കൊച്ചി: സിനിമാടിക്കറ്റ് നികുതി വർധനയിൽ പരാതിയുമായി സിനിമാപ്രവർത്തകർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. നികുതി വർധന വിഷയം അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പു നൽകി. സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ, നടൻമാരായ മോഹൻലാൽ, മമ്മൂട്ടി, നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ് തുടങ്ങിയവരാണ് കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തത്. പരാതി അടുത്ത മന്ത്രിസഭായോഗത്തിലും ധനമന്ത്രിയുമായും ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് സിനിമാടിക്കറ്റിന് മേൽ അധിക പത്തു ശതമാനം വിനോദ നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ധനമന്ത്രി തോമസ് ഐസക്ക് മുന്നോട്ടു വച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പത്തു ശതമാനം അധിക നികുതി പിരിക്കാമെന്നായിരുന്നു ബജറ്റ് നിർദേശം വന്നത്. അതിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് സിനിമാപ്രവർത്തകർ രംഗത്തെത്തിയിരുന്നു. സിനിമാവ്യവസായം തന്നെ തകർക്കുന്ന അവസ്ഥയിലേക്കാണ് പുതിയ നികുതി നിർദ്ദേശമെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച്ച സിനിമാമേഖലയിലെ പ്രവർത്തകർ മുഖ്യമന്ത്രിയെ കാണാൻ ചെന്നത്. നേരത്തെ ജി എസ് ടി വന്നതിനു ശേഷം സിനിമാടിക്കറ്റിന്റെ നികുതി നിരക്കുകൾ കുറച്ചിരുന്നു. നൂറു രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് ഇരുപത്തിയെട്ടു ശതമാനം നികുതിയുണ്ടായിരുന്ന സ്ഥാനത്ത് ജി എസ് ടി വന്നപ്പോൾ പതിനെട്ടും നൂറു രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് പന്ത്രണ്ടു ശതമാനവുമായാണ് കുറഞ്ഞത്. കുറവു നികുതി നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായിത്തുടങ്ങിയപ്പോഴാണ് ധനമന്ത്രിയുടെ പുതിയ നിർദേശമെത്തിയത്. ഇത് നടപ്പിലായാൽ ടിക്കറ്റുകളുടെ വില ഇനിയും വർധിക്കുമെന്നും അതു വ്യവസായത്തെ ബാധിക്കുമെന്നും സിനിമാമേഖലിയിൽ നിന്നും വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ തമിഴ്നാട്ടിൽ നിലവിലുള്ളത് സമാന നികുതി സമ്പ്രദായമാണെന്നും അതു തന്നെ ഇവിടെ നടപ്പിലാക്കാമെന്നു നിർദേശിച്ചതാണെന്നുമായിരുന്നു ധനമന്ത്രാലയത്തിന്റെ വാദം.
from mathrubhumi.latestnews.rssfeed http://bit.ly/2Dolb8J
via
IFTTT
No comments:
Post a Comment