തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടോമിൻ തച്ചങ്കരി കൊണ്ടു വന്ന പരിഷ്കാരങ്ങൾ യൂണിയനുകൾ അട്ടിമറിക്കാൻ ശ്രമം തുടങ്ങിയതോടെ ചിലയിടങ്ങളിൽ സർവീസുകൾ മുടങ്ങി. ദീർഘ ദൂര സർവീസുകൾ വൈകി. ശനിയാഴ്ച രാവിലെ ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരനെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും സർവീസ് വൈകുകയും മുടങ്ങുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തത്. കെ.എസ്.ആർ.ടി.സി.യിലെ കണ്ടക്ടർ, ഡ്രൈവർ സംഘടനകളുടെ തർക്കത്തെത്തുടർന്നാണ് ബസ് സർവീസുകൾ മുടങ്ങിയത്. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നും കട്ടപ്പനയിലേക്കുള്ള ബസ്, ഡ്രൈവർ ഇല്ലാത്തതിനാൽ ഒന്നരമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതും ഡ്രൈവർ കം കണ്ടക്ടർ സംവിധാനം കൊണ്ടു വന്നതും യൂണിയൻ നേതാക്കൾക്കിടയിൽ അമർഷത്തിന് കാരണമായിരുന്നു. സ്വകാര്യ ബസുകൾക്ക് വേണ്ടി വിട്ടു വീഴ്ച ചെയ്യുന്നതു മുതൽ ഡ്യൂട്ടി ക്രമീകരിച്ച് ഇടക്കുള്ള ദിവസങ്ങളിൽ മറ്റ് ജോലികൾക്ക് പോകുന്നത് വരെയുള്ള കാര്യങ്ങളിൽ തച്ചങ്കരിയുടെ നിർദേശ പ്രകാരം പിടിവീണിരുന്നു. എം.ഡി. സ്ഥാനത്തു നിന്നും ടോമിൻ തച്ചങ്കരി മാറിയെങ്കിലും ഇദ്ദേഹം ഇറക്കിയ ഉത്തരവുകൾ ഇപ്പോഴും നിലവിലുണ്ട്. സംഘടിതമായി ഈ തീരുമാനങ്ങൾ അട്ടിമറിക്കാനാണ് തൊഴിലാളിസംഘടനകളുടെ ശ്രമം. അതിനിടെ, എം.ഡി. മാറിയതോടെ ഡിപ്പോ ഭരണം മുമ്പത്തെപോലെ കൈയടക്കാൻ യൂണിയനുകൾ ശ്രമം തുടങ്ങി. മാനേജ്മെന്റ് പൊടുന്നനെ നിഷ്ക്രിയമായതും യൂണിയനുകൾക്ക് ഊർജം പകരുന്നു. ഡിപ്പോകളിലെ ഡ്യൂട്ടികൾ പഴയപടി സീനിയോറിറ്റി അടിസ്ഥാനത്തിൽ വീതം വയ്ക്കാനാണ് നീക്കം. യൂണിയൻനേതാക്കൾക്ക് സൗകര്യപ്രദമായ ഡ്യൂട്ടി തിരഞ്ഞെടുക്കാൻ ഇതുവഴി കഴിയും. അതേസമയം, ശനിയാഴ്ച തിരുവനന്തപുരത്ത് കണ്ടക്ടർ ഡ്യൂട്ടിക്ക് കയറാൻ തുടങ്ങിയ ഡ്രൈവറെ പുറത്താക്കിയത് ഡ്രൈവർ-കം-കണ്ടക്ടർ സംവിധാനം അട്ടിമറിക്കാനുള്ള നീക്കമാണെന്ന ആരോപണം കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ നിഷേധിച്ചു. എട്ടുമണിക്കൂറിൽതാഴെ സ്റ്റീയറിങ് ഡ്യൂട്ടിയുള്ള സർവീസുകൾക്ക് തച്ചങ്കരിയുടെ കാലത്തുതന്നെ ഡ്രൈവർ-കം-കണ്ടക്ടർ സമ്പ്രദായം വേണ്ടെന്ന ഉത്തരവുണ്ടായിരുന്നു. ജനുവരി 26 മുതൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ആറുസർവീസുകളെ ഡ്രൈവർ-കം-കണ്ടക്ടർ ഡ്യൂട്ടി ക്രമത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ എട്ടുമണിക്കൂറിൽ താഴെമാത്രം റണ്ണിങ് ടൈമില്ലാത്ത സർവീസുകൾ പിന്നീട് കണ്ടക്ടർമാരുടെ പരാതിയെത്തുടർന്ന് ഡെപ്യൂട്ടി ജനറൽ മാനേജർ ഒഴിവാക്കുകയായിരുന്നു. അങ്ങനെയാണ് ശനിയാഴ്ച രാവിലെ പുറപ്പെടേണ്ട പാലക്കാട് സ്കാനിയ ഡി.സി. ഡ്യൂട്ടി ക്രമത്തിൽനിന്ന് മാറ്റിയതെന്ന് കോർപ്പറേഷനും യൂണിയനുകളും വിശദീകരിച്ചു. ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി അട്ടിമറിക്കുന്നത് കണ്ടക്ടർമാരുടെ മേൽക്കോയ്മ നിലനിർത്താനാണെന്ന ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നു. Content Highlights:KSRTC Schedules cancelled due to Employee Unions intervention
from mathrubhumi.latestnews.rssfeed http://bit.ly/2GjPRLp
via
IFTTT
No comments:
Post a Comment