പേട്ട വേല തുടരും, രാഷ്ട്രീയ വേല തത്കാലമില്ലെന്ന് രജനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

പേട്ട വേല തുടരും, രാഷ്ട്രീയ വേല തത്കാലമില്ലെന്ന് രജനി

ഞാൻ ഇനിയും സിനിമ ചെയ്യും. ഇപ്പോഴും എന്നിൽ ഊർജ്ജമുണ്ട്. ഞാൻ ഇനിയും സിനിമ ചെയ്യും. സൂപ്പർ സ്റ്റാർ രജനീകാന്ത് ഉറച്ച ശബ്ദത്തിൽ പറയുകയാണ്. പേട്ടയുടെ മികച്ച വിജയം രജനിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുന്നു. തൊണ്ണൂറുകളിലെ രജനിയെ കാർത്തിക് സുബ്ബരാജ് തിരിച്ചു തന്നിരിക്കുന്നുവെന്നാണ് രജനി ആരാധകർ സംശയമില്ലാതെ പറയുന്നത്. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച് ഒരു വർഷം പിന്നിട്ടിട്ടും രജനി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിട്ടില്ല. പാർട്ടി പ്രഖ്യാപനം ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപുണ്ടാകുമോ അതല്ല തമിഴ്നാട്ടിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായാണോ അതുണ്ടാകുക എന്നാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും കാത്തിരുന്നത്. അതിനും വിരാമമായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ആരെയെങ്കിലും പിന്തുണയ്ക്കാനോ ഇല്ലെന്നും രജനി വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ സിനിമാ രംഗത്ത് ഈ വർഷവും സജീവമായി രംഗത്തുണ്ടാകും എന്ന് തീരുമാനിച്ചിട്ടുണ്ട് രജനി. എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രജനി കരാർ ഒപ്പിട്ടു കഴിഞ്ഞു. ദീപാവലി റിലീസായി ചിത്രം എത്തുമെന്നാണ് ലഭിക്കുന്ന വിവരം. മാർച്ച് ആദ്യ വാരം ചിത്രീകരണം ആരംഭിക്കും. അതായത് തമിഴകവും ഇന്ത്യയാകെയും തിരഞ്ഞെടുപ്പ് ചൂടിലമരുമ്പോൾ സൂപ്പർസ്റ്റാർ രജനി സിനിമാ തിരക്കുകളിലായിരിക്കും. അത് കഴിഞ്ഞാലും തിരക്ക് തന്നെ. പേട്ടയുടെ സംവിധായകൻ കാർത്തിക് സുബ്ബരാജ് രജനി ആരാധകരുടേയും താരമായി വളർന്നു കഴിഞ്ഞു. പേട്ടയുടെ വമ്പൻ വിജയമാണ് ഇതിന്റെ കാര്യം. പുറത്തിറങ്ങി ആദ്യ ആഴ്ച പിന്നിട്ടപ്പോൾ 100 കോടിയാണ് പേട്ട വാരിയെടുത്തത്. ഇപ്പോഴും മികച്ച കലക്ഷനോടെ മുന്നേറുന്നു. തിയേറ്ററിൽ പണം വാരുന്നത് മാത്രമല്ല. സൂപ്പർ സ്റ്റാർ പട്ടം രജനി ഒന്നുകൂടി ഉറപ്പിച്ച് വെച്ച ചിത്രമായും പേട്ട വിലയിരുത്തപ്പെടുന്നു. പാ രഞ്ജിത്തിനൊപ്പം ചെയ്ത കബാലി, കാല എന്നിവയും 2.ഉം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതേ കാലത്താണ് രജനിയുടെ രാഷ്ട്രീയ പ്രവേശം കൂടുതൽ ചർച്ചയായതും. ഇപ്പോൾ പേട്ടയുടെ വിജയം നൽകിയ ആത്മവിശ്വാസം രജനി കുറച്ചുകാലം കൂടി സജീവമായി സിനിമയിൽ നിൽക്കാൻ കാരണമാവുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. എആർ മുരുഗദോസിന്റെ സിനിമയ്ക്ക് ശേഷം കാർത്തിക് സുബ്ബരാജിനൊപ്പം മറ്റൊരു സിനിമ കൂടി രജനി ചെയ്യും. ഈ വർഷവും തിരക്ക് തന്നെയെന്ന് ചുരുക്കം. സിനിമാക്കാർ രാഷ്ട്രീയത്തിലെത്തി വെന്നിക്കൊടി പാറിച്ച ഇടം തന്നെയാണ് തമിഴകം എന്നതിൽ തർക്കമില്ല. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായതിന് ശേഷം ഇപ്പറഞ്ഞ സിനിമാക്കാർ സിനിമയിൽ അത്രയധികം സജീവമായിരുന്നില്ല എന്നതാണ് വസ്തുത. സാക്ഷാൽ എംജിആർ തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. അദ്ദേഹം മുഖ്യമന്ത്രി ആയതിന് ശേഷമാണ് അവസാന സിനിമ പുറത്തിറങ്ങിയത്. അത് പരാജയവുമായിരുന്നു. ശിവാജി ഗണേശന് രാഷ്ട്രീയത്തിലാണ് വേണ്ട പോലെ തിളങ്ങാൻ കഴിയാതിരുന്നത്. വിജയ്കാന്ത് രാഷ്ട്രീയത്തിൽ വന്ന ശേഷം സിനിമ ഏതാണ്ട് വിട്ട മട്ടാണ്. നേരത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ അദ്ദേഹത്തിന്റെ ഡിഎംഡികെ ഇപ്പോൾ തകർച്ചയിലൂടെ കടന്നു പോകുകയുമാണ്. മറ്റൊരു പ്രധാനി കമൽ ഹാസനാണ്. മക്കൾ നീതി മയ്യവുമായി അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമാണ്. എന്നാൽ പ്രതീക്ഷിച്ച ജനകീയ മുന്നേറ്റം സാധ്യമാക്കാൻ പാർട്ടി രൂപീകരിച്ച് ഒരു വർഷം അടുക്കാറാവുമ്പോഴും കമലിന് സാധിക്കുന്നില്ല. പാർട്ടി പ്രഖ്യാപിച്ചശേഷം സിനിമയിലും ഇത് തന്നെയാണ് അവസ്ഥ. തന്റെ അവസാനത്തെ സിനിമ ആയേക്കും എന്നപ്രഖ്യാപനത്തോടെ പുറത്തിറങ്ങാനിരിക്കുന്ന ഇന്ത്യൻ 2 വിന്റെ ചിത്രീകരണത്തിരക്കിലാണ് കമൽ. ഇനി അൽപ നേരം പഴയ കാലത്തേക്ക് പോകാം. അൻപതുകൾ. പെരിയാറും അണ്ണാദുരൈയും കരുണാനിധിയും എല്ലാം ചേർന്ന് തമിഴ്ഭാഷയേയും സംസ്കാരത്തേയും ഉയർത്തിപ്പിടിച്ചകാലം. കലയും സാഹിത്യവും പ്രധാന ആയുധങ്ങളായിരുന്നു. കരുണാനിധിയുടെ എഴുത്തിലൂടെ നാടകവും സിനിമയുമായി രാഷ്ട്രീയം സാധാരണക്കാരിലെത്തി. സിനിമ കല എന്നതിനപ്പുറം ശക്തമായ രാഷ്ട്രീയ ആയുധമായി വളരുകയായിരുന്നു തമിഴകത്ത്. രാഷ്ട്രീയത്തിൽ സജീവമായപ്പോഴും കരുണാനിധി സിനിമയിൽ നിറഞ്ഞു നിന്നു. സിനിമയിൽ അഭിനയിക്കാത്ത സൂപ്പർ സ്റ്റാർ. അയാൾ പിന്നീട് ഡിഎംകെ അധ്യക്ഷനും പല തവണ മുഖ്യമന്ത്രിയുമായി. തമിഴരുടെ കലൈഞ്ജറായി. തമിഴ് ജനതയുടെ സ്വപ്നങ്ങളിലെ രാജകുമാരനായി എം.ജി.ആർ വളർന്നത് സിനിമയിലൂടെതന്നെ .രാജകുമാരിയിലും മലെക്കള്ളനിലൂടെയുമൊക്കെ കലൈഞ്ജർ എം.ജി.ആറിന് തീതുപ്പുന്ന വാക്കുകൾ നൽകി. അവിടെയും സിനിമ രാഷ്ട്രീയം സംസാരിച്ചു. അധികാര വർഗം ചോദ്യം ചെയ്യപ്പെട്ടു. എംജിആർ തമിഴകത്തെ പ്രിയ നേതാവായി. മുഖ്യമന്ത്രിയായി. ഇതെല്ലാം എൺപതുകൾക്ക് മുൻപായിരുന്നു. അതിനുശേഷവും സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്നത് നിരവധി പേരാണ്. ജാനകി രാമചന്ദ്രൻ, ജെ.ജയലളിത, ശിവാജി ഗണേശൻ, നെപ്പോളിയൻ, ഭാഗ്യരാജ്, കാർത്തിക്, ടി രാജേന്ദ്രൻ, വിജയ്കാന്ത്, ശരത് കുമാർ, ഖുഷ്ബു, കരുണാസ്, കമൽഹാസൻ എന്നിങ്ങനെ നീളുന്നു ആ പട്ടിക. ജയലളിതയും ജാനകി രാമചന്ദ്രനും മുഖ്യമന്ത്രിമാരായി. പക്ഷേ അതിന് വലിയൊരു പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടായിരുന്നു. അതില്ലാതെ വന്നവരിൽ വിജയ്കാന്ത് ആളിക്കത്തി. പിന്നീട് കെട്ടടങ്ങി. മറ്റുള്ളവരുടെ അനുഭവം ഒക്കെ മാറ്റി നിർത്തിയാലും കമൽഹാസന്റെ അനുഭവം രജനി നേരിട്ട് കാണുകയാണ്. സിനിമയോ അതോ രാഷ്ട്രീയമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം വന്ന ശേഷം മുന്നോട്ടു പോകുന്നതാണ് ബുദ്ധിയെന്നതാണ് രജനി ഇപ്പോൾ കരുതുന്നത്. രാഷ്ട്രീയം വലിയ കളിയാണ്. അത് വളരെ അപകടകരവുമാണ്. ഞാൻ ശ്രദ്ധയോടെയേ കളിക്കുകയുള്ളു. സാഹചര്യവും സമയവും അതിപ്രധാനവുമാണ്. അടുത്തിടെ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. ശ്രദ്ധയോടെയേ മുന്നോട്ടു പോകുള്ളു എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം. 2017 ഡിസംബർ 31നാണ് രജനി രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തുന്നത്. ആരാധക കൂട്ടായ്മയുടെ യോഗത്തിൽ വെച്ചായിരുന്നു പ്രഖ്യാപനം. ആത്മീയ രാഷ്ട്രീയമായിരിക്കും തന്റേത് എന്ന് പ്രഖ്യാപിച്ച രജനി അതിനായുള്ള പ്രവർത്തനങ്ങളുമായി വളരെയധികം മുന്നോട്ടു പോയി. ആരാധക കൂട്ടായ്മയ്ക്ക് രജനി മക്കൾ മൻഡ്രം എന്ന പേരും സംഘടനാ രൂപവും നൽകി. മണ്ഡലം,ജില്ലാ,സംസ്ഥാന തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. എല്ലാത്തിനും ഭാരവാഹികളെ നിശ്ചയിച്ചു. അതിനുശേഷം ബൂത്തു തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കുന്ന പ്രവർത്തനങ്ങളും മുന്നോട്ടു പോയി. കമൽഹാസൻ ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ശേഷം താഴേത്തട്ടിൽ കമ്മിറ്റികൾ രൂപീകരിച്ചത് പോലെയല്ല കാര്യങ്ങൾ എന്ന് ചുരുക്കം. എപ്പോൾ പാർട്ടി പ്രഖ്യാപിച്ചാലും അതിനെ മണ്ഡലം കമ്മിറ്റികൾ വരെയെങ്കിലും കൃത്യമായി ചലിപ്പിക്കാൻ സംവിധാനം അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. അതിനാൽ പാർട്ടി പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം വരെ സിനിമയിൽ അദ്ദേഹത്തിന് സജീവമായി നിൽക്കാം. ആത്മീയ രാഷ്ട്രീയം പ്രഖ്യാപിച്ച രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനായി കാത്ത് നിൽക്കുന്നത് ബിജെപിയാണ്. ദ്രാവിഡ രാഷ്ട്രീയം ഉഴുതുമറിച്ചിട്ട മണ്ണിൽ ഹിന്ദുത്വം പറയാനും ആളെക്കൂട്ടാനും ബിജെപി പരമാവധി ശ്രമിക്കുന്നുണ്ട്. കന്യാകുമാരിയിലും കുറച്ചൊക്കെ കോയമ്പത്തൂരുമല്ലാതെ മറ്റൊരിടത്തും അത് കാര്യമായി വിലപ്പോകുന്നില്ല. ആത്മീയ രാഷ്ട്രീയം പറഞ്ഞ് രജനിയെപ്പോലൊരാൾ വരുമ്പോൾ അദ്ദേഹം ബിജെപിയ്ക്ക് പറ്റിയ കൂട്ടാണെന്ന് നേതാക്കൾ കരുതുന്നു. ആർഎസ്എസുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ഗുരുമൂർത്തിയാണ് രജനീകാന്തിന്റെ ഏറ്റവും അടുത്ത ഉപദേശകൻ എന്നത് ബിജെപിയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നുമുണ്ട്. രാഷ്ട്രീയം എന്തൊക്കെയായാലും രജനി കുറച്ചു കാലം സജീവമായി സിനിമാ രംഗത്തുണ്ടാകും. ദീപാവലി സമയത്ത് എആർ മുരുഗദോസിനൊപ്പവും അതിനുശേഷം കാർത്തിക് സുബ്ബരാജിനൊപ്പവും അദ്ദേഹം സ്ക്രീനിലെത്തും. അജിത്തും, വിജയും, വിജയ് സേതുപതിയുമെല്ലാം അരങ്ങു വാഴുന്നിടത്ത് സൂപ്പർസ്റ്റാർ കഥതുടരും. ഇതിനൊക്കെ അപ്പുറത്ത് മറ്റൊരു കാര്യം കൂടിയുണ്ട്. അണ്ണാ ദുരെയ്ക്കും കരുണാനിധിയ്ക്കുമൊക്കെ സിനിമ രാഷ്ട്രീയം പറയാനുള്ള വഴിയായിരുന്നു. പിൻഗാമികൾക്ക് രാഷ്ട്രീയത്തിലേക്കുള്ള വഴിയാണ് സിനിമ. ആ വ്യത്യാസം തമിഴരും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. Content Highlights: Rajnikanth, not to contest election


from mathrubhumi.latestnews.rssfeed http://bit.ly/2IkumwJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages