എൽ കല്ലോവ്( വെനസ്വേല): ആഭ്യന്തര പ്രതിസന്ധിയിലും യുഎസ് ഉപരോധത്തിലും വലയുന്ന വെനസ്വലയിൽ ദേശീയ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതോടെ സ്വന്തം നാട്ടിൽ പോലും വെനസ്വേലിയൻ ബൊളിവറിന് പേപ്പറിന്റെ വിലപോലും ലഭിക്കാതായി. രാജ്യത്തെ ധാതു നിക്ഷേപം ധാരാളമുള്ള വനപ്രദേശങ്ങളിൽ നിന്ന് സ്വർണം കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ് വെനസ്വേലക്കാർ. രാജ്യത്തിന്റെ സമ്പദ്ഘടന തകർന്നു തുടങ്ങിയതിന് പിന്നാലെ സുരക്ഷിത നിക്ഷേപമായി ആളുകൾ സ്വർണത്തെ കണ്ടുതുടങ്ങി. ഇതോടെ സ്വർണം അടക്കമുള്ള ധാതുക്കൾ സുലഭമായ വനപ്രദേശങ്ങളിൽ ചെറുകിട ഖനികൾ തുടങ്ങി സ്വർണം കുഴിച്ചെടുക്കാൻ തുടങ്ങിയിരിക്കുകയാണ് വെനസ്വേലക്കാർ. നിലവിൽ മൂന്നുലക്ഷത്തോളം ആളുകളാണ് ഇത്തരത്തിൽ സ്വർണം കണ്ടെത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത്. നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ചെറുതല്ലാത്ത വിധത്തിൽ ഇത് സഹായിക്കുന്നുണ്ട്. വെനസ്വേലിയൻ കറൻസിയുടെമൂല്യത്തകർച്ച അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വരുന്നതിന്റെ ചിലവ് വലിയ തോതിൽ ഉയർത്തിയിരുന്നു. ഇതിന് പകരമായി ഇപ്പോൾ സ്വർണം ഉപയോഗിച്ചാണ് ഭരണകൂടം അവശ്യസാധനങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര സ്വർണവിപണിയെ ആശ്രയിക്കാതെയാണ് ഈ കൈമാറ്റങ്ങൾ. 65 കോടി ഡോളറിന്റെ സ്വർണമാണ് ഇതുവരെ കുഴിച്ചെടുത്തിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിക്ഷേപിച്ചിട്ടുള്ള വെനസ്വേലയുടെ സ്വർണ ശേഖരം പിൻവലിക്കാൻ യു.എസ് സമ്മർദ്ദത്തേതുടർന്ന് സാധിക്കുന്നില്ല. ഇതാണ് പുതിയ വഴിതേടാൻ വെനസ്വേലയെ പ്രേരിപ്പിക്കുന്നത്. 120 കോടി ഡോളറിന്റെ സ്വർണ നിക്ഷേപമാണ് വെനസ്വേലയ്ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലുള്ളത്. വെനസ്വേലയുടെ സ്വർണം വാങ്ങുന്നതിൽ നിന്ന് അന്താരാഷ്ട്ര കമ്പനികളെ യു.എസ് വിലക്കിയിട്ടുമുണ്ട്. എന്നാൽ കരിഞ്ചന്തയിൽ വെനസ്വേല സ്വർണം വിൽക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും അതെങ്ങനെയെന്നത് ആർക്കും അറിയില്ല. സാധാരണക്കാർ മുതൽ സർക്കാർ ജീവനക്കാർ വരെ ഈ കണ്ണിയുടെ ഭാഗമാണെന്നാണ് വിവരം. തുർക്കിവഴിയാണ് സ്വർണക്കടത്ത് നടക്കുന്നതെന്നും വിവരങ്ങളുണ്ട്. യു.എസ് ഉപരോധം പ്രധാന വരുമാന മാർഗമായിരുന്ന ക്രൂഡ് ഓയിൽ വിൽപ്പനയെ ബാധിച്ചിരുന്നു. ഇതേ തുടർന്ന് ആർക്കും സ്വർണം കുഴിച്ചെടുക്കാമെന്ന അവസ്ഥ വെനസ്വേലയിൽ സംജാതമായി. ഈ മേഖലയിലുണ്ടായിരുന്ന സർക്കാർ നിയന്ത്രണങ്ങൾ ഇപ്പോൾ ഫലത്തിൽ അവിടെയില്ല. സ്വർണം ഖനനം ചെയ്യുന്നതിനിടെയിൽ ഖനിഅപകടത്തിലും മെർക്കുറി ഉപയോഗിച്ച് അശാസ്ത്രീയമായി സ്വർണം വേർതിരിക്കുന്നതിനിടയിൽ വിഷബാധയേറ്റും പകർച്ചവ്യാധികൾ മൂലവും നിരവധി ആളുകൾ മരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്. Content Highlights:How Venezuela Turns Its Useless Bank Notes Into Gold
from mathrubhumi.latestnews.rssfeed http://bit.ly/2WXS2Kj
via
IFTTT
No comments:
Post a Comment