കൊച്ചി:മലയാളികളുടെ നേതൃത്വത്തിലുള്ള ഫിനാൻഷ്യൽ ടെക്നോളജി സ്റ്റാർട്ടപ്പായ 'ഓപ്പൺ' 50 ലക്ഷം ഡോളറിന്റെ (ഏതാണ്ട് 35 കോടി രൂപ) മൂലധനം നേടി. ബീനെക്സ്റ്റ്, സ്പീഡ് ഇൻവെസ്റ്റ്, 3വൺ4 ക്യാപിറ്റൽ എന്നീ നിക്ഷേപക സ്ഥാപനങ്ങളാണ് കമ്പനിയിൽ മുതൽമുടക്കുന്നത്. പെരിന്തൽമണ്ണ സ്വദേശികളായ അനീഷ് അച്യുതൻ, അജീഷ് അച്യുതൻ, തിരുവല്ല സ്വദേശി മാബെൽ ചാക്കോ, മല്ലപ്പള്ളി സ്വദേശി ദീന ജേക്കബ് എന്നിവരാണ് കമ്പനിയുടെ കോ-ഫൗണ്ടർമാർ. ചെറുകിട സംരംഭകർക്കു വേണ്ടി ബാങ്കുകളുമായി സഹകരിച്ച് ബിസിനസ് അക്കൗണ്ട് സേവനമാണ് 'ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്' എന്ന സ്റ്റാർട്ടപ്പ് ഒരുക്കുന്നത്. ബിസിനസ് കറന്റ് അക്കൗണ്ട്, ഇൻവോയ്സിങ്, ഓട്ടോമേറ്റഡ് ബുക്ക് കീപ്പിങ്, ക്യാഷ് ഫ്ളോ മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങളാണ് അവർ നൽകുന്നത്. ബാങ്കിങ് സേവനം വേണ്ടത്ര ലഭിക്കാത്ത ചെറുകിട സംരംഭങ്ങൾക്ക് ബാങ്കുകളുടെ പങ്കാളിത്തത്തോടെ തന്നെ മെച്ചപ്പെട്ട ബിസിനസ് സേവനങ്ങൾ എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഓപ്പണിന്റെ കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ അനീഷ് അച്യുതൻ പറഞ്ഞു. പുതിയ മൂലധനം എത്തുന്നതോടെ, കൂടുതൽ ചെറുകിട സംരംഭങ്ങൾക്ക് തങ്ങളുടെ സേവനം എത്തിക്കാൻ കഴിയുമെന്നും രണ്ടു വർഷത്തിനുള്ളിൽ 10 ലക്ഷം ഇടപാടുകാരെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2017-ൽ തുടങ്ങിയ ഈ സ്റ്റാർട്ടപ്പ് ഇപ്പോൾ 30,000 സംരംഭങ്ങൾക്ക് സേവനം എത്തിക്കുന്നുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ നേരത്തെയും മൂലധനം സമാഹരിച്ചിരുന്നു. കോ-ഫൗണ്ടർമാരിൽ ഒരാളായ ദീന നേരത്തെ 'ടാക്സിഫോർ ഷുവറി'ന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്നു. മറ്റുള്ളവർ ഒന്നിലേറെ സ്റ്റാർട്ടപ്പുകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2TQ0eL1
via
IFTTT
No comments:
Post a Comment