തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനും മുൻ എം.എൽ.എ കെ. വി കുഞ്ഞിരാമനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുഞ്ഞിരാമൻ എംഎൽഎ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ച അറസ്റ്റിലായ പീതാംബരന്റെ കുടുംബാംഗങ്ങൾക്ക് മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ പണം നൽകി സ്വാധീനിച്ചെന്നും ചെന്നിത്തല ആരോപിച്ചു. പെരിയ ഇരട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത ആൾ ആദ്യം അഭയം തേടിയത് പാർട്ടി ഏരിയാ കമ്മിറ്റി ഓഫിസിലാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി അറിയാതെ പീതാംബരൻ കൃത്യം നടത്തില്ല എന്ന് പീതാംബരന്റെ ഭാര്യയും മകളും പറയുന്നു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. കേസിൽ കുഞ്ഞിരാമൻമാരുടെ പങ്ക് എന്താണെന്ന് അന്വേഷിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഉദുമ എം.എൽ.എ കുഞ്ഞിരാമന്റെ നിർദ്ദേശപ്രകാരമാണ് കൊല നടത്തിയതെന്ന് മരിച്ച കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ പറയുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. "മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ പീതാംബരന്റെ വീട്ടിൽ പോയിബന്ധുക്കൾക്ക് പണം നൽകുന്നു. ഒന്നും പറയരുത് എന്ന് അവരോട് പറയുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് പാർട്ടിയുടെ ഉന്നതതലത്തിലുള്ള ഗൂഢാലോചനയാണ് കൊലപാതകം എന്നതാണ്"അദ്ദേഹം ആരോപിച്ചു. കുഞ്ഞിരാമൻ എംഎൽഎ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നു. ഉദുമ ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി സ്വാഗതം സംഘം രൂപീകരണ യോഗത്തിനു ശേഷം 16000 പേരാണ് അവിടെ നിന്ന് ഭക്ഷണം കഴിച്ചത്. സ്വാഗത സംഘം അധ്യക്ഷൻ എം.എൽ.എ ആയിരുന്നിട്ടും അദ്ദേഹം മാറിനിന്നു. സിപിഎം ജില്ലാ സെക്രട്ടറിയും സ്ഥലത്തുണ്ടായിരുന്നു അദ്ദേഹവും മാറിനിന്നു. ഇവർ സ്ഥലത്തുണ്ടായിട്ടും ചടങ്ങിൽ പങ്കെടുക്കാതെ മാറി നിന്നത് ദുരൂഹമാണ്. അന്നു രാത്രിയിലാണ് കൊലപാതകം ഉണ്ടാകുന്നത്. എം.എൽ.എ കുഞ്ഞിരാമന്റെ വീടിനടുത്തുവെച്ചാണ് കൊലപാതകത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തിയത്. അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ എം.എൽഎ ഭീഷണിപ്പെടുത്തി. കേസന്വേഷിച്ച കാസർഗോഡ് എസ്പിയെ മാറ്റി. അറസ്റ്റിലായ പീതാംബരനിൽ മാത്രം കേസ് ഒതുക്കാൻ ശ്രമം നടക്കുന്നു. പീതാംബരൻ പ്രതിയാണെന്ന് പറയുന്നതിന് മുമ്പെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലോക്കൽ കമ്മിറ്റി അംഗം മാത്രമായ പീതാംബരൻ വിചാരിച്ചാൽ ഇതുപോലൊരു കൊലപാതകം നടക്കില്ല. കൊലക്ക് ഉപയോഗിച്ചതെന്ന് പറഞ്ഞ് പോലീസ് കണ്ടെടുത്തത് മൂർച്ചയില്ലാത്ത പഴയ ആയുധങ്ങളാണ്. "പാർട്ടി പുറത്താക്കിയ പീതാംബരന്റെ വീട്ടിൽ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ പോകേണ്ട കാര്യമെന്തിനാണ്. ഇതൊക്കെ നോക്കുമ്പോൾ കേസ് അട്ടിമറിക്കാനുള്ള ബോധപൂർവമായ നീക്കം മാർക്സിസ്റ്റ് പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടാകുന്നു. കുഞ്ഞിരാമൻ എം.എൽ.എ അടക്കമുള്ള ആളുകൾ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുകയാണ്",ചെന്നിത്തല ആരോപിക്കുന്നു. കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘങ്ങൾ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാണെന്നും ചെന്നിത്ത ആരോപിച്ചു. ആസൂത്രിതമായ തിരക്കഥയുടെ ഭാഗമായാണ് അന്വേഷണം നടക്കുന്നത്. കൃപേഷിന്റെയും ശരത്തിന്റെയും മുന്നു സുഹൃത്തുക്കൾ ജീവഭയത്താൽ ഒളിവിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ഉദുമ എംഎൽഎയുടെ പങ്കുപോലും അന്വേഷിക്കാത്ത പോലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉദുമ എംഎൽഎ കുഞ്ഞിരാമൻ കേസിലെ പ്രധാനപ്പെട്ട പ്രതിയാണെന്നാണ് സുചനകൾ. അതിനാൽ ഉദുമ എംഎൽഎ കുഞ്ഞിരാമൻ, മുൻ എംഎൽഎ കെ,വി കുഞ്ഞിരാമൻ എന്നിവരുടെ പങ്ക് പോലീസ് അന്വേഷിക്കണം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്തിന്റെയും ബന്ധുക്കൾക്ക് അന്വേഷണത്തിൽ തൃപ്തിയില്ലാത്ത സാഹചര്യത്തിൽ കേസ് സിബിഐ അന്വേഷിക്കണം. സർക്കാരിനും പാർട്ടിക്കും ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിന് സിബിഐ അന്വേഷണം നടത്തിക്കൂടായെന്നും ചെന്നിത്തല ചോദിച്ചു. ഇതുവരെ കൊലപാതകം നടത്തിയ യഥാർഥ പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള 29-ാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. സിപിഎം ഭീകര സംഘടനയായി മാറി. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തെ ബാധിച്ച അർബുദമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Ramesh chennithala Demand CBI Invesigation on kasargode Double Murder
from mathrubhumi.latestnews.rssfeed https://ift.tt/2IBkYVI
via
IFTTT
No comments:
Post a Comment