ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയത് 80 കോണ്‍ഗ്രസ് എം.എല്‍.എമാര്‍. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റം ത്രിപുര, ഗോവ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനും ബി.ജെ.പിക്ക് സഹായകമായി മാറി.
നേരത്തെ 60 അംഗ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിന് ഒന്‍പത് എം.എല്‍.മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ ആദ്യം തൃണമുല്‍ കോണ്‍ഗ്രസിലേക്കും പിന്നീട് ബി.ജെ.പിയിലേക്കും എത്തി. കൂറുമാറിയ എം.എല്‍.എമാര്‍ വഴി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വന്‍ തോതില്‍ സമാഹരിക്കാന്‍ ബി.ജെ.പിക്കായി. കൂറുമാറിയ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു.
ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ എം.എല്‍.എ ആയിരുന്ന രത്തന്‍ലാല്‍ നാഥാണ് നിലവില്‍ വിദ്യാഭ്യാസ മന്ത്രി. ത്രിപുര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ രഞ്ജന്‍ ബര്‍മന്റെ മകന്‍ സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസുകാരെ കൂട്ടത്തോടെ ബി.ജെ.പി പാളയത്തില്‍ എത്തിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എമാരും പ്രവര്‍ത്തകരും കൂട്ടത്തോടെ ബി.ജെ.പി പാളയത്തിലേക്ക് പോയതോടെ കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനം 2013-ല്‍ 40 ശതമാനം ആയിരുന്നത് വെറും രണ്ട് ശതമാനത്തില്‍ താഴെയായി.
അസമില്‍ തരുണ്‍ ഗോഗോയി മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലാണ് ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം നടന്നത്. ശര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി അസം നിയമസഭാ തിരഞ്ഞെടുപ്പോ െനിരവധി കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പിമാരും ബി.ജെ.പിയിലേക്ക് എത്തി.
ഗോവയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റുകളുണ്ടായിരുന്നു. എന്നാല്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയതോടെ ബി.ജെ.പി ഭരണം പിടിച്ചു. മുന്‍ മുഖ്യമന്ത്രി പ്രതാപസിങ് റാണെയുടെ മകന്‍ വിശ്വജിത്ത് റാണെ, ആറ് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എയായ സുഭാഷ് ഷിറോദ്കര്‍ എന്നിരുള്‍പ്പെടെയാണ് കൂറുമാറിയത്.
അരുണാചല്‍പ്രദേശില്‍ 60 അംഗ നിയമസഭയില്‍ 45 എം.എല്‍.എമാരാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇതില്‍ മുന്‍ മുഖ്യമന്ത്രി നബാം തൂകി ഒഴികെയുള്ളവര്‍ പേമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. പിന്നീട് കൂറുമാറിയ എം.എല്‍.എമാരില്‍ 34 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന പേമ ഖണ്ഡു ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി.
മണിപ്പൂരില്‍ 60 അംഗ സഭയില്‍ 28 കോണ്‍ഗ്രസ് എം.എല്‍.എമാരുണ്ടായിരുന്നു. ഇതില്‍ 9 പേര്‍ കൂറുമാറിയതോടെ ബി.ജെ.പിക്ക് ഭരണം ലഭിച്ചു.
from mangalam.com http://bit.ly/2E0FSZS
via IFTTT
No comments:
Post a Comment