തിരുവനന്തപുരം; കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെകൊലപാതകം അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകം നടത്തിയവർ പാർട്ടിയിൽ ഉള്ളവരാണെങ്കിൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരമൊരു സംഭവം അവിടെ നടക്കാൻ പാടില്ലാത്തതായിരുന്നു. എന്തെല്ലാം പ്രകോപനങ്ങൾ ഉണ്ടായാലും അക്രമങ്ങളും കൊലപാതകങ്ങളും പാടില്ല. സിപിഎം പ്രവർത്തകർ യാതൊരു അക്രമ പ്രവർത്തനങ്ങളും നടത്താൻപാടില്ല എന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി പസ്യമായി ആഹ്വാനം ചെയ്തതാണ്. സംഭവത്തിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകും. പ്രതികൾ ആരെങ്കിലും സിപിഎമ്മുമായി ബന്ധമുള്ളവരെങ്കിൽ പാർട്ടിയുടെ യാതൊരു സഹായവും അത്തരക്കാർക്ക് നൽകുന്നതായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ആ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ഇത്തരം കൊലപാതകങ്ങൾ ചെയ്യുന്നത്. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും അതിനുള്ള പരിഹാരം അക്രമത്തിലൂടെയല്ലെന്ന് വ്യക്തമായ സന്ദേശം ഇടതുപക്ഷ ഗവൺമെന്റ് നൽകിയതാണ്. പാർട്ടിയുടെ നിർദ്ദേശത്തിനും ഗവൺമെന്റിന്റെ സമീപനത്തിനും വിരുദ്ധമായ നടപടിയാണ് ഇവിടെ ഉണ്ടായത്. സിപിഎം പ്രവർത്തകർക്ക് കാസർകോട് ചെയ്തതുപോലൊരു സംഭവം രാഷ്ട്രീയ ബോധമുണ്ടെങ്കിൽ ചെയ്യില്ല. എൽഡിഎഫിന്റെ ജാഥ ഇന്നലെയാണ് കാസർകോട് പര്യടനം നടത്തിയത്. ആ ദിവസം തന്നെ സിപിഎമ്മുകാർ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അവർ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുന്നവരല്ല. അവർക്ക് രാഷ്ട്രീയം ഉൾക്കൊള്ളാൻ കഴിയുന്നില്ല. അത്തരക്കാരെയൊന്നും സിപിഎം ഒരുകാരണവശാലും അംഗീകരിക്കാൻ പോകുന്നില്ല. സിപിഎമ്മിന്റെ ഭാഗമായി ഇത്തരമൊരു കാര്യം ചെയ്യാൻ ആരെയും അനുവദിക്കില്ല. അതിന്റെ പേരിൽ പ്രസ്ഥാനമാണ് ഉത്തരവാദിത്തമേറ്റേടുക്കേണ്ടിവരുന്നത്. ഇക്കര്യങ്ങൾ മനസിലാക്കാതെ ആരെങ്കിലും ചെയ്യുന്ന കാര്യങ്ങൾ പാർട്ടി അംഗീകരിക്കാൻ പോകുന്നില്ല. ഈ സംഭവത്തിന്റെ പേരിൽ കർശനമായ നടപടി സ്വീകരിക്കണം, കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാൻ ആവശ്യമായ നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകണം, പ്രതികൾ രക്ഷപ്പെടാതിരിക്കാനുള്ള പഴുതടച്ച അന്വേഷണം നടത്താൻ പോലീസ് തയ്യാറാകണം. പ്രാദേശിക സിപിഎം നേതൃത്വത്തിന് പങ്കുണ്ടെങ്കിൽ അതും അന്വേഷിച്ച് കണ്ടെത്തണം, ആർക്കും പ്രത്യേക പരിഗണന നൽകാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. പാർട്ടിയിൽ ആരെങ്കിലും ഇത് ചെയ്തിട്ടുണ്ടെങ്കിൽ ആവശ്യമായ അച്ചടക്ക നടപടി പാർട്ടിയും സ്വീകരിക്കും. എന്തെല്ലാം സംഭവങ്ങൾ നടന്നാലും കൊലപാതകത്തിന് ന്യായീകരണമില്ല. മനുഷ്യനെ ഇങ്ങനെ വെട്ടിക്കൊല്ലാൻ പാടില്ല. അത് പ്രാകൃതമായ നിലപാടാണ്. ഇതു ചെയ്തത് ആരായാലും അത് എതിരാളികളുടെ കൈയ്യിൽ കളിക്കുകയാണ് ചെയ്തത്. അത്തരക്കാരെ ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ല. കോടിയേരി വ്യക്തമാക്കി. Content Highlights:Kasargode Political murder CPM State Secretary Kodiyeri Balakrishnan Condemn act of party workers
from mathrubhumi.latestnews.rssfeed http://bit.ly/2GOhmgd
via
IFTTT
No comments:
Post a Comment