പാതിയിൽ മുറിഞ്ഞ താളക്കൂട്ടം പതികാലത്തിൽനിന്നു കൊട്ടിക്കയറി താളവിസ്മയം തീർക്കാൻ തുടങ്ങിയാൽ പിന്നെ ആരും ശരത്ലാലിന്റേയും കൃപേഷിന്റേയും കൈവേഗം കണ്ടുനിന്നുപോകും. താളത്തെ ആസ്വാദകമനസ്സിലേക്ക് നിറച്ച് പഞ്ചാരിയിൽ മേളസൗന്ദര്യം സൃഷ്ടിച്ചവർ. കലയിൽ തിളങ്ങി ശരത്ലാലും കായിക മികവിൽ കൃപേഷും കല്ല്യോട്ടുകാരുടെ മനസ്സിൽ താരത്തിളക്കം തീർത്തിരുന്നു. രണ്ടുപേരും പക്ഷേ, വാദ്യകലയിൽ ഒന്നിക്കും. അവർ കൊട്ടിക്കയറിയത് നാട്ടിലെ ആഘോഷപരിപാടികളിൽ മാത്രമല്ല, ജില്ലയ്ക്ക് പുറത്തുള്ള എത്രയോ ഘോഷയാത്രകളിൽ ഇരുവരും മുന്നിൽ നിന്ന് നയിച്ച കല്ല്യോട്ട് യുവജന വാദ്യകലാസംഘക്കാരുണ്ടായിരുന്നു. രതീഷ് അമ്പലത്തറ, അജയൻ പുങ്ങംചാൽ എന്നിവരുടെ ശിക്ഷണത്തിലാണ് രണ്ടുപേരും വാദ്യകല പഠിച്ചത്. അലങ്കാരത്തിനുള്ള പഠിപ്പായിരുന്നില്ല, ശാസ്ത്രീയമായിത്തന്നെ അവർ അഭ്യസിച്ചു. വാദ്യകലാസംഘത്തിന്റെ പ്രഥമ സെക്രട്ടറി ശരത്ലാൽ ആയിരുന്നു. രാഷ്ട്രീയമോ മറ്റോ നോക്കാതെ പഞ്ചാരിമേളത്തിന്റെ ഓർഡർ സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കുകയും മേളപ്പൊലിമ നിറച്ച് ഘോഷയാത്രകളെ ആകർഷകമാക്കുകയും ചെയ്യും. ഇവിടെ രാജീവ്ജി ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ അംഗങ്ങളായി 70 പേർ ഉണ്ട്. ഈ ക്ലബ്ബ് അംഗങ്ങളിൽ ഉൾപ്പെട്ടവർ തന്നെയാണ് വാദ്യകലാസംഘത്തിലുമുള്ളത്. മിമിക്രിയിൽ തിളങ്ങി ശരത്ലാൽ ഒരാളെ ഒരുതവണ കണ്ടാൽ മതി, അനുകരിക്കാൻ ഒപ്പം നടക്കുന്ന സുഹൃത്തുക്കളായാലും വല്ലപ്പോഴും കാണുന്ന ആളുകളായാലും ആദ്യം കാണുന്ന അപരിചിതരായാലും ശരത്ലാലിന് വിഷയമല്ല, പരസ്പരം വർത്തമാനം പറഞ്ഞിട്ടുണ്ടെങ്കിൽ അവൻ അവരെയെല്ലാം കൃത്യമായി അനുകരിക്കും. ഈ അനുകരണ കലയിൽ തിളക്കമാർന്ന പ്രകടനം കാഴ്ച?െവച്ചപ്പോൾ ഈ മിടുക്കനെ തേടിയെത്തിയത് സ്വകാര്യചാനലിന്റെ കോമഡി ഷോ പരിപാടിയിലേക്കുള്ള പ്രവേശനമായിരുന്നു. സൂരാജ് വെഞ്ഞാറമൂടിനൊപ്പം ചാനൽപരിപാടിയിൽ പങ്കെടുക്കാൻ കിട്ടിയ അവസരം. ചാനൽ പരിപാടിയിൽ പങ്കെടുക്കാനുള്ള വലിയ സന്തോഷം പങ്കിടുന്നതിനിടെയാണ് കൊലക്കത്തി ജീവനെടുത്തത്. വെറുതെയിരിക്കുമ്പോൾ എന്തെങ്കിലുമൊരു മിമിക്രി കാണിക്കെടാ എന്ന് കൂട്ടുകാർ പറയും. സിനിമാനടന്മാരും രാഷ്ട്രീയനേതാക്കളും തൊട്ട് നാട്ടുകാരിൽ ചിലരെക്കൂടി അനുകരിച്ച് കൂട്ടുകാർക്കു മുമ്പിൽ തന്റെ അനുകരണകലയെ സമ്പന്നമാക്കും. സ്കൂളിൽ പഠിക്കുമ്പോൾ മിമിക്രിക്ക് പുറമെ നാടകത്തേയും നെഞ്ചോടുചേർത്തു. നാടകത്തട്ടിൽ അഭിനയത്താൽ ജ്വലിച്ചു. കോളേജ് പഠനകാലത്ത് നാടകസംവിധായകന്റെ വേഷവും അണിഞ്ഞു. കോളേജ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഹ്രസ്വചിത്രങ്ങളുടെ കൂട്ടുകാരനായി. ഒന്നിലേറെ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. ജവഹർ ബാലജനവേദിയുടെ പുല്ലൂർ പെരിയ മണ്ഡലം ചെയർമാൻ കൂടിയായിരുന്നു ശരത് ലാൽ. ചിരിച്ചും പറഞ്ഞും അനുകരണം നടത്തിയുമുള്ള ശരത്ലാലിന്റെ ക്ലാസിൽ ആകൃഷ്ടരാകാൻ കുട്ടികൾക്ക് അധികസമയം വേണ്ട. സി.പി.എം. കുടുംബത്തിൽ പിറന്ന കൃപേഷും, ഒരുവേള ശരത്ലാലിന്റെ അനുകരണത്തിലും കലാപ്രവർത്തനത്തിലും ആകൃഷ്ടനായാണ് ഈ സൗഹൃദച്ചേരിയിലെത്തിയത് കൃപേഷ് ഓടി ഉയർന്നത് ട്രോഫികൾക്കും മീതെ മൈതാനത്തുനിന്ന് വാരിക്കൂട്ടിയ ട്രോഫികളുണ്ട് കൃപേഷിന്. എന്നാൽ ഇതെല്ലാം ഒരിടത്തിരുന്ന് ആ ഓട്ടത്തിന്റെ ഓർമകൾക്ക് തിളക്കം കൂട്ടില്ല. കാരണം ഒറ്റമുറി ഓലക്കുടിലിൽ ട്രോഫികൾ വയ്ക്കാനിടമില്ലല്ലോ. ബന്ധുക്കളുടേയും കൂട്ടുകാരുടേയും വീട്ടിൽ അവ താരപ്രഭ ചൊരിയുന്നു. നൂറ്, ഇരുനൂറ് മീറ്റർ ഓട്ടത്തിൽ ഉപജില്ലാ-ജില്ലാതലത്തിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച സ്കൂൾകാലത്തെയാണ് കൃപേഷിനെക്കുറിച്ചു പറയുമ്പോൾ സഹപാഠികൾക്ക് ഓർത്തെടുക്കാനുള്ളത്. ലോങ്ജംപിൽ റെക്കോഡ് ഭേദിച്ച നേട്ടമൊക്കെ കൃപേഷിന്റെ സ്കൂൾജീവിതത്തിലുണ്ട്. ഫുട്ബോളായിരുന്നു ഏറെ ഇഷ്ടം. ഫോർവേഡ് കളിക്കാരനാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഉപജില്ലാ ഫുട്ബോൾടീം അംഗമായിരുന്നു. സ്കൂൾവിദ്യാഭ്യാസത്തിന് ശേഷം അവൻ നാട്ടിലെ ഫുട്ബോൾതാരമായി. അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന കുട്ടികളെ ഫുട്ബോൾ പഠിപ്പിച്ചു. ജില്ലയിലേയും മറ്റു ജില്ലയിലേയും ഫുട്ബോൾ ടീമുകൾക്ക് വേണ്ടി പല ടൂർണമെന്റുകളിലും കളിച്ചു. ഓരോ സീസൺ കാലത്തും കൃപേഷ് ഫുട്ബോൾ തിരക്കിലമരുമായിരുന്നു. ഓർമയിൽ സൂക്ഷിക്കാൻ ആ നിറമുള്ള യൂണിഫോറം കൂട്ടുകാരൻ ദീപുകൃഷ്ണന്റെ കല്യാണത്തെ കുറിച്ചായിരുന്നു കഴിഞ്ഞ കുറേ നാളുകളായി രാജീവ്ജി ക്ലബ്ബിലെ ചർച്ച.ആ ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയാണ് ദീപു. ഇന്ന് (വ്യാഴാഴ്ച) ആണ് കല്യാണം നടക്കേണ്ടിയിരുന്നത്. കൃപേഷിന്റെയും ശരത്ലാന്റേയും വിയോഗത്തെ തുടർന്ന് കല്യാണം മാറ്റിവയ്ക്കുകയായിരുന്നു. കല്യാണത്തിന് ഞങ്ങൾ ക്ലബ്ബ് അംഗങ്ങളെല്ലാം ഒരേതരത്തിലുള്ള ഡ്രസ് ധരിക്കണം... ശരത്ലാലാണ് ഇതു പറഞ്ഞത്. ഡ്രസ് കോഡ് പറഞ്ഞതും അവൻ തന്നെ. കല്ല്യോട്ടെ വസ്ത്രശാലയിലെത്തി ഡ്രസ് കോഡ് നൽകി. കല്ല്യോട്ട് ഭഗവതിക്ഷേത്ര കഴകം പെരുങ്കളിയാട്ട സ്വാഗതസംഘയോഗം നടന്ന ഞായറാഴ്ച രാവിലെയാണ് കടക്കാരൻ തുണി വന്നിട്ടുണ്ടെന്ന് പറയുന്നത്. ക്ഷേത്രത്തിൽ വൊളന്റിയർമാരായതിനാൽ ഇവർ ഒത്തുകൂടിയത് വൈകീട്ടാണ്. ക്ലബ്ബംഗങ്ങൾ കൂടുപീടിക(സ്ഥിരമായി ഇരിക്കുന്ന ഇടം)യിൽ ഇരുന്ന് യൂണിഫോറം തയ്ക്കേണ്ടതിനെക്കുറിച്ചും മറ്റും പരസ്പരം പറഞ്ഞു. ഓരോരുത്തരും അവരവരുടെ അളവ് പറഞ്ഞു. അതെല്ലാം കൃപേഷ് കടലാസിൽ എഴുതി. വസ്ത്രം വാങ്ങാനുള്ള പൈസ ആരും എടുത്തിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണെങ്കിൽ തത്കാലം പണം താൻ എടുക്കാമെന്ന് ശരത്ലാൽ പറഞ്ഞു. വീട്ടിലാണ് പണം. കട ഒമ്പതരവരെയങ്കിലുമുണ്ടാകും. അപ്പോഴേക്കും പണം എടുത്തിട്ട് അവിടെയെത്താം. അതിനിടെ സുഹൃത്തുക്കൾ പലവഴിക്കായി തിരിഞ്ഞു. കൃപേഷിനേയും കൂട്ടി ശരത്ലാൽ വീട്ടിലേക്ക് പോയി. ഈ യാത്രയിലാണ് കുടിപ്പകയുടെ കൊലക്കത്തി ഇരുവരുടേയും ജീവനെടുത്തത്. content highlights:sarathlal,kripesh, kasargod double murder,periya,cpm, peethambaran
from mathrubhumi.latestnews.rssfeed https://ift.tt/2SQau9x
via
IFTTT
No comments:
Post a Comment