രാജമുൺട്രി (ആന്ധ്രാപ്രദേശ്): രാജ്യസുരക്ഷയുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള പ്രതിബദ്ധതയെ സംശയിക്കുന്ന കോൺഗ്രസ് പുൽവാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ രാജ്യം മുഴുവൻ ദുഃഖാചരണം നടത്തുന്ന സമയത്ത് പ്രധാനമന്ത്രി മോദി ജിം കോർബെറ്റ് നാഷണൽ പാർക്കിൽ പരസ്യചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നുവെന്ന കോൺഗ്രസിന്റെ ആരോപണത്തിനാണ് അമിത് ഷാ മറുപടി നൽകിയത്. ബിജെപിയെ കോൺഗ്രസ് ദേശസ്നേഹം പഠിപ്പിക്കേണ്ടന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ നീക്കാൻ പ്രതിപക്ഷം ഭീകരവാദികളുടെപോലും പിന്തുണതേടിയെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയെ ചോദ്യംചെയ്യാൻ കോൺഗ്രസിന് അവകാശമില്ല. 2016 ലെ മിന്നലാക്രമണത്തിൽ സംശയം പ്രകടിപ്പിച്ചവരാണ് അവർ. കോൺഗ്രസ് നേതാവ് നവജ്യോത് സിങ്സിദ്ദു പാക് കരസേനാ മേധാവിയെ ആലിംഗനംചെയ്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ജവഹർലാൽ നെഹ്രു സർവകലാശാലയിലെത്തി ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയവരെ പ്രശംസിച്ചു. കശ്മീർ പ്രശ്നം പരിഹരിക്കപ്പെടാത്തതിന് ഉത്തരവാദി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണെന്നും അദ്ദേഹം ആരോപിച്ചു. സർദാർ വല്ലഭായിപ്പട്ടേൽ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നു. രാജ്യത്തെ ജനങ്ങൾ മുഴുവൻ പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കും. ഭീകരർക്ക് തക്കതായ തിരിച്ചടി നൽകുന്നതിനുള്ള സമയവും തീയതിയും തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി സൈന്യത്തിന് സ്വാതന്ത്ര്യം നൽകിക്കഴിഞ്ഞുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വർഷമായി രാജ്യസുരക്ഷയ്ക്കാണ് പ്രധാനമന്ത്രി ഏറ്റവുമധികം പ്രാധാന്യം നൽകുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ മോദിയിൽ വിശ്വാസമർപ്പിച്ചിട്ടുള്ള രാജ്യത്തെ ജനങ്ങൾ തള്ളിക്കളയും. ദൗർഭാഗ്യകരമായ സംഭവം നടക്കുമ്പോൾ പ്രധാനമന്ത്രി മറ്റൊരു തിരക്കിലായിരുന്നു. അതിനെ വലിയ വിഷയമാക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ആന്ധ്രാപ്രദേശിൽ നടന്ന ചടങ്ങിൽ അമിത് ഷാ ആരോപിച്ചു. Content Highlights:Amit Shah, Congress, Pulwama Terror Attack
from mathrubhumi.latestnews.rssfeed https://ift.tt/2IumY1G
via
IFTTT
No comments:
Post a Comment