ന്യൂഡൽഹി: ഭീകരവാദം പൊതുവായ വിഷയമാണെന്നും ഇതിനെതിരായ നീക്കങ്ങളിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. സൗദിയുടെ ഇന്റലിജൻസ് വിവരങ്ങൾ ഇന്ത്യയുമായി പങ്കുവെയ്ക്കുമെന്നും ഇക്കാര്യത്തിൽ എല്ലാ അയൽരാജ്യങ്ങളുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരായ നീക്കങ്ങളിൽ മുഖ്യപങ്കുവഹിക്കുന്ന ഇന്ത്യയോട് നന്ദി അറിയിക്കുന്നതായും സൗദി കിരീടാവകാശി വ്യക്തമാക്കി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹത്തോടൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഭീകരവാദത്തിനെതിരായ നിലപാടുകളിൽ ഇന്ത്യയ്ക്കും സൗദിയ്ക്കും ഏകാഭിപ്രായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന് ഇരുരാജ്യങ്ങൾക്കും ഒരേ നിലപാടാണുള്ളത്. സൗദിയും ഇന്ത്യയും തമ്മിൽ നാവിക,സൈബർ സുരക്ഷയിലും തീവ്രവാദത്തിനെതിരായ പോരാട്ടത്തിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് ഇരുരാജ്യങ്ങൾക്കും ഉപകാരപ്രദമാണെന്നും മോദി പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരേ സമ്മർദം ശക്തമാക്കുമെന്നും അദ്ദേഹം സംയുക്ത പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. സൗദി കിരീടാവകാശിയുമായി എല്ലാതലത്തിലുമുള്ള വിഷയങ്ങൾ ചർച്ച ചെയ്തതായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്കെത്തിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമെടുത്തതായും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ അഞ്ച്ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. അടിസ്ഥാനസൗകര്യ വികസനം, പ്രക്ഷേപണരംഗങ്ങളിലെ സഹകരണം, ഉഭയകക്ഷി നിക്ഷേപം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. Content Highlights:saudi crown prince mohammed bin salman and pm narendra modi joint statement after meeting
from mathrubhumi.latestnews.rssfeed https://ift.tt/2TZfqFx
via
IFTTT
No comments:
Post a Comment