വയനാട്: കേരളത്തിൽ മനുഷ്യരിൽനിന്ന് കാട്ടാനകളിലേക്ക് ക്ഷയരോഗം പകരുന്നതായി കണ്ടെത്തൽ. വയനാടൻ കാടുകളിലെ ആനകളിലാണ് ക്ഷയം കണ്ടെത്തിയത്. ചരിഞ്ഞ മൂന്നു കാട്ടാനകളുടെ പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംസ്ഥാന വനം-വന്യജീവി വകുപ്പിലെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ജേണൽ ഓഫ് എമർജിങ് ഡിസീസസിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മനുഷ്യരുമായി അടുത്തിടപഴകുന്ന മൃഗങ്ങളിൽ മുമ്പും ക്ഷയം കണ്ടെത്തിയിട്ടുണ്ട്. നാട്ടാനകളിലാണ് സാധാരണ ഇത് കാണാറുള്ളത്. കാട്ടാനകളിൽ രോഗം സ്ഥിരീകരിച്ചത് ഗുരുതരപ്രശ്നമാണെന്ന് വിദഗ്ധർ പറയുന്നു. കാട്ടാനകളുടെ ആവാസമേഖലയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റത്തിന്റെ ഫലമാണ് രോഗപ്പകർച്ചയെന്ന് വിലയിരുത്തപ്പെടുന്നു. എങ്ങനെ ഇവ പകരുന്നു എന്നതിൽ കൂടുതൽ പഠനം വേണ്ടിവരും. ശ്രീലങ്കൻ കാട്ടാനകളിൽ ക്ഷയം നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിൽ കാണുന്ന മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണം. മനുഷ്യരുടെ ശരീരസ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. കിതപ്പ്, ക്ഷീണം, തുമ്പിക്കൈയിൽനിന്ന് നീരൊലിപ്പ്, ശരീരഭാരം കുറയൽ എന്നിവയാണ് ലക്ഷണങ്ങൾ. ക്ഷയരോഗമുള്ള പാപ്പാന്മാരിൽനിന്നാണ് കൂടുതലായും നാട്ടാനകൾക്ക് രോഗം പകരുന്നത്. ആനകൾ പലപ്പോഴും രോഗലക്ഷണം കാണിക്കാറില്ലെന്നത് ചികിത്സയ്ക്കും പ്രശ്നമാകുന്നു. 18-20 വയസ്സ് വരെയുള്ള ആനകളിലാണ് കൂടുതലായി രോഗം കാണാറ്. ഒട്ടേറെ നാട്ടാനകൾ ക്ഷയംബാധിച്ച് ചരിഞ്ഞിട്ടുണ്ടെന്ന് വെറ്ററിനറി സർജന്മാർ പറഞ്ഞു. ആന്റിബോഡി കിറ്റ് ഉപയോഗിച്ച് രോഗബാധിതരായ നാട്ടാനകൾക്ക് ചികിത്സ നൽകുന്നുണ്ട്. ക്ഷയം ബാധിച്ച ആനകൾക്ക് എരണ്ടക്കെട്ടും മറ്റും വരുമ്പോൾ രോഗം മൂർച്ഛിച്ച് ചരിയാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ.അരുൺ സക്കറിയ പറഞ്ഞു. വനം വന്യജീവികൾക്ക് നൽകുക മനുഷ്യരിൽനിന്ന് കാട്ടാനകളിലേക്ക് ക്ഷയം പകരുന്നുവെന്നത് ഗുരുതര പ്രശ്നമാണ്. ആനകളിൽനിന്ന് ആനകളിലേക്ക് രോഗം പകരുന്നില്ലെന്നത് ഗുണകരമാണ്. വനമേഖലകളിൽനിന്ന് മനുഷ്യരെ ഒഴിവാക്കുകയാണ് പ്രധാനം. നാട്ടാനകളെ കൊണ്ടുനടക്കുന്നത് ആയിരക്കണക്കിന് മനുഷ്യരുടെ ഇടയിലാണ്. അപ്പോൾ രോഗം പകരും. വനപ്രദേശങ്ങൾ വന്യജീവികൾക്ക് വിട്ടുകൊടുക്കണം -ഡോ. പി.എസ്. ഈസ, കേരള വനഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ
from mathrubhumi.latestnews.rssfeed http://bit.ly/2EfA3b2
via
IFTTT
No comments:
Post a Comment