ന്യൂഡൽഹി: തീവ്രവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങൾപരാജയപ്പെട്ട സാഹചര്യത്തിൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്). നാൽപതു സൈനികരുടെ മരണത്തിനിടയാക്കിയ പുൽവാമ തീവ്രവാദി ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് എഫ്എടിഎഫിന്റെ തീരുമാനം. പാകിസ്താനെ ഗ്രേലിസ്റ്റിൽനിന്ന് ഒഴിവാക്കരുതെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണമൊഴുകുന്നത് തടയുന്നതിന് പാകിസ്താൻ നടത്തിയ ശ്രമങ്ങൾ തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി. ഇക്കാര്യത്തിലുള്ള പാകിസ്താന്റെ തുടർപ്രവർത്തനങ്ങൾ ഈ വർഷം ജൂൺ, ഒക്ടോബർ മാസങ്ങളിൽ വീണ്ടും വിലയിരുത്തുമെന്നും ലക്ഷ്യം നേടാനായിട്ടില്ലെന്നു വ്യക്തമായാൽ പാകിസ്താനെ ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും എഫ്എടിഎഫ് വ്യക്തമാക്കി. ഭീകരപ്രവർത്തനങ്ങൾക്കുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയാണ് എപ്എടിഎഫ്.38 രാജ്യങ്ങൾ അംഗങ്ങളായുള്ള സംഘടനയുടെ യോഗം പാരീസിൽ നടക്കുകയാണ്. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താനുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകൾ അടക്കമുള്ള ഫയൽ എഫ്എടിഎഫിന് സമർപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്താനിലെ ചില ഏജൻസികൾ വഴി പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയായ ജയ്ഷെ ഇ മുഹമ്മദിന് പണം ലഭിച്ചിട്ടുണ്ടെന്ന കാര്യവും ഇതിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം പാരീസിൽ നടന്ന പ്ലീനറി സമ്മേളനത്തിലാണ് പാകിസ്താനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. ഗ്രേലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യത്തിന് അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽനിന്ന് വായ്പ അടക്കമുള്ള സാമ്പത്തിക സഹായങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാകും. Content Highlights:Pakitan, Grey List, Kashmir, Terrorism, FATF, Pulwama terror attack, India
from mathrubhumi.latestnews.rssfeed https://ift.tt/2txrLFp
via
IFTTT
No comments:
Post a Comment