടുത്തിയത് 1,53,439 വോട്ടിന്. മുസ്ലിം സമുദായ സംഘടനകളൊക്കെയും പൂർണമായ പിന്തുണ നൽകിയതു കൊണ്ടാണ് ഷാനവാസ് അത്ര വലിയ ഭൂരിപക്ഷം നേടിയത്. പക്ഷേ 2014-ൽ മത്സരിച്ചപ്പോൾ ഭൂരിപക്ഷം വെറും 20870 ആയി കുറഞ്ഞു. ഇത്തവണ സി.പി.ഐ.യിലെ തന്നെ സത്യൻ മൊകേരിയായിരുന്നു ഇടതുപക്ഷ സ്ഥാനാർത്ഥി. വണ്ടൂർ, നിലമ്പൂർ, ഏറനാട്, മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, തിരുവമ്പാടി എന്നീ നിയമസഭ നിയോജക മണ്ഡലങ്ങളാണ് വയനാട് ലോക്സഭ മണ്ഡലത്തിലുള്ളത്. ഇതിൽ ആദ്യത്തെ മൂന്നും മലപ്പുറം ജില്ലയിൽ. വയനാട് ജില്ലയിലുള്ളത് കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി എന്നീ മണ്ഡലങ്ങൾ മാത്രം. തിരുവമ്പാടി കോഴിക്കോട് ജില്ലയിൽപ്പെടുന്നു. വയനാട് ഇത്തവണയും കൈപ്പിടിയിൽ നിർത്തണമെങ്കിൽ കോൺഗ്രസ് ഏറെ കണക്കുക്കൂട്ടൽ നടത്തേണ്ടിവരും. മുസ്ലിം ലീഗിന്റെ തട്ടകമായ മലബാറിൽ സാധാരണഗതിയിൽ കോൺഗ്രസിനു പേടിക്കേണ്ടതില്ല. പക്ഷേ മുസ്ലിം ലീഗോ ലീഗ് വോട്ടോ അല്ല ഇവിടെ പ്രശ്നം. ഭീഷണി ഉയരുന്നത് മുസ്ലിം സമുദായ സംഘടനകളിൽനിന്നാണ്. ഒപ്പം രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധ വെയ്ക്കുന്ന മുസ്ലിം യുവതലമുറയുടെ നീക്കവും ശ്രദ്ധിക്കണം. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സുന്നി വിഭാഗവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുമാണ് മുസ്ലിം സംഘടനകളിൽ പ്രമുഖം. കാന്തപുരം വിഭാഗം മുസ്ലിം ലീഗിന്റെ ശത്രുപക്ഷത്താണ്. സമസ്ത ലീഗിനൊപ്പവും. രണ്ടു സമുദായങ്ങളും മുസ്ലിം ലീഗിനു പ്രശ്നം തന്നെയാണെന്നതാണ് വസ്തുത. മുസ്ലിം സമുദായത്തിന്റെ സ്വന്തം പാർട്ടിയെന്ന നിലയ്ക്ക് ലീഗ് നേതൃത്വത്തെ മുൾമുനയിൽ നിർത്താൻ ഈ സംഘടനകൾക്കാവും. പാർലമെന്റിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വേളയിലും മുത്തലാക്ക് വിഷയം വന്ന സമയത്തും പി.കെ. കുഞ്ഞാലിക്കുട്ടി സ്വീകരിച്ച നിലപാട് സമുദായത്തിൽ പരക്കെ വിമർശന വിധേയമായത് ഈ സംഘടനകളുടെ കരുത്ത് ചൂണ്ടിക്കാട്ടുന്നു. ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സമസ്ത വൈസ് പ്രസിഡന്റാണ്. ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസിഡന്റും. സമസ്തയുടെ ഉന്നതാധികാര സമിതിയായ മുശാവറയുടെ തലപ്പത്തുള്ളത് ജിഫ്രി തങ്ങളാണ്. പാർലമെന്റിൽ പോകുന്ന ലീഗ് നേതാക്കൾ സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ഉറക്കെ വാദിക്കണമെന്ന് ആരുടെയും മുഖത്തു നോക്കി പറയാൻ ശേഷിയുള്ള ആളാണദ്ദേഹം. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഐക്യ ജനാധിപത്യ മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയായതുകൊണ്ട് കോൺഗ്രസിനും പല കാര്യങ്ങളിലും ലീഗിനോടൊപ്പം നിൽക്കേണ്ടി വരുന്നു. മർക്കസ് സമ്മേളനം നടന്നപ്പോൾ കോൺഗ്രസ് അതിൽ പങ്കെടുക്കാതെ വിട്ടുനിന്നത് സുന്നി കാന്തപുരം വിഭാഗത്തെ കുറച്ചൊന്നുമല്ല രോഷം കൊള്ളിച്ചത്. തങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോലും കോൺഗ്രസ് നേതാക്കൾക്ക് ലീഗിന്റെ അനുമതിപത്രം വേണമോ എന്നാണ് കാന്തപുരം വിഭാഗത്തിന്റെ ചോദ്യം. കോൺഗ്രസും സി.പി.എമ്മും തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കണമെന്ന വാശിയൊന്നും മുസ്ലിം സംഘടനകൾക്കില്ല. പക്ഷേ തങ്ങൾക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ തങ്ങൾക്കു കൂടി സ്വീകാര്യനായ ആളായിരിക്കണം സ്ഥാനാർത്ഥി എന്ന് അവർ ആഗ്രഹിക്കുന്നു. കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റ് എന്ന നിലയ്ക്ക് വയനാടിന്റെ കാര്യത്തിൽ സ്ഥാനാർത്ഥി ആരെന്ന ചോദ്യം പ്രസക്തമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. കെ.പി. അബ്ദുൾ മജീദ്, ടി. സിദ്ദിഖ് എന്നിങ്ങനെ വയനാടിനു വേണ്ടി കോൺഗ്രസിനു മുന്നിൽ വരുന്ന പേരുകൾ പലതുണ്ട്. അബ്ദുൾ മജീദ് ഐ വിഭാഗക്കാരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് വളരെ അടുപ്പമുള്ള നേതാവുമാണ്. സിദ്ദിഖാവട്ടെ, കടുത്ത ആന്റണി പക്ഷക്കാരനും. എം.ഐ. ഷാനവാസ് ഐ പക്ഷത്തെ നേതാവായിരുന്നു. ഷാനവാസിന് 2009-ൽ കിട്ടിയ ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷം 2014 ൽ ഇരുപതിനായിരത്തിലേക്കു താണതും മാറിയ രാഷ്്ട്രീയ സാഹചര്യവുമാണ് ഇടതു മുന്നണിക്ക് പ്രതീക്ഷ നൽകുന്നത്. പുറമെ കാന്തപുരം വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാടും. മുന്നണിയിൽ സി.പി.ഐക്കു നീക്കിവെച്ചിട്ടുള്ള വയനാട്ടിൽ പറ്റിയ സ്ഥാനാർത്ഥിയെ തിരക്കുകയാണ് പാർട്ടി. മലപ്പുറം ജില്ലയുടെ രാഷ്ട്രീയ സ്വഭാവങ്ങളേറെയുള്ള വയനാട്ടിൽ മത്സരം കടുത്തതു തന്നെയായിരിക്കും. രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറത്ത് മുസ്ലിം സമുദായ സംഘടനകളുടെ നിലപാടും ഇവിടെ പ്രസക്തമാവും. content highlights:wayanad lok sabha seat, lok sabha Election 2019, LDF, UDF
from mathrubhumi.latestnews.rssfeed http://bit.ly/2RSqEtE
via
IFTTT
No comments:
Post a Comment