ന്യൂഡൽഹി: റഫാൽ യുദ്ധവിമാനക്കരാറിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ വിലവിവരങ്ങൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) മറച്ചുവെച്ചത് കേന്ദ്രസർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടതിനാൽ. റിപ്പോർട്ടിന്റെ ആമുഖത്തിൽ തന്നെയാണ് ഈ വിവരമുള്ളത്. വിലവിവരം മറച്ചുവെക്കാനാവില്ലെന്ന് സി.എ.ജി. കത്തിലൂടെ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, ഔദ്യോഗിക രഹസ്യനിയമം ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നിർദേശം. പ്രതിരോധ ഇടപാടുകളുടെ പ്രധാന ഉദ്ദേശ്യം സൈനികശേഷി വർധിപ്പിക്കലാണ്. എന്നാൽ, വിമാനങ്ങളുടെ എണ്ണം 126 ആയി കുറച്ചത് പ്രതിരോധശക്തിയിൽ കുറവുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 95,000 കോടി രൂപയുടെ പ്രതിരോധ കരാറുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് സി.എ.ജി. ബുധനാഴ്ച പാർലമെന്റിൽ വെച്ചത്. രണ്ടു വാള്യങ്ങളിലായി 141 പേജുള്ളതാണിത്. ഇതിൽ രണ്ടാം വാള്യത്തിൽ 109-ാം പേജുമുതലാണ് റഫാൽ കരാർ പരിശോധിക്കുന്നത്. ആദ്യഭാഗം മറ്റ് 10 പ്രതിരോധ കരാറുകൾ സംബന്ധിച്ചാണ്. ഇതിനുമുന്നോടിയായുള്ള ആമുഖത്തിലാണ് വില മറച്ചുവെക്കാനുള്ള കേന്ദ്രത്തിന്റെ ആവർത്തിച്ചുള്ള ആവശ്യത്തെക്കുറിച്ച് സി.എ.ജി. വെളിപ്പെടുത്തുന്നത്. 'ഓഡിറ്റ് റിപ്പോർട്ടിൽ വിമാനത്തിന്റെ വാണിജ്യവിവരങ്ങൾ ഒഴിവാക്കാൻ പ്രതിരോധമന്ത്രാലയം ജനുവരി 15-ന് കത്തിലൂടെ ആവശ്യപ്പെട്ടു. 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിന് സർക്കാരുകൾ തമ്മിലുള്ള കരാറിലെ ആർട്ടിക്കിൾ 10 ചൂണ്ടിക്കാട്ടിയാണിത്. പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ സംരക്ഷിക്കുന്നതിന് 2008 ജനവരി 15-ന് ഇന്ത്യയും ഫ്രാൻസും ഒപ്പിട്ട കരാറും ഉദ്ധരിച്ചു. ഇക്കാര്യത്തിൽ സി.എ.ജി.യുടെ എതിർപ്പും വൈമുഖ്യവും മന്ത്രാലയത്തെ അറിയിച്ചു. വാണിജ്യവിവരങ്ങൾ ഒഴിവാക്കുന്നത് ഓഡിറ്റ് റിപ്പോർട്ടിന്റെ സമഗ്രതയെ ബാധിക്കുമെന്നതും അത്തരം കീഴ്വഴക്കമില്ലാത്തതുമാണ് കാരണം. എന്നാൽ, സുരക്ഷാകാരണങ്ങളാൽ വാണിജ്യവിവരങ്ങൾ ഒഴിവാക്കണമെന്ന നിലപാട് ഫെബ്രുവരി ആറിനയച്ച കത്തിലൂടെ മന്ത്രാലയം ശക്തമായി ആവർത്തിച്ചു. അതിനാൽ രണ്ടാം വാള്യത്തിൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള വാണിജ്യവിവരങ്ങൾ മറച്ചുവെച്ചു' -ഓഡിറ്റ് റിപ്പോർട്ടിന്റെ ആമുഖത്തിൽ സി.എ.ജി. സാക്ഷ്യപ്പെടുത്തുന്നു. സി.എ.ജി. കത്തയച്ചതിന്റെ പിറ്റേന്നുതന്നെ തിരക്കിട്ടായിരുന്നു ഇക്കാര്യത്തിൽ സർക്കാരിന്റെ നിർദേശം. എന്നാൽ, ആർട്ടിക്കിൾ 10-ൽ വിമാനത്തിന്റെ യുദ്ധനൈപുണിയും ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയും മാത്രമാണ് പറയുന്നതെന്നും വിലയടക്കമുള്ള വാണിജ്യതലം രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമല്ലെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2016-ലെ കരാറിൽ യു.പി.എ. കാലത്തെപ്പോലെ സാങ്കേതികകൈമാറ്റം ഇല്ല. മുൻ കരാർപ്രകാരം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എൽ.) ഏറ്റവും ആധുനിക വിമാന നിർമാണ അറിവ് ലഭിക്കുമായിരുന്നു. ഇത്തരത്തിലുള്ളവ ഇന്ത്യയിൽ തന്നെ സർക്കാർതലത്തിൽ നിർമിക്കുന്നതിലേക്കും അതു നയിക്കുമായിരുന്നു. എന്നാൽ, പുതിയ കരാറോടെ ആ സാധ്യത മങ്ങി. content highlights:rafale deal cag report
from mathrubhumi.latestnews.rssfeed http://bit.ly/2GLqVfR
via
IFTTT
No comments:
Post a Comment