തിരുവനന്തപുരം: സി.ഇ.ടി ഹോസ്റ്റലില്‍ കയറാനുള്ള സമയം ആറരയില്‍ നിന്ന് ഒമ്പതരയാക്കാനുള്ള സമരത്തെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം. ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ നാളെ കൂടെക്കിടക്കാന്‍ ബോയ് ഫ്രണ്ടിനെ വേണമെന്ന് ആവശ്യപ്പെടുമോ എന്നതടക്കം കേട്ടാലറയ്ക്കുന്ന അസഭ്യ കമന്റുകളാണ് വരുന്നത്. ഇതിനെതിരെ ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
ഡോ. നെല്‍സന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
സി.ഇ.ടിയിൽ ഹോസ്റ്റലിൽ കയറുവാനുള്ള സമയം ആറരയിൽ നിന്ന് ഒമ്പതര ആക്കുവാനുള്ള സമരം നടന്നതിനെക്കുറിച്ചുള്ള വാർത്തയുടെ താഴെ കാണുന്ന കമൻ്റുകൾ വായിച്ച് സത്യത്തിൽ ഓക്കാനം വന്നു. ഏതാനും സാമ്പിളുകൾ ...
" ഗൈനക്കോളജി ഡോക്ടറും മെഡിക്കൽ ഷോപ്പും അടുത്തുണ്ടോ "
" കൂടെ കിടക്കാൻ ബോയ് ഫ്രണ്ട് വേണമെന്ന് പറഞ്ഞ് സമരം ചെയ്യുമോ "
" പീഢിപ്പിച്ചാൽ കുറ്റം പറയരുത് "
" ഇവളുമാർക്ക് അഴിഞ്ഞാടണം , അതാണു കാര്യം "
ഏറ്റവും ഞെട്ടിക്കുന്നത് ഇതിനൊക്കെ അനുകൂലമായി ലഭിക്കുന്ന റിയാക്ഷനുകളാണ്.
എന്തിനാണിത്ര അസഹിഷ്ണുതയെന്നല്ലേ? പെണ്ണ് ഒരു മൂന്ന് മണിക്കൂർ കൂടി ശുദ്ധവായു ശ്വസിക്കുന്നതിനാണ്.
ആണുങ്ങൾക്ക് തീറെഴുതിക്കിട്ടിയതെന്ന് സ്വയം വിശ്വസിക്കുന്ന രാത്രി പെണ്ണുകൂടി അവകാശമാക്കുന്നതിൻ്റെ ചൊറിച്ചിൽ അറിയാതെ പുറത്തുവരുന്നതാണ്.
പേരൻബ് എന്ന മമ്മൂട്ടിച്ചിത്രത്തിൽ അറിയാതെ കണ്ണുനിറഞ്ഞുപോയ ഒരു സീനുണ്ട്. ഒരു സംഭാഷണമോ ഒരു ശോകമൂകമായ പശ്ചാത്തലസംഗീതമോ ഇല്ലാത്ത സീൻ.
അഞ്ജലി അമീറിൻ്റെ മീരയെന്ന കഥാപാത്രം മമ്മുക്ക അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ കാറിലിരുന്ന് രാത്രിയിൽ വിജനമായ തെരുവീഥിയിൽ കാറിൻ്റെ ജനാലയിലൂടെ തല പുറത്തേക്കിട്ട് സ്വാതന്ത്ര്യത്തിൻ്റെ കുളിർകാറ്റേൽക്കുന്ന, പുഞ്ചിരിക്കുന്ന സീൻ...
ഒരുപക്ഷേ എന്താണ് മീരയുടെ മനസിലൂടെ കടന്നുപോയതെന്ന് പൂർണമായി മനസിലായതുകൊണ്ടാവാം...
രാത്രിയിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ മുഴുവനും പിഴകളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? ആറരയ്ക്കു ശേഷം പുറത്തിറങ്ങുന്നവരെ അഴിഞ്ഞാട്ടക്കാരികളെന്ന് വിളിക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്? ആറര കഴിഞ്ഞ് പുറത്തിറങ്ങിയാലുടനെ ഗർഭമുണ്ടാവുമെന്ന് ധരിക്കാൻ മാത്രം ശുഷ്കിച്ചതാണോ നിങ്ങളുടെ തലച്ചോറ്?
കഷ്ടം...
പെണ്ണ് തനിക്കുള്ളതാണെന്ന് വിശ്വസിക്കുന്ന,സ്വന്തമാക്കേണ്ടുന്ന ഒരു പ്രോപ്പർട്ടിയാണെന്ന് കരുതുന്ന ആൽഫാമെയിൽ സങ്കല്പത്തിന് പെണ്ണിൻ്റെ നോ കരണക്കുറ്റിക്ക് കിട്ടുന്ന അടിയാണ്. അവൾ തൻ്റെ പങ്കാളിയെ തിരഞ്ഞെടുക്കുമെന്നത് ചിന്തിക്കാൻ പോലും പ്രയാസമാണ്. അത് അറിയാതെ പുറത്ത് ചാടുന്നതാണ് രണ്ടാമത്തവൻ്റെ പ്രശ്നം
നിങ്ങൾ അപമാനിക്കുന്നത് ആ പെൺകുട്ടികളെയോ അവരുടെ കുടുംബത്തെയോ ആണെന്നൊരു തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് തിരുത്തിക്കോളൂ...നീയൊക്കെക്കൂടെ ചെളിവാരിയെറിയുന്നത് സ്വന്തം മുഖത്തും ആണുങ്ങളുടെ മുഴുവൻ മുഖത്തുമാണ്.
ഇരുട്ടൊന്ന് വീണ് കിട്ടാൻ, സൂര്യനൊന്ന് താണുകിട്ടാൻ കാത്തിരിക്കുകയാണ് വേട്ടയ്ക്കിറങ്ങാനെന്ന് സ്വയം വിളിച്ചുപറയുകയാണ് നിങ്ങൾ. നിങ്ങളുടെ മുഖത്തണിഞ്ഞിരിക്കുന്ന മാന്യതയ്ക്ക് പകലിൻ്റെ നീളം മാത്രമേയുള്ളെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്.
രാത്രിയിൽ പുറത്തിറങ്ങുന്നവരെ പീഢിപ്പിച്ചാൽ, ആക്രമിച്ചാൽ കുറ്റം പറയരുതെന്ന് പറഞ്ഞ ആണിനോട് ഒന്ന് പറയാനുണ്ട്. ..ലൈംഗികാതിക്രമം നടക്കാൻ കാരണം, തെറ്റ് പെണ്ണിൻ്റെ വസ്ത്രത്തിനും ചിരിക്കും സംസാരത്തിനും നോട്ടത്തിനും രാത്രിയിലെ നടപ്പിനും വരെ കല്പിച്ചുനൽകുന്ന വലിയൊരു സമൂഹത്തിൻ്റെ പ്രതിനിധിയാണ് താനും.
നിങ്ങൾ കാരണമാണ് അതിക്രമി ഇന്നും സമൂഹത്തിൽ തലയുയർത്തിപ്പിടിച്ച് ജീവിക്കുമ്പോൾ ആക്രമിക്കപ്പെട്ടവൾ സ്വന്തം പേരുപോലും നഷ്ടപ്പെട്ട് ഇരുട്ടിലേക്ക് മാറ്റിനിറുത്തപ്പെടുന്നത്. തെറ്റുകാരനു പകരം അവൾ മറഞ്ഞുനിൽക്കേണ്ടിവരുന്നത്.
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2016ൽ കേരളത്തിൽ ആറ് വയസിൽ താഴെയുള്ള 42 കുട്ടികൾ ലൈംഗികമായി ആക്രമിക്കപ്പെട്ടിരുന്നു. അത് നിങ്ങൾ ഏത് രീതിയിലുള്ള വസ്ത്രധാരണത്തിലാണ് ഉൾക്കൊള്ളിക്കുക? 12 വയസിൽ താഴെയുള്ള 188 കുട്ടികൾ..അവരെ നിങ്ങൾ ഏത് രാത്രിയാത്രയുടെ പേരിലാണ് ക്രൂശിക്കുക?
രാത്രി പുറത്തിറങ്ങാതെയിരിക്കുന്നതാണ് സുരക്ഷയെന്നും വീടിനുള്ളിൽ പെണ്ണ് സുരക്ഷിതയാണെന്നും കരുതുന്ന മണ്ടന്മാർ അടുത്ത കണക്ക് കേൾക്കണം. 1656 കേസുകളിൽ 1627 എണ്ണത്തിലും അതിക്രമി മുൻപ് അറിയാവുന്ന ആളായിരുന്നു. അതിൽ 579 എണ്ണത്തിൽ - മൂന്നിലൊന്ന് - അച്ഛനോ മുത്തച്ഛനോ ബന്ധുക്കളോ അയൽക്കാരോ ആയിരുന്നു കുറ്റക്കാർ....ഏത് വീടിനുള്ളിലടച്ചാണ് നിങ്ങൾ സുരക്ഷ ഒരുക്കുമെന്ന് പറയുന്നത്?
മാറേണ്ടത് നമ്മളാണ്. അല്ലാതെ പെണ്ണിനെ പൂട്ടിയിട്ടോ അവൾ പുറത്തേക്ക് കാൽ വയ്ക്കുമ്പൊ വാക്കുകൾ കൊണ്ട് കൊന്ന് കൊലവിളിച്ചോ അല്ല പ്രതികരിക്കേണ്ടത്.
ആരോഗ്യമുളള അമ്മയിൽ നിന്നാണ് ആരോഗ്യമുള്ള കുഞ്ഞുണ്ടാവുകയെന്ന് എവിടെയോ വായിച്ചത് ഓർമിക്കുന്നു. അത് ഒന്ന് തിരുത്തിവായിക്കുകയാണ്. ആരോഗ്യമുള്ള സ്ത്രീയിൽ നിന്നാണ് ആരോഗ്യമുള്ള സമൂഹത്തിൻ്റെ തുടക്കം.
ആരോഗ്യമെന്നത് ശാരീരികമായ അവസ്ഥയെ മാത്രമല്ല ഇവിടെ സൂചിപ്പിക്കുന്നത്. ആരോഗ്യമുള്ള വ്യക്തിത്വം, സ്വന്തം തീരുമാനങ്ങൾ സ്വയമെടുക്കാനുള്ള കരുത്ത്, അതിനുള്ള സ്വാതന്ത്ര്യം, സാഹചര്യം എല്ലാം ചേർന്നതാണ്.
പെൺകുട്ടിയോ ആൺകുട്ടിയോ ചാക്കിൽ കെട്ടിയോ പൂട്ടിയിട്ടോ സൂക്ഷിക്കുന്ന അമൂല്യസ്വത്തുക്കളല്ലെന്നും വ്യക്തികളാണെന്നും മനസിലാക്കിയേ തീരൂ. ഇല്ലെങ്കിൽ കാലം നിങ്ങൾക്ക് മറുപടി നൽകും.
from mangalam.com https://ift.tt/2T9xLm8
via IFTTT
No comments:
Post a Comment