പി.ജെ.ജോസഫ് രണ്ടും കൽപിച്ചാണ്. എന്തുവന്നാലും ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് രണ്ട് സീറ്റ് കിട്ടണം. ജോസ് കെ മാണി മത്സരിച്ച കോട്ടയത്തിനു പുറമെ ഇടുക്കി അല്ലെങ്കിൽ ചാലക്കുടി. ഉമ്മൻ ചാണ്ടിക്ക് ഇടുക്കിയിൽ മത്സരിക്കണമെന്നുണ്ടെങ്കിൽ അതുവിട്ടുകൊടുക്കാൻ പി.ജെ. ഒരുക്കമാണ്. അപ്പോഴും പക്ഷെ ചാലക്കുടി കിട്ടണം. പി.ജെ.പിടിത്തം മുറുക്കിക്കൊണ്ടിരിക്കുന്നു. 17-ാം തീയതിയിലെ യു.ഡി.എഫ്. യോഗത്തിലാണ് പി.ജെ.ജോസഫ് രണ്ടു സീറ്റുകൾ വേണമെന്ന കാര്യം ഉന്നയിച്ചത്. മുന്നണി നേതൃപാർട്ടിയായ കോൺഗ്രസിന് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യം. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. കേരളത്തിൽ നിന്നും പരമാവധി സീറ്റുകൾ നേടിയേ മതിയാകൂ. ആദ്യ ഘട്ട സർവേ ഫലങ്ങളൊക്കെ വിരൽ ചൂണ്ടുന്നത് യു.ഡി.എഫ് വിജയത്തിലേയ്ക്കെന്നു തന്നെയാണ്. പക്ഷെ അതൊന്നും പി.ജെ.ജോസഫിനു വിഷയമല്ല. പ്രശ്നം കേരളാ കോൺഗ്രസിനുള്ളിൽത്തന്നെ. കഴിഞ്ഞ ചരൽക്കുന്ന് സമ്മേളനം മുതൽ തന്നേ ജോസഫ് മാണിയുമായി അകൽച്ചയിലാണ്. തിരക്കിട്ട് ഐക്യജനാധിപത്യമുന്നണി വിട്ടതും ഒറ്റയ്ക്കു നിൽക്കാൻ തീരുമാനിച്ചതുമൊന്നും പി.ജെ.യുടെ പൂർണ സമ്മതത്തോടെയായിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് യു.ഡി.എഫിലേക്കു തിരികെപോകാൻ കെ.എം.മാണി തീരുമാനിച്ചത്. ഇരുവരും തമ്മിൽ യോജിപ്പിലെത്തിയെങ്കിലും പി.ജെ.യുടെ മനസ്സ് ഇരുണ്ടുതന്നെയിരുന്നു. പാർട്ടിയിൽ ജോസ് കെ മാണി കരുത്തനാവുന്നതും താൻ ദിവസേന ഒറ്റപ്പെടുന്നതും പി.ജെ.നേരിട്ടു കണ്ടറിഞ്ഞു. അവസാനം കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കു പാർട്ടി യാത്ര പ്രഖ്യാപിച്ചപ്പോൾ പി.ജെ.ക്ക് സഹിക്കാൻ വയ്യാത്ത നിലയായി. യാത്രയുടെ നേതാവ് ജോസ് കെ മാണിയാണ്. കാര്യം തന്നോടൊന്നും കാര്യമായി ആലോചിക്കുന്നില്ലെന്നും പി.ജെ.കണ്ടു. തൊട്ടുമുമ്പ് തൊട്ടപ്പുഴയിൽ പി.ജെ.യുടെ നേതൃത്വത്തിൽ നടന്ന കാർഷിക പ്രദർശനത്തിൽ പങ്കെടുക്കാൻ നേരിട്ടു ക്ഷണിച്ചെങ്കിലും ജോസ് കെ മാണി പങ്കെടുത്തില്ല. കെ.എം. മാണിയും വിട്ടു നിന്നു. പി.ജെ.ജോസഫിന്റെ അകൽച്ചയ്ക്ക് ഇതൊക്കെ അകൽച്ചയ്ക്ക് വഴിമരുന്നിട്ടു. കാസർകോട്ട് യാത്രയുടെ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാൻ പോയി എന്നു മാത്രം. ഫോട്ടോ മാതൃഭൂമി ആർക്കൈവ്സ് രണ്ടു സീറ്റ് എന്ന് പി.ജെ.ജോസഫ് പറയുമ്പോൾ വെറുമൊരു രാഷ്ട്രീയ വിലപേശൽ മാത്രമാകുമെന്നു കരുതാൻ വരട്ടെ. വളരെ കൃത്യമായി കണക്കുകൂട്ടി രാഷ്ട്രീയം കളിക്കുന്ന ആളാണ് പി.ജെ.ജോസഫ്. ഇടുക്കിയോ ചാലക്കുടിയോ അധികമായി കിട്ടിയാൽ അതു ജോസഫ് ഗ്രൂപ്പിനു കിട്ടുമെന്ന് പി.ജെ വിശ്വസിക്കുന്നു. അങ്ങനെ വന്നാൽ ആരു മത്സരിക്കും.? പി.ജെ. തന്നെ സ്ഥാനാർത്ഥിയാവാനാണ് സാധ്യതകൾ ഏറെയും. ജയിച്ചാൽ തൊട്ടപ്പുഴ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പുവരുമെന്നത് വേറെ കാര്യം. കോൺഗ്രസ് രണ്ടാമതൊരു സീറ്റുകൂടി കേരളാ കോൺഗ്രസിനു നൽകിയില്ലെങ്കിലോ? അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യം പി.ജെ.ജോസഫ് മനസിൽ കാണുന്നുണ്ടാവണം. കേരളാ കോൺഗ്രസിൽ ഉരുത്തിരിയുന്ന പുതിയൊരു പിളർപ്പിലേയ്ക്കാവും അപ്പോൾ കാര്യങ്ങൾ നീങ്ങുക. കെ.എം. മാണിയുടെയും പി.ജെ.ജോസഫിന്റെയും നേതൃത്വത്തിൽ രണ്ടു കേരളാ കോൺഗ്രസുകൾ ഉണ്ടായാൽ യു.ഡി.എഫിൽ രണ്ടിനും സ്ഥാനമുണ്ടാവുമോ എന്ന ചോദ്യവും ഉയരും. യു.ഡി.എഫിൽ തുടരാൻ തന്നെയാവും ജോസഫിനും താൽപര്യം. അതു പക്ഷെ മാണിക്ക് സ്വീകാര്യമായേക്കില്ല. മാണിയെപ്പോലെ തല മൂത്ത ഒരുനേതാവിനെ ഒഴിവാക്കാൻ യു.ഡി.എഫ്. നേതൃത്വം ഒരുമ്പെടില്ല. മാണിയുടെ നിർബന്ധത്തിനു വഴങ്ങി ജോസഫിനെയും കൂട്ടരെയും ഒഴിവാക്കാനും യു.ഡി.എഫിനാവില്ല. ചരൽക്കുന്നിലെ തീരുമാനത്തിനുശേഷം മാണി ഇടതുപക്ഷത്തേയ്ക്കു കണ്ണും നട്ടു നിന്നപ്പോൾ ജോസഫും കൂട്ടരുമാണ് യു.ഡി.എഫിനെ തുണയ്ക്കാൻ കൂടിയത്. അന്നുതന്നെ ഒരു പിളർപ്പിന് ജോസഫിനെ സജ്ജമാക്കാനും യു.ഡി.എഫ് നേതാക്കൾക്കു കഴിഞ്ഞിരുന്നു. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പി.കെ.കുഞ്ഞാലിക്കുട്ടിക്കുമെല്ലാം ജോസഫിനോട് ഒടുങ്ങാത്ത കൂറുണ്ടെന്ന കാര്യത്തിൽ സംശയമില്ലതന്നെ. പക്ഷെ രണ്ടു സീറ്റുകൾ വേണമെന്നാവശ്യപ്പെടുന്നത് യു.ഡി.എഫ്. നേതൃത്വത്തോടാണെങ്കിലും പി.ജെ.ജോസഫ് യഥാർത്ഥത്തിൽ വിലപേശുന്നത് സാക്ഷാൽ കെ.എം.മാണിയോടുതന്നെയാണ്. 1977 ൽ 22 നിയമസഭാ സീറ്റും രണ്ടു ലോക്സഭാസീറ്റും കിട്ടിയ കാര്യം ജോസഫിന്റെ കണക്കുപുസ്തകത്തിലുണ്ട്. അതിൽ 20 സീറ്റിലും കേരളാ കോൺഗ്രസ് ജയിച്ചു. രണ്ടു പാർലമെന്റ് സീറ്റിലും. 1984 ൽ മൂന്നു ലോക്സഭാ സീറ്റാണു കിട്ടിയത്. കോട്ടയം, മൂവാറ്റുപുഴ, മുകുന്ദപുരം എന്നിങ്ങനെ. മൂന്നിടത്തും ജയിച്ചു. ഇപ്പോൾ രണ്ടു സീറ്റല്ലേ ചോദിക്കുന്നുള്ളുവെന്ന് പി.ജെ.ജോസഫ്. കഴിഞ്ഞ ലോക്സഭാ സീറ്റിൽ പക്ഷെ ഒരു സീറ്റ് മാത്രമേ കിട്ടിയിരുന്നുള്ളൂ- കോട്ടയം. അവിടെ ജോസ് കെ മാണി മത്സരിച്ചു വിജയിച്ചു. പിന്നെ യു.ഡി.എഫിലെ ഒത്തുതീർപ്പിന്റെ ഭാഗമായി പ്രൊഫ.പി.ജെ.കുര്യൻ ഒഴിഞ്ഞ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്കു നൽകുകയും അദ്ദേഹം ലോക്സഭാ സീറ്റ് രാജിവെച്ചൊഴിയുകയുമായിരുന്നു. ഇന്നിപ്പോൾ വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പുവരുമ്പോൾ കേരളാകോൺഗ്രസിനുള്ളിൽ സംഘർഷം ഉരുണ്ടുകൂടുകയാണ്. രണ്ടാമതൊരു സീറ്റുകൂടി വേണമെന്നു ജോസഫ് പറയുന്നത് തന്നെ കടുപ്പിച്ചു തന്നെയാണ്. നിലപാടു കടുപ്പിച്ചാൽ പിന്നെ പി.ജെ.തരിമ്പും വിട്ടുകൊടുക്കില്ല. കെ.എം.മാണിയിൽ നിന്നും പി.ജെ.വളരെ അകന്നുകഴിഞ്ഞിരിക്കുന്നു. പിടികിട്ടാൻ വയ്യാത്തവിധം അകലെ. ഒരു ലോക്സഭാ സീറ്റ് കൂടികിട്ടാതെ അടങ്ങാൻ ഒരുക്കമല്ല അദ്ദേഹം. ലോക്സഭയിലെത്തിയാലും ജോസഫ്, മാണിയിൽ നിന്ന് അകന്നു തന്നെ കഴിയും. പിളർപ്പ് എന്ന് എന്നുമാത്രമേ അറിയാനുള്ളൂ. Content highlights: kerala congress, P J Joseph
from mathrubhumi.latestnews.rssfeed http://bit.ly/2CVMirk
via
IFTTT
No comments:
Post a Comment