ബെംഗളൂരു/മുംബൈ:കർണാടകത്തിൽ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ഓപ്പറേഷൻ താമരയ്ക്ക് വീണ്ടും പിഴക്കുന്നു. കോൺഗ്രസിലെ വിമതരെയും സ്വതന്ത്രരരേയും അടർത്തിയെടുത്ത് സർക്കാരിനെ വീഴ്ത്താമെന്ന പദ്ധതി പാളുന്നതിന്റെ സൂചനകളാണ് കർണാടകത്തിൽ നിന്ന് വരുന്നത്. തന്ത്രം പാളുകയാണെന്ന് മനസ്സിലാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ ബെംഗളൂരുവിൽ തിരിച്ചെത്തി. റിസോർട്ടിലുള്ള എംഎൽഎമാരും വൈകാതെ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. സഖ്യ സർക്കാരിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രർ രാജിവെച്ചതോടെ സർക്കാർ നിലംപൊത്താൻ പോകുന്നതിന്റെ സൂചനകൾ വന്നു. ഭീഷണി മുൻകൂട്ടി കണ്ട് ഹൈക്കമാൻഡ് കെ.സി വേണുഗോപാലിനെ കർണാടകത്തിലേക്ക് അയച്ചു. കോൺഗ്രസും എംഎൽഎമാരെ മറുകണ്ടം ചാടിച്ചേക്കാമെന്ന് മുൻകൂട്ടി കണ്ട് ആദ്യം തന്നെ ബിജെപി തങ്ങളുടെ 104 എംഎൽഎമാരെ ഗുരുഗ്രാമിലെ റിസോർട്ടിലേക്ക് മാറ്റി. കർണാടക രാഷ്ട്രീയത്തിൽ ആവർത്തിക്കപ്പെട്ട റിസോർട്ട് രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡായിരുന്നു ഇത്. മുമ്പ് കോൺഗ്രസായിരുന്നു കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതെങ്കിൽ ഇത്തവണ ബിജെപി ആണ് ഇതിന് തുനിഞ്ഞത്. ബിജെപി ക്യാമ്പിലുണ്ടായിരുന്ന കോൺഗ്രസ് വിമതൻ ഭീമ നായിക് ബുധനാഴ്ച വൈകുന്നേരത്തോടെ തിരിച്ച് ബെംഗളൂരുവിലെത്തിയത് കോൺഗ്രസ് ക്യാമ്പിന് ആത്മവിശ്വാസം പകർന്നു. അതോടെ ബിജെപി പദ്ധതി പാളുകയാണെന്ന സൂചന പരന്നു. ബിജെപിയുടെ നീക്കം മണത്തറിഞ്ഞ് കോൺഗ്രസും ദ്വിമുഖ തന്ത്രവുമായി രംഗത്തിറങ്ങിയതോടെയാണ് ബിജെപി തന്ത്രം പാളിയത്. കർണാടക രാഷ്ട്രീയത്തിലെ ചാണക്യനും കോൺഗ്രസിന്റെ ക്രൈസിസ് മാനേജരുമായ ഡി.കെ ശിവകുമാറിനെ മുംബൈയിലേക്ക് അയച്ചാണ് കോൺഗ്രസ് കരുക്കൾ നീക്കിയത്. ശിവകുമാർ മുംബൈയിൽ ലാൻഡ് ചെയ്ത് മണിക്കൂറുകൾക്കുളളിലാണ് ഭീമ നായിക്കിന്റെ മടക്കം. ശിവകുമാറിന്റെ സഹോദരനും എംപിയുമായ ഡി.കെ സുരേഷ് ബെംഗളൂരു കേന്ദ്രീകരിച്ച് സജീവമായി. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഇടഞ്ഞ് നിൽക്കുന്ന എംഎൽഎമാരെ വിളിച്ച് മന്ത്രിസ്ഥാനം അടക്കം വാഗ്ദാനം ചെയ്തു. കോൺഗ്രസ് നേതാക്കളായ എം.ബി പാട്ടീൽ, സമീർ അഹമ്മദ്, കെ.ജെ ജോർജ് എന്നിവരും രക്ഷാദൗത്യത്തിൽ സജീവമായി. സർക്കാരിനെ വീഴ്ത്തി ബിജെപിക്ക് സർക്കാരുണ്ടാക്കണമെങ്കിൽ 14 പേരെങ്കിലും രാജിവെക്കണം എന്ന യാഥാർഥ്യവും അതിനുള്ള സാധ്യതയില്ല എന്നതും വിമതരെ ധരിപ്പിച്ചത് സിദ്ധരാമയ്യയാണ്. രാജിക്കൊപ്പം കൂറുമാറ്റത്തിന്റെ അനന്തരഫലവും സ്പീക്കറെ മുൻനിർത്തി കോൺഗ്രസ് പയറ്റി. ഭീമാ നായിക്കിന് പിന്നാലെ പ്രതാപ് ഗൗഡ പാട്ടീൽ, അമരഗൗ, ജെ.എൻ ഗണേശ് എന്നിവരും വ്യാഴാഴ്ച വൈകുന്നേരത്തോടെ ബെംഗളൂരുവിലെത്തുമെന്നാണ് റിപ്പോർട്ട്. മറുവശത്ത് ഗുരുഗ്രാമിലെ ഹോട്ടലിൽ ചർച്ചകളിലായിരുന്ന യെദ്യൂരപ്പ ക്യാമ്പും 12 മുതൽ 15 എംഎൽഎമാർവരെ രാജിവെക്കുമെന്ന പ്രതീക്ഷ പുലർത്തിയെങ്കിലും അതുമുണ്ടായില്ല. അതോടെയാണ് യെദ്യൂരപ്പ മടങ്ങിയത്. മന്ത്രിസഭയിലെ ചില അംഗങ്ങൾ തന്നെ സർക്കാരിനെ നിലനിർത്തുന്നതിനായി മന്ത്രിസ്ഥാനം ഒഴിയാനുള്ള സന്നദ്ധത നേതൃത്വത്തെ അറിയിച്ചതായും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഉമേഷ് യാദവ്, കെ.മഹേഷ്, ബി.നാഗേന്ദ്ര, ശ്രീമന്ത് പാട്ടീൽ, രമേശ് ജാർക്കിഹോളി എന്നീ കോൺഗ്രസ് എംഎൽഎമാരാണ് മുംബൈ റിനൈസൻസ് ഹോട്ടലിലുള്ളത്. ഇതിൽ രമേശ് ജാർക്കിഹോളി മന്ത്രായിരിക്കെ ബിജെപി നേതൃത്വവുമായി ബന്ധപ്പെടുകയും സർക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങളിൽ പങ്കാളിയായത് ബോധ്യപ്പെട്ടതിനെ തുടർന്ന് പുന:സംഘടനയിൽ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. രമേശിന്റെ സഹോദരൻ സതീഷിനെ പകരം കാബിനറ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ വിമതരുടെ നേതാവായ രമേശ് ജാർക്കിഹോളിക്ക് കുമാരസ്വാമി മന്ത്രിസ്ഥാനം ഉറപ്പ് നൽകി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുംഉപമുഖ്യമന്ത്രി പരമേശ്വരയ്ക്കുമൊപ്പംഎഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ചേർന്നാണ്സർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള കരുക്കൾ നീക്കിയത്. വിശ്വാസ വോട്ടിന്റെ സമയത്തെ പോലെ അട്ടിമറിയുണ്ടായാൽ സുപ്രീംകോടതിയിലേക്ക് നീങ്ങാനുള്ള ചർച്ചകളുടെ ചുമതല ഡൽഹി കേന്ദ്രീകരിച്ച് ഖാർഗെക്കായിരുന്നു. Content Highlights:Operation Lotus, Congress, BJP, Karnataka government
from mathrubhumi.latestnews.rssfeed http://bit.ly/2T0wSc7
via
IFTTT
No comments:
Post a Comment