ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മെയ് അവസാനവാരം ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പാകിസ്താനെ വിലക്കണമെന്നാവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ബി.സി.സി.ഐ. പാകിസ്താനെ വിലക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐ, ഐ.സി.സിക്ക് കത്തു നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ.യുടെ ഭരണസമിതി (സി.ഒ.എ) ഐ.സി.സി. ചെയർമാൻ ശശാങ്ക് മനോഹറിന് വിലക്കും ബഹിഷ്കരണവും സംബന്ധിച്ച് കത്തയച്ചെന്നായിരുന്നു റിപ്പോർട്ട്. അതല്ലെങ്കിൽ ലോകകപ്പിൽ നിന്ന് ഇന്ത്യ പിൻവാങ്ങണമെന്നും കത്തിൽ പറഞ്ഞിരുന്നതായിട്ടായിരുന്നു റിപ്പോർട്ട്. പാകിസ്താനെ ലോകകപ്പിൽ നിന്ന് വിലക്കുന്നതു സംബന്ധിച്ച് തങ്ങൾ ഐ.സി.സിക്ക് ഒരു കത്തും കൈമാറിയിട്ടില്ലെന്ന് ഒരു ബി.സി.സി.ഐ പ്രതിനിധി വെളിപ്പെടുത്തി. ഐ.സി.സി ടൂർണമെന്റിന് യോഗ്യത നേടുന്ന അംഗരാജ്യങ്ങൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ ഐ.സിസിയുടെ ഭരണഘടന അനുസരിച്ച് സ്വാഭാവികമായും അവകാശമുണ്ട്. പാകിസ്താനെ വിലക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐ പ്രമേയം അവതരിപ്പിച്ചാലും അത് ഏപ്രിലിൽ ചേരുന്ന ഐ.സി.സി വാർഷിക യോഗത്തിലേ പരിഗണിക്കാൻ സാധ്യതയുള്ളൂ. ഇക്കാര്യം വോട്ടിങ്ങിനിട്ടാലും മറ്റ് അംഗങ്ങളുടെ പിന്തുണ ലഭിക്കാൻ സാധ്യതയില്ല. അല്ലെങ്കിൽ അതിന് മറ്റ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് ധാരണയിലെത്തണം. ഐ.സി.സി ബോർഡിൽ നിലവിൽ ഇന്ത്യക്ക് മുൻതൂക്കമില്ലാത്തതിനാൽ പരാജയപ്പെടുമെന്ന് ഉറപ്പുള്ള നീക്കത്തിന് ബി.സി.സി.ഐ തയ്യാറാകില്ലെന്നും ബി.സി.സി.ഐ പ്രതിനിധി പി.ടി.ഐയോട് പറഞ്ഞു. മാത്രമല്ല 2021 ചാമ്പ്യൻസ് ട്രോഫി, 2023 ലോകകപ്പ് എന്നീ മത്സരങ്ങളുടെ ആതിഥേയത്വത്തിനു ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഈ നീക്കങ്ങൾ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. ജൂൺ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ-പാക് ലോകകപ്പ് മത്സരം നടക്കേണ്ടത്. ഇതിന്റെ ടിക്കറ്റുകൾ ഏതാണ്ട് പൂർണമായി തന്നെ വിറ്റുപോയിക്കഴിഞ്ഞു. ഇതിനുശേഷമാണ് പുൽവാമയിൽ 44 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണം നടക്കുന്നതും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതും. Content Highlights:no way pakistan can be banned from world cup bcci official
from mathrubhumi.latestnews.rssfeed https://ift.tt/2GBTRrw
via
IFTTT
No comments:
Post a Comment