റിയാദ് : സൗദി അറേബ്യയും ഇന്ത്യയുമായി കൂടുതല്‍ സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി-ഇന്ത്യ സുപ്രീം കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നു. സൗദി കിരീടാവകാശിയും ഉപ പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 19, 20 തീയതികളില്‍ നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തില്‍ ഒപ്പുവെക്കുന്ന സുപ്രധാന കരാറാണിത്. ഇത് സംബന്ധിച്ച് സൗദി രാജാവ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍യെമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കരാര്‍ ഒപ്പിടാന്‍ കിരീടാവകാശിയെ ചുമതലപ്പെടുത്തി. കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലില്‍ സൗദി ഭാഗം പ്രസിഡന്റ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനായിരിക്കും.
റേഡിയോ, ടെലിവിഷന്‍ സംപ്രേഷണ മേഖലയില്‍ സഹകരിക്കുന്നതിനും ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കും. ഇക്കാര്യത്തില്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തി ധാരണാപത്രം ഒപ്പുവെക്കുന്നതിന് സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മീഡിയ മന്ത്രിയെ ചുമതലപ്പെടുത്തി .
നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും , സംരക്ഷണം നല്‍കുന്നതിനും ഇന്ത്യയുമായി കരാര്‍ ഒപ്പുവെക്കുന്നതിന് സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ വാണിജ്യ, നിക്ഷേപ മന്ത്രിയെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കൂടാതെ ടൂറിസം മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടൂറിസം മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും ധാരണാപത്രം ഒപ്പുവെക്കുന്നതിനും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനെ മന്ത്രിസഭാ യോഗം അധികാരപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ നാഷണല്‍ ഫണ്ട് ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപം നടത്തുന്നതിന് ഇന്ത്യന്‍ ഗവണ്‍മെന്റുമായി ചര്‍ച്ചകള്‍ നടത്തി ധാരണാപത്രം ഒപ്പുവെക്കുന്നതിന് ഊര്‍ജ, വ്യവസായ മന്ത്രിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ മാസം 19 ന് ന്യൂദൽഹിയിലെത്തുന്ന സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. അഞ്ചു രാജ്യങ്ങൾ അടങ്ങുന്ന ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ഇന്ത്യാ സന്ദർശനം.
പാക്കിസ്ഥാൻ, ചൈന, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. പാക്കിസ്ഥാനിൽനിന്നാണ് കിരീടാവകാശി ന്യൂദൽഹിയിലെത്തുക.പാക്കിസ്ഥാനിലും ഇന്ത്യയിലും ഊർജ, പശ്ചാത്തല മേഖലകളിൽ ശതകോടികളുടെ നിക്ഷേപ പദ്ധതികൾ കിരീടാവകാശി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
.കഴിഞ്ഞ നവംബറിൽ അർജന്റീനയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും നടത്തിയ കൂടിക്കാഴ്ചയിൽ ഊർജ സുരക്ഷ, വാണിജ്യം, പശ്ചാത്തല വികസന പദ്ധതികളിലെ നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നിവ അടക്കമുള്ള മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനു തീരുമാനിച്ചിരുന്നു.
ഇന്ത്യയിൽ തുറമുഖങ്ങളുടെയും എക്‌സ്പ്രസ് ഹൈവേകളുടെയും നിർമാണം വേഗത്തിലാക്കുന്നതിന് നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിക്ഷേപം നടത്തുന്നതിനുള്ള സൗദി തീരുമാനം സന്ദർശനത്തിനിടെ കിരീടാവകാശി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലേക്ക് കാർഷികോൽപന്നങ്ങൾ കയറ്റി അയക്കുന്നതിന് ലക്ഷ്യമിട്ട് ഇന്ത്യയിൽ കാർഷിക മേഖലയിൽ നിക്ഷേപം നടത്തുന്നതിനുള്ള താൽപര്യവും സൗദി അറേബ്യ പ്രകടിപ്പിച്ചിട്ടുണ്ട്.
2017-2018 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2,748 കോടി ഡോളറിലെത്തിയിരുന്നു. ഇന്ത്യക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ നൽകുന്നത് സൗദി അറേബ്യയാണ്. ഇന്ത്യക്കാവശ്യമായ എണ്ണയുടെ 20 ശതമാനവും നൽകുന്നത് സൗദി അറേബ്യയാണ്. ഇന്ത്യയിലെ രത്‌നഗിരി റിഫൈനറി, പെട്രോകെമിക്കൽ പദ്ധതിയിൽ സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകൊയും യു.എ.ഇയിലെ അഡ്‌നോകും പങ്കാളിത്തത്തിൽ പ്രവേശിച്ചിട്ടുണ്ട്. 4,400 കോടി ഡോളർ ചെലവഴിച്ചാണ് രത്‌നഗിരി പദ്ധതി നടപ്പാക്കുന്നത്.
2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ സൗദി സന്ദര്‍ശനത്തിന്റെ അനുബന്ധമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനം. പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊര്‍ജ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ ഉഭയകക്ഷി സഹകരണ കരാറുകളുണ്ട്.
കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനം വളരെ പ്രതീക്ഷയോടെയാണ് പ്രവാസികളും ഉറ്റുനോക്കുന്നത് .നിതാഖാത്തും ,ലെവിയും ,സ്വദേശിവത്ക്കരണവും അടക്കം ദിനംപ്രതി ജോലി നഷ്ടമാകുന്ന ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നതാണ് രാജകുമാരന്റെ ഇന്ത്യ സന്ദർശനം .സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ വിദേശികൾ ജോലി ചെയ്യുന്നതും ഇന്ത്യക്കാരാണ്
28 ലക്ഷം ഇന്ത്യക്കാരാണ് നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നത്.
from mangalam.com http://bit.ly/2UZPael
via IFTTT
No comments:
Post a Comment