ചെന്നൈ: പ്രഥമ പ്രോ വോളി ലീഗിലെ കലാശപ്പോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസും ചെന്നൈ സ്പാർട്ടൻസും ഏറ്റുമുട്ടും. ചെന്നൈ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് മത്സരം. ഫൈനലിന് മുന്നോടിയായി വനിതാ താരങ്ങളുടെ സൗഹൃദമത്സരവുമുണ്ട്. ഒരു മത്സരത്തിൽപ്പോലും തോൽക്കാതെ ഇറങ്ങുന്ന കാലിക്കറ്റിന് മുൻതൂക്കമുണ്ട്. എന്നാൽ, ലീഗ് മത്സരത്തിൽ വൻ തിരിച്ചുവരവ് നടത്തിയ ചെന്നൈ കടുത്ത വെല്ലുവിളി ഉയർത്തും. ഇതുവരെ മികച്ച പ്രകടനം നടത്താനായതിന്റെ ആത്മവിശ്വാസം ഫൈനലിൽ പ്രതിഫലിക്കുമെന്നും കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ആവർത്തിച്ച് കിരീടം സ്വന്തമാക്കാനാവുമെന്നും കാലിക്കറ്റ് നായകൻ ജെറോം വിനീത് പറഞ്ഞു. വൻ വെല്ലുവിളികൾ നേരിട്ട് ഫൈനൽവരെയെത്തിയ തങ്ങൾ കപ്പ് സ്വന്തമാക്കാൻ ഉറച്ചുതന്നെയാണ് ഇറങ്ങുന്നതെന്ന് ചെന്നൈ നായകൻ ഷെൽട്ടൺ മോസസ് പറഞ്ഞു. കാലിക്കറ്റ് മികച്ച ടീമാണ്. എന്നാൽ, ഞങ്ങൾക്ക് ജയിച്ചേ മതിയാകൂ -മോസസ് കൂട്ടിച്ചേർത്തു. ടൂർണമെന്റിലെതന്നെ രണ്ടാമത്തെ മത്സരത്തിലായിരുന്നു ലീഗിൽ ഇരുടീമുകളും ഏറ്റുമുട്ടിയത്. ഒന്നിനെതിരേ നാലു സെറ്റുകൾക്കാണ് കാലിക്കറ്റ് വിജയിച്ചത്. സ്വന്തം തട്ടകത്തിലാണ് മത്സരമെന്നത് ചെന്നൈയ്ക്ക് ഗുണകരമാവും. എന്നാൽ, അനായാസ വിജയങ്ങളുമായി ഇത്രവരെയെത്തിയ കാലിക്കറ്റിനെ പിടിച്ചുകെട്ടുക എളുപ്പമല്ല. ജെറോം വിനീത്, പോൾ ലോട്മാൻ, അജിത്ത് ലാൽ എന്നിവർ മികച്ച ഫോമിലാണ്. സെമിയിൽ കൊച്ചിക്കെതിരേ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ചെന്നൈയുടെ റൂഡി വെർഹോഫ്, റസ്ലാൻസ് സൊറോക്കിൻസ് എന്നിവർ മികവ് ആവർത്തിച്ചാൽ തീപാറും പോരാട്ടം ഉറപ്പ്. Content Highlights:calicut heros chennai spartans pro volleyball league final
from mathrubhumi.latestnews.rssfeed https://ift.tt/2SjZNHc
via
IFTTT
No comments:
Post a Comment