നെയ്വേലി: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടും കേരളവും തമ്മിൽ ഇനി ഒരു വിജയത്തിന്റെ ദൂരം മാത്രം. സർവീസസിനെതിരേ രണ്ട് ഗോൾ വ്യത്യാസത്തിൽ വിജയിച്ചാൽ കേരളത്തിന് ഫൈനൽ റൗണ്ടുറപ്പിക്കാം. രാവിലെ നടന്ന മത്സരത്തിൽ തെലങ്കാനയെ പുതുച്ചേരി സമനിലയിൽ കുരുക്കിയതോടൊണ് കേരളത്തിന്റെ പ്രതീക്ഷകൾ സജീവമായത്. തെലങ്കാന വിജയിച്ചിരുന്നെങ്കിൽ നിലവിലെ ചാമ്പ്യൻമാരായ കേരളം പുറത്താകുമായിരുന്നു. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിൽ തെലങ്കാനയ്ക്ക് അഞ്ച് പോയിന്റാണുള്ളത്. രണ്ട് പോയിന്റുള്ള പുതുച്ചേരി ഫൈനൽ റൗണ്ടിലെത്താതെ നേരത്തെ തന്നെ പുറത്തായിരുന്നു. ഒരു മത്സരം ശേഷിക്കെ സർവീസസിന് മൂന്ന് പോയിന്റും കേരളത്തിന് രണ്ട് പോയിന്റുമുണ്ട്. ഫൈനൽ റൗണ്ടിലെത്താൻ സർവീസസിന് കേരളത്തിനെതിരേ വിജയം മാത്രം മതി. വിജയിച്ചാൽ സർവീസസിന് ആറു പോയിന്റാകും. ഇതോടെ തെലങ്കാനയെ മറികടന്ന് അടുത്ത റൗണ്ടിലെത്താം. അതേസമയം സർവീസസിനെ തോൽപ്പിച്ചാൽ കേരളത്തിന് അഞ്ച് പോയിന്റാകും. ഇതോടെ തെലങ്കാനയ്ക്കും കേരളത്തിനും ഒരേ പോയിന്റ് നിലയാകും. ആ സാഹചര്യത്തിൽ ഗോൾശരാശരിയാകും നോക്കുക. അങ്ങനെയെങ്കിൽ അടുത്ത റൗണ്ടിലെത്താൻ കേരളം രണ്ട് ഗോൾ വ്യത്യാസത്തിൽ സർവീസസിനെ തോൽപ്പിക്കണം. ഇനി കേരളവും സർവീസസും സമനിലയിൽ പിരിഞ്ഞാൽ തെലങ്കാന അടുത്ത റൗണ്ടിലെത്തും. മുന്നേറ്റത്തിൽ മാറ്റങ്ങളുമായാകും കേരളം കളിക്കുക. അനുരാഗിന് സ്ഥാനം ഉറപ്പാണ്. പരിചയസമ്പന്നനായ സജിത്ത് പൗലോസ് ഒപ്പം കളിക്കാൻ സാധ്യതയുണ്ട്. മുഹമ്മദ് സല വിങ്ങറായി തുടരും. വലതുവിങ്ങിൽ ഇനായത്ത് ആദ്യ ഇലവനിൽ വരാനുമിടയുണ്ട്. സർവീസസിന് രണ്ടു മഞ്ഞക്കാർഡ് കണ്ട ഹീറോജീത്ത് സിങ്ങിന്റെ അഭാവം തിരിച്ചടിയാകും. മധ്യനിരയിലെ പ്രധാനിയാണ് സിങ്. Content Highlights: Santosh Trophy Football 2019 Kerala Hopes Final Round Entry
from mathrubhumi.latestnews.rssfeed http://bit.ly/2tcGUM3
via
IFTTT
No comments:
Post a Comment