ലോസ് ആഞ്ജലിസ്: ചൊവ്വയിലെ ശക്തമായ പൊടിക്കാറ്റിൽ പ്രവർത്തനരഹിതമായ നാസയുടെ ഓപ്പർച്ചൂനിറ്റി റോവറിന് ഒടുവിൽ അന്ത്യം. 15 വർഷം മുമ്പ് ചൊവ്വയിലെത്തിയ ഓപ്പർച്ചൂനിറ്റി റോവർ പ്രവർത്തനരഹിതമായതായി നാസ പ്രഖ്യാപിച്ചു. ബുധനാഴ്ച കാലിഫോർണിയയിലെ പാസഡീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപൾഷൻ ലബോറട്ടറിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നാസ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച റോവറുമായി ബന്ധപ്പെടാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടിരുന്നു. ഓപ്പർച്ചൂനിറ്റി ഭൂമിയുമായി ഏറ്റവും ഒടുവിൽ ആശയവിനിമയം നടത്തിയത് 2018 ജൂൺ പത്തിനാണ്. ചൊവ്വയിലുണ്ടായ ശക്തമായ പൊടിക്കാറ്റ് മൂലം സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഓപ്പർച്ചൂനിറ്റിയ്ക്ക് മുകളിൽ സൂര്യനെ മറച്ചിരുന്നു. ഇതോടെ ജൂൺ ആദ്യവാരത്തോടെ ഓപ്പർച്ചൂനിറ്റിയിലെ ചാർജ് ക്രമാതീതമായി കുറഞ്ഞിരുന്നു. ഇതെ തുടർന്ന് റോവറിന്റെ പ്രവർത്തനങ്ങൾ കുറച്ച് ചാർജ് സംരക്ഷിക്കാനുള്ള ശ്രമങ്ങളും നടത്തി. എന്നാൽ ജൂൺ പത്തിന് ശേഷം ഓപ്പർച്ചൂനിറ്റിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടും. ഓപ്പർച്ചൂനിറ്റി റോവറിന്റെ ചാർജ്ജ് 24 വോൾട്ടിലും കുറഞ്ഞിട്ടുണ്ടാവുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മിഷൻ ക്ലോക്ക് ഒഴികെ എല്ലാ ഉപസംവിധാനങ്ങളും നിശ്ചലമാവുന്ന ലോ പവർ ഫോൾട്ട് മോഡിലേക്ക് റോവർ മാറിയിട്ടുണ്ടാവാം എന്നുമുള്ള അനുമാനത്തിലായിരുന്നു ഗവേഷകർ. അന്ന് മുതൽ ഇന്നുവരെ റോവറുമായി നിരന്തരം ബന്ധപ്പെടാനുള്ള ശ്രമത്തിലായിരുന്നു ഗവേഷകർ. ആയിരക്കണക്കിന് കമാന്റുകൾ റോവറിലേക്ക് അയച്ചുവെങ്കിലും ഒന്നിനും പ്രതികരണമുണ്ടായില്ല. 2004 ജനുവരിയിലാണ് ഓപ്പർച്ചൂനിറ്റി ചൊവ്വയിലിറങ്ങിയത്. ചൊവ്വയിലെ ജലസാന്നിധ്യത്തെകുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. 15 വർഷക്കാലം ചൊവ്വയിൽ ചിലവിട്ട റോവർ ഇതിനോടകം 45 കിലോമീറ്റർ സഞ്ചരിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2X2FxgL
via
IFTTT
No comments:
Post a Comment