പത്തനംതിട്ട യുഡിഎഫിന് വലിയ പ്രാമുഖ്യമുള്ള മണ്ഡലമാണ്. കൃത്യമായി പറഞ്ഞാൽ കോൺഗ്രസ് മണ്ഡലമാണ്. അനായാസം കോൺഗ്രസിന് ജയിക്കാൻ കഴിയുന്ന മണ്ഡലമാണ്. കഴിഞ്ഞ രണ്ടുതവണയും ആന്റോ ആന്റണിയാണ് മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ തവണ തന്നെ ആന്റോ ആന്റണിക്കെതിരെ ശക്തമായ വികാരമുണ്ടായിരുന്നു. ആന്റോ ആന്റണി ഒട്ടും ജനകീയനല്ലാത്ത നേതാവാണ്. ജനങ്ങളുടെ ഇടയിൽ ഒട്ടും സ്വീകാര്യനല്ല. ഈ അവസ്ഥ കഴിഞ്ഞതവണത്തേക്കാൾ കൂടിയിട്ടുമുണ്ട്. ആന്റോ ആന്റണിയെ വെച്ചുകൊണ്ട് പത്തനംതിട്ടയിൽ യുഡിഎഫ് മത്സരത്തിനിറങ്ങുന്നത് ഒട്ടും ആശാവഹമല്ല. ശബരിമലയുമായി ബന്ധപ്പെട്ട് വലിയൊരു വികാരമുണ്ടായിട്ടുണ്ട്. വളരെയധികം വോട്ടുകൾ ബിജെപിയിലേക്ക് പോയേക്കാം. പക്ഷെ ബിജെപിയുടെ സ്ഥാനാർഥിയാരാണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. എം.ടി. രമേശിന്റെയും മറ്റും പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. എന്തായാലും ബിജെപി മണ്ഡലത്തിൽ ശക്തമായ സാന്നിധ്യമായിരിക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. പത്തനംതിട്ട മണ്ഡലത്തിൽ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കൃത്യമായ സ്ഥാനാർഥിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നുള്ളത് ഒരു യാഥാർഥ്യമാണ്. കഴിഞ്ഞതവണ ഫിലിപ്പോസ് തോമസിനെയാണ് പരിഗണിച്ചത്. ഇത്തവണ മറ്റാരെങ്കിലുമായിരിക്കും. ഒരുപക്ഷെ ശോഭനാ ജോർജോ അതുപോലെ ആരെങ്കിലുമോ ആയിരിക്കും. കത്തോലിക്കരല്ലാത്ത ക്രൈസ്തവർ ഏറെയുള്ള ജില്ലയാണ് പത്തനംതിട്ട. പത്തനംതിട്ടയോട് ചേർന്നുകിടക്കുന്ന പൂഞ്ഞാർ അടക്കമുള്ള സ്ഥലങ്ങളും മണ്ഡലത്തിന്റെ ഭാഗമാണ്. നായർ സമുദായവും, കത്തോലിക്കരല്ലാത്ത മാർത്തോമ, സിഎസ്ഐ, ഓർത്തഡോക്സ് സഭ, പെന്തിക്കോസ്ത് വിഭാഗങ്ങളിൽ പെടുന്ന ക്രൈസ്തവർ ഇവർക്കെല്ലാം പ്രാമുഖ്യമുള്ള മണ്ഡലമാണ് പത്തനംതിട്ട. അങ്ങനെയുള്ളൊരു സ്ഥലത്ത് ആന്റോ ആന്റണി ഒരു ഐഡിയൽ സ്ഥാനാർഥിയല്ല. മറ്റൊരു സ്ഥാനാർഥിയെ പറ്റി ആലോചിക്കുകയാണെങ്കിൽ മികച്ച ഉത്തരം ഉമ്മൻചാണ്ടിയാണ്. ഉമ്മൻചാണ്ടിക്കാണെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നുമില്ല. ഉമ്മൻചാണ്ടിക്കാണെങ്കിൽ ഒരു മുഖവുരയുടെ ആവശ്യമില്ല, മണ്ഡലത്തിലെ ഒരു വിഭാഗം ഇദ്ദേഹത്തിന്റെ സഭക്കാരുമാണ്. കൂടാതെ ശബരിമല വിഷയത്തിലും കോൺഗ്രസ് ബിജെപിയുടേതുപോലൊരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഒരുപക്ഷെ ഉമ്മൻ ചാണ്ടി മത്സരിക്കുകയാണെങ്കിൽ ബിജെപിക്ക് പോയേക്കാവുന്ന വോട്ടുകളിൽ നല്ലൊരു ശതമാനം കോൺഗ്രസിന് ലഭിച്ചേക്കാം. എല്ലാവരുമായി നല്ലൊരു ബന്ധം പുലർത്തുന്ന നേതാവായതുകൊണ്ട് അങ്ങനെ ഒരു സൗകര്യം കൂടിയുണ്ട്. അതിനാൽ ഉമ്മൻചാണ്ടി ആണ് സ്ഥാനാർഥിയെങ്കിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നല്ലൊരു ചോയ്സാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2DW2gCz
via
IFTTT
No comments:
Post a Comment