വടകര: സിപിഎമ്മിന്റെ പാർട്ടി പരിപാടികളിലെല്ലാം ഇന്നും മുഴങ്ങിക്കേൾക്കും ഒഞ്ചിയത്തിന്റേയും മണ്ടോടിക്കണ്ണന്റേയും ത്രസിപ്പിക്കുന്ന വീരകഥകൾ. ചെങ്കൊടിയേയും ഇടതുപക്ഷത്തേയും ഇത്രയേറെ നെഞ്ചോട് ചേർത്ത് വെക്കുന്ന ഗ്രാമങ്ങൾ ഒരു പക്ഷെ വടകര മണ്ഡലത്തിന്റെ മാത്രം പ്രത്യേകത. കണ്ണൂർ ജില്ലയില കൂത്ത്പറമ്പ്, തലശ്ശേരി കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയോജക മണ്ഡലങ്ങൾ ചേർന്നൊരുക്കുന്ന ചുവപ്പ് കോട്ട. പക്ഷെ കഴിഞ്ഞ രണ്ട് തവണയായി ചുവപ്പ് കോട്ടയിലുണ്ടായ വിള്ളൽ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം മാനക്കേടിന്റേയും വിപ്ലവ പ്രസ്ഥാനത്തിനേറ്റ തിരിച്ചടിയുടേയും കാലമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടെ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വഴുതി മാറിപ്പോവുന്ന മണ്ഡലങ്ങളിലൊന്ന്. പാർട്ടിയിലുണ്ടായ അസ്വാരസ്യങ്ങൾ 2009-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മുല്ലപ്പള്ളി രാമചന്ദ്രന് 56000-ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം സമ്മാനിച്ചപ്പോൾ അത് താൽക്കാലികമെന്ന് കരുതി നേതൃത്വം. പിന്നീട് 2014-ലെ തിരഞ്ഞെടുപ്പിലും മുല്ലപ്പള്ളി വിജയം തുടർന്നതോടെയാണ് വിപ്ലവ പ്രസ്ഥാനത്തിന്റെ അടിവേരിന് പോറലേറ്റിരിക്കുന്നുവെന്ന യാഥാർഥ്യം സി.പി.എമ്മും ഇടതുപക്ഷവും മനസ്സിലാക്കിയത്. പക്ഷെ കഴിഞ്ഞതവണ മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം കുറയ്ക്കാനായാതും തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി മണ്ഡലമൊഴികെ ബാക്കിയെല്ലാം കൈപ്പിടിയിൽ ഒതുക്കിവെക്കാനായതും മറ്റൊരു തിരഞ്ഞടുപ്പിന് കൂടി ഒരുങ്ങുമ്പോൾ സി.പി.എമ്മിന് ആശ്വസിക്കാൻ കഴിയുന്ന വസ്തുതയാണ്. പക്ഷെ വിഘടിച്ചു നിന്നിരുന്ന ഒഞ്ചിയം പ്രദേശത്തെ വോട്ടും ആർ.എം.പിയുടെ വോട്ടും നല്ല രീതിയിൽ പെട്ടിയാലാക്കാൻ കഴിയണം. കഴിഞ്ഞ രണ്ട് തവണയും വടകര മണ്ഡലത്തിൽ സിപിഎമ്മിനെ ഞെട്ടിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡന്റായതോടെ മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെ പുതിയ സ്ഥാനാർഥിയെ കണ്ടത്തേണ്ട ശ്രമത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ രണ്ട് തവണയും വിജയം സമ്മാനിച്ചതിന് പിന്നിൽ മുല്ലപ്പള്ളിയുടെ വ്യക്തി പ്രഭാവത്തിനും വലിയ പങ്കുണ്ട്. ഡി.വൈ.എഫ്.ഐ നേതാവ് എ.എൻ ഷംസീറിനെ പാർട്ടിയുടെ പ്രധാന കേന്ദ്രത്തിൽ തന്നെ മുല്ലപ്പള്ളിക്ക് തറപറ്റിക്കാനായത് ഈ വ്യക്തിപ്രഭാവത്തിന്റെ കൂടി ഭാഗമായിട്ടാണ്. ഇവിടെ ഇത്തവണ മുല്ലപ്പള്ളി സ്ഥാനമൊഴിയുമ്പോൾ അതുപോലൊരു സ്ഥാനാർഥിയെ കണ്ടെത്തുക എന്നത് കോൺഗ്രസ് നേതൃത്വത്തിന് അത്ര എളുപ്പമുള്ള പണിയാവില്ല. മാത്രമല്ല ഇവിടെ വിജയിച്ച് കയറേണ്ടത് കോൺഗ്രസിനേക്കാളും മുല്ലപ്പള്ളിയുടെ അഭിമാനത്തിന്റെ കാര്യം കൂടിയാണ്. കെ.പി.സി.സി പ്രസിഡന്റായതിന് ശേഷം സ്വന്തം മണ്ഡലം പോലും നില നിർത്താനുള്ള തരത്തിൽ പ്രവർത്തകരെ മാറ്റാൻ സാധിച്ചില്ലെന്ന് വന്നാൽ അത് ചെറിയ തിരിച്ചടിയൊന്നുമാവില്ല അദ്ദേഹത്തെ സംബന്ധിച്ചിടത്തോളമുണ്ടാവുണ്ടാവുക. വനിതാ സ്ഥാനാർത്ഥി എന്ന നിലയിൽ ഷാനിമോൾ ഉസ്മാൻ, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്, കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ,കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, എന്നിവരുടെ പേരുകളാണ് നിലവിൽ ഇവിടെ ഉയർന്ന് കേൾക്കുന്നത്. സോഷ്യലിസ്റ്റ് ആശയക്കാർക്ക് ചെറുതല്ലാത്ത വേരോട്ടമുള്ളതാണ് മണ്ഡലമാണ് വടകര. ഇത്തവണവണ എൽ.ജെ.ഡി എൽ.ഡി.എഫിനൊപ്പമെത്തിയത് സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഇവിടെ ചെറിയ ആശ്വാസമൊന്നുമല്ല നൽകുന്നത്. ആർ.എം.പിയുടെ രൂപീകരണം, ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം എന്നിവയ്ക്കെല്ലാം ശേഷം ഇടതുപക്ഷത്തിന് വടകര മണ്ഡലത്തിൽ നഷ്ടപ്പെട്ട പ്രതാപം എൽ.ജെ.ഡിയെ കൂട്ടി തിരിച്ച് പിടിക്കുക എന്നതായിരിക്കും ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എം നേതൃത്വത്തിന്റെ അടുത്ത ലക്ഷ്യം. ഇത്തവണ വടകര എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കണമെന്നാണ് നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഒഞ്ചിയം അടക്കമുള്ളയിടങ്ങളിൽ സിപിഎമ്മിനോട് പഴയ പ്രവർത്തകരിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ ഭൂരിഭാഗവും പരിഹരിച്ചു കഴിഞ്ഞൂവെന്നാണ് നേതൃത്വം കരുതുന്നത്. മാത്രമല്ല ആർ.എം.പി കോൺഗ്രസിനോട് അടുക്കുന്നുവെന്ന പ്രചാരണവും പഴയ പ്രവർത്തകരെ തങ്ങളിലേക്കടുപ്പിക്കാൻ കഴിയുമെന്ന് നേതൃത്വം കരുതുന്നു. മുല്ലപ്പള്ളി എതിർചേരിയിൽ ഇത്തവണ മത്സരിക്കാത്ത സാഹചര്യത്തിൽ അതിന് കടപിടിക്കുന്ന സ്ഥാനാർഥിയെ കോൺഗ്രസ് മുന്നോട്ട് വെക്കുമെന്ന് തീർച്ച. അതുകൊണ്ടു തന്നെ ഒട്ടും ശക്തികുറഞ്ഞ സ്ഥാനാർഥിയെ ആയിരിക്കില്ല സി.പി.എമ്മും പരീക്ഷിക്കുക. കോഴിക്കോട് മത്സരിക്കുമെന്ന് പേര് കേട്ടിരുന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ പി.എ മുഹമ്മദ് റിയാസ്, മുൻ എം.പി പി.സതീദേവി, പി.ജയരാജൻ എന്നിവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത്. കണ്ണൂരിൽ പുതിയ സ്ഥാനാർഥിയെ സിപിഎം പരീക്ഷിക്കാൻ തീരുമാനിച്ചാൽ സിറ്റിങ് എംപി പി.കെ ശ്രീമതി വടകരയിലേക്ക് മാറിയേക്കാം. പുതുതായി മുന്നണിയിലേക്കെത്തിയ എൽ.ജെ.ഡി വടകര മണ്ഡലം ആവശ്യപ്പെടുമെന്നും അറിയുന്നു. അത് നേതൃത്വം അംഗീരിക്കുകയാണെങ്കിൽ മുൻ മന്ത്രി കെ.പി മോഹനൻ മത്സരിക്കാനെത്തുമെന്നാണ് അറിയുന്നത്. ശബരിമല വിഷയം തന്നെയായിരിക്കും യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും പ്രധാന പ്രചാരണ വിഷയം എന്നിരിക്കെ ഇത് ആർക്ക് ഗുണം ചെയ്യുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണ്. സി.പി.എമ്മിന് വലിയ സ്വാധീനമുള്ള ഏഴ് നിയോജക മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വടകരയിൽ തങ്ങളുടെ വോട്ട് ബാങ്ക് ശബരിമലയുടെ പേരിൽ വിള്ളലുണ്ടാവില്ലെന്നാണ് നേതൃത്വം കരുതുന്നത്. ബിജെപിക്ക് വോട്ടുകൂടിയാൽ അതിന്റെ തിരിച്ചടി യുഡിഎഫിനായിരിക്കും കൂടുതലായി ബാധിക്കുക. ശബരിമല വിഷയത്തിൽ യു.ഡി.എഫിന് കൃത്യമായ നിലപാടില്ല എന്നത് തന്നെയാവും എൽ.ഡി.എഫിന്റെ പ്രചാരണ ആയുധം. ഉദ്ദേശ്യം യു.ഡി.എഫിന്റെ വോട്ടുകളെ വിഘടിപ്പിക്കുക. അങ്ങനെയെങ്കിൽ മണ്ഡലം തിരിച്ച് പിടിക്കാൻ സിപിഎമ്മിന് അധികം വിയർക്കേണ്ടി വരില്ല. ബി.ജെ.പിയിൽ സ്ഥാനാർഥി നിർണയ ചർച്ചകളൊന്നും സജീവമായിട്ടില്ലെന്നും യൂവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.പ്രകാശ് ബാബു, കഴിഞ്ഞതവണ മത്സരിച്ച വി.കെ സജീവൻ എന്നിവരിൽ ആരെയെങ്കിലും വീണ്ടും പരീക്ഷിക്കാൻ സാധ്യതയുണ്ട്. Content Highlights:Content Highlights:Red Flag May flew again in Vadakara Loksaba Constituency
from mathrubhumi.latestnews.rssfeed http://bit.ly/2GwaKmH
via
IFTTT
No comments:
Post a Comment