ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ എസ് എസിന് എന്തൊക്കെ ചെയ്യാം? സമുദായസംഘടനയായ എൻ എസ് എസിന് രാഷ്ട്രീയലക്ഷ്യമുണ്ട്. സി പി എമ്മിനെ ഒരു പാഠം പഠിപ്പിക്കുക എന്നതു തന്നെ. ശബരിമല നിലപാടിന്റെ പേരിൽ എൻ എസ് എസ് തങ്ങളോടൊപ്പം കൂടുമെന്നാണ് ബി ജെ പിയുടെ സ്വപ്നമെങ്കിലും അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതുവരെ പിന്തുടർന്ന സമദൂരസിദ്ധാന്തം തൽക്കാലം എൻ എസ് എസ് ഉപേക്ഷിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. എൻ എസ് എസിന്റെ പരോക്ഷമോ പ്രത്യക്ഷമോ ആയ പിന്തുണ ആർക്കാവും? യു.ഡി.എഫിനോ എൻ.ഡി.എയ്ക്കോ? പെരുന്നയിൽനിന്നുള്ള രാഷ്ട്രീയസൂചനകൾ വിരൽചൂണ്ടുന്നത് കണക്കുകൾ കൃത്യമായി കൂട്ടിക്കൊണ്ടുള്ള ഒരു സർജിക്കൽ സ്ട്രൈക്കിലേയ്ക്കാണ്. പൊതുവായ ഒരു രാഷ്ട്രീയ പിന്തുണ തരാനാവില്ലെന്ന് എൻ എസ് എസ് നേതൃത്വം ബിജെപിയോടു പറയും. പകരം ഒന്നോ രണ്ടോ സീറ്റുകൾ നിർദേശിക്കാൻ എൻ എസ് എസ് ആവശ്യപ്പെടും. അവിടെ ബി ജെ പി സ്ഥാനാർത്ഥിക്കുവേണ്ടി എൻ എസ് എസ് ശ്രദ്ധ കേന്ദ്രീകരിയ്ക്കും. മറ്റ് മണ്ഡലങ്ങളിൽ പൊതുവായ നിലപാടും. അത് യു ഡി എഫിനെ പിന്തുണച്ചുകൊണ്ടാവുകയും ചെയ്യും. കൃത്യമായ ലക്ഷ്യംവെച്ച് ഒന്നോ രണ്ടോ മണ്ഡലത്തിൽ കൃത്യമായ പിന്തുണ കൊടുത്താൽ ഒന്നിലെങ്കിലും ഫലം കാണാമെന്നാണ് മനക്കണക്ക്. ഒരു സീറ്റിലെങ്കിലും ബിജെപി സ്ഥാനാർഥി ജയിച്ചാൽ മുഴുവൻ ക്രെഡിറ്റും എൻ എസ് എസിനു കിട്ടുകയും ചെയ്യും. ആരുമറിയുകയുമില്ല. അങ്ങനെ വന്നാൽ ബി ജെ പി നേതൃത്വം എൻ എസ് എസിനു മുന്നിൽ വെയ്ക്കുന്നത് ഏതു മണ്ഡലമാവും.? തിരുവനന്തപുരമെന്ന് നിസംശയം പറയാം. എപ്പോഴും ബി ജെ പിയുടെ മനസ്സ് കുളിർപ്പിച്ചിട്ടുള്ള മണ്ഡലമാണ് തലസ്ഥാനനഗരി ഉൾപ്പെടുന്ന തിരുവനന്തപുരം നിയോജകമണ്ഡലം. 1984 മുതലുള്ള കണക്കുകൾ ബിജെപിയുടെ കണ്ണു മഞ്ഞളിപ്പിക്കുന്നുണ്ട്. 1984ലെ ലോക്സഭ തിരഞ്ഞെടുപ്പുഫലം ഇന്നും ബിജെപിയെ ആവേശം കൊള്ളിപ്പിക്കാൻ പോരുന്നതാണ്. അന്ന് ഹിന്ദുമുന്നണി സ്ഥാനാർത്ഥി കേരളവർമ രാജാ മൂന്നാംസ്ഥാനത്തെത്തി. അതിൽത്തന്നെ തിരുവനന്തപുരം ഈസ്റ്റ് നിയോജകമണ്ഡലത്തിൽ രണ്ടാമതാവുകയും ചെയ്തു. അന്നു മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ കണ്ടുപിടിച്ചവതരിപ്പിച്ച എ ചാൾസ് തിരുവനന്തപുരത്തുനിന്നു വിജയിച്ചുവെങ്കിലും കേരളവർമരാജാ നടത്തിയ പ്രകടനം ബി ജെ പി കേന്ദ്രങ്ങളിൽ ആവേശം വർധിപ്പിച്ചു. ഹിന്ദു മുന്നണിയും ബി ജെ പിയും തമ്മിലുള്ള വ്യത്യാസം പേരിൽ മാത്രമായിരുന്നുവെന്നു കാണുക. പൂഞ്ഞാർ കൊട്ടാരത്തിൽനിന്ന് തിരുവനന്തപുരത്ത് ഹിന്ദുമുന്നണി സ്ഥാനാർഥിയായെത്തിയ പി.കേരളവർമരാജാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായിരുന്നു. കരുണാകരന്റെ നാടാർ തന്ത്രത്തിലൂടെ സ്ഥാനാർഥിയായ എ. ചാൾസ് 2,39,791 വോട്ടും നീലലോഹിതദാസൻ നാടാർ 1,86,353 വോട്ടും നേടി. കേരളവർമ രാജയാവട്ടെ, 1,10,449 വോട്ടുമായി തിളക്കമുള്ള മൂന്നാം സ്ഥാനത്തും. ആകെ വോട്ടിന്റെ 19.80 ശതമാനം. ചാൾസിന് 43 ശതമാനവും നീലന് 33.41 ശതമാനവും കിട്ടി. തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലാവട്ടെ 19,882 വോട്ടുമായി കേരളവർമ രാജ രണ്ടാമതെത്തുകയും ചെയ്തു. 32,065 വോട്ടുമായി ചാൾസ് ഒന്നാമനായപ്പോൾ 18,391 വോട്ടുമായി നീലൻ മൂന്നാമനുമായി. ഹിന്ദുമുന്നണിയെന്നാൽ ബിജെപിയും ബിജെപിയെന്നാൽ ഹിന്ദുമുന്നണിയുമായിരുന്നു അക്കാലത്ത്. ഇന്നല്ലെങ്കിൽ നാളെ തിരുവനന്തപുരം തങ്ങളുടെ കൈക്കുള്ളിൽ അമരുമെന്നു കണക്കുകൂട്ടിയിരിക്കുകയായിരുന്നു ഇതുവരെ ബി ജെ പി. ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും ബി ജെ പി തിരുവനന്തപുരത്ത് ആകാശക്കോട്ട കെട്ടും. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐ സ്ഥാനാർത്ഥിയായി വന്നിറങ്ങിയ ശശി തരൂർ ബി ജെ പിയുടെ മനക്കോട്ട തകർത്തുടച്ചുകളഞ്ഞു. 3,26,725 വോട്ടു നേടിയ തരൂർ ഒരുലക്ഷം വോട്ടിനാണ് സി പി ഐ നേതാവ് പി. രാമചന്ദ്രൻ നായരെ തോൽപ്പിച്ചത്. ബി ജെ പി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് 84,084 വോട്ടുമായി തിളക്കമൊട്ടുമില്ലാതെ മൂന്നാം സ്ഥാനത്തുമെത്തി. 2014 ലാവട്ടെ, ശശി തരൂരിന്റെ ഭൂരിപക്ഷം 15,000 വോട്ടായി കുറഞ്ഞു. ബിജെപി സ്ഥാനാർഥി ഒ. രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. സി പി ഐയിലെ ഡോ. ബെന്നറ്റ് ഏബ്രഹാം മൂന്നാം സ്ഥാനത്തും. തരൂരിന് 2,97,806 വോട്ടും രാജഗോപാലിന് 2,82,336 വോട്ടും ബെന്നറ്റ് ഏബ്രഹാമിന് 2,48,941 വോട്ടും കിട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ നേമത്തുനിന്നു വിജയിക്കുകയും ചെയ്തു. ബിജെപിക്ക് വലിയ വിജയ പ്രതീക്ഷ നൽകുന്ന മണ്ഡലം തന്നെയാണ് തിരുവനന്തപുരം. 2014ലെ 15000 എന്ന ഭൂരിപക്ഷം മറികടക്കാൻ എൻ എസ് എസിന്റെ പൂർണമായപിന്തുണ ബി ജെ പിയെ സഹായിക്കുമോ? 1984ൽ കേരളവർമരാജയിലൂടെ കിട്ടിയ പ്രതീക്ഷ കൈവിടാതെ കാക്കുകയാണ് ബി ജെ പി. എൻ എസ് എസ് സർജിക്കൽ സ്ട്രൈക്കിനൊരുങ്ങുമോ? ബി ജെ പിയോടും ആർ എസ് എസിനോടും ചങ്ങാത്തം കൂടാൻ ഇതുവരെ എൻ എസ് എസ് തയ്യാറായിട്ടില്ല. 2000 ഡിസംബർ അവസാനം അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയ് കുമരകം സന്ദർശിച്ച വേളയിൽ അന്നത്തെ എൻ എസ് എസ് ജനറൽ സെക്രട്ടറി പി കെ നാരായണപ്പണിക്കരെ കാണാൻ ആവുന്നതു ശ്രമിച്ചതാണ്. വാജ്പേയി ഒരാഴ്ചക്കാലം കുമരകത്ത് വിശ്രമത്തിലായിരുന്നിട്ടും നാരായണപ്പണിക്കർ അങ്ങോട്ടേയ്ക്കു നോക്കിയതേയില്ല. എൻ എസ് എസിന്റെ പ്രസിദ്ധമായ സമദൂരസിദ്ധാന്തം അവതരിപ്പിച്ചതും നാരായണപ്പണിക്കർ തന്നെ. ബി ജെ പിയോടും ആർ എസ് എസിനോടും അടുത്തുകൂടാൻ പണ്ടുമുതലേ എൻ എസ് എസ് നേതൃത്വത്തിന് ഒരു അറപ്പുണ്ട്. ആർ എസ് എസ് തങ്ങളെ വിഴുങ്ങിയാലോ എന്നാവാം ഭയം. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി ബന്ധങ്ങളിൽ മാറ്റം വരുത്തി. വിധിക്കെതിരെ നാമജപഘോഷയാത്രയുമായി എൻ എസ് എസ് തെരുവിലിറങ്ങിയപ്പോൾ അതിലെ സുവർണാവസരം ബി ജെ പി പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള കണ്ടു. നേരത്തെ പറഞ്ഞ നിലപാടുകളൊക്കെ മാറ്റിമറിച്ച് ബി ജെ പിയും തെരുവിലിറങ്ങി. ഈ ബാന്ധവത്തിന്റെ ബലത്തിലാണ് ബി ജെ പി എൻ എസ് എസിന്റെ ഒരു സർജിക്കൽ സ്ട്രൈക്കിൽ പ്രതീക്ഷ വെയ്ക്കുന്നത്. അതിനു തിരുവനന്തപുരം മണ്ഡലത്തെ മുന്നോട്ടു വെയ്ക്കാൻ ബി ജെ പിയ്ക്കു രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല. content highlights:bjp closely watches nss stand on 2019 loksabha election, nss, bjp, loksabhaelection 2019
from mathrubhumi.latestnews.rssfeed http://bit.ly/2UZyymL
via
IFTTT
No comments:
Post a Comment