ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമയെ നീക്കുന്നതിന് ആധാരമായ സെൻട്രൽ വിജിലൻസ് കമ്മീഷൻ റിപ്പോർട്ടിൽ അദ്ദേഹത്തിനെതിരായ പ്രധാന ആരോപണങ്ങളിൽ വ്യക്തമായ കണ്ടെത്തലുകൾ ഇല്ലായിരുന്നുവെന്ന് വെളിപ്പെടുത്തൽ. വർമയെ നീക്കാൻ തീരുമാനമെടുത്ത ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ നൽകിയ വിയോജനക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. വർമയ്ക്കെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്നാണ് ഖർഗെ വ്യക്തമാക്കിയിട്ടുള്ളത്. അലോക് വർമ കോഴ വാങ്ങിയെന്നത് അടക്കമുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതല്ല എന്നാണ് സിവിസി റിപ്പോർട്ട് അടിസ്ഥാനമാക്കി യോഗത്തിന്റെ പരിഗണനയിലെത്തിയ കുറിപ്പ് വ്യക്തമാക്കുന്നത്. കോഴ നൽകിയെന്നതിന് വ്യക്തമായ തെളിവില്ല. സാഹചര്യ തെളിവുകൾ കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും കുറിപ്പിൽ പറയുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയാണ് വർമയ്ക്കെതിരെ കോഴ അരോപണം ഉന്നയിച്ചത്. സിബിഐ അന്വേഷണം നേരിട്ട വ്യവസായിയിൽനിന്ന് വർമ രണ്ട് കോടിരൂപ കോഴവാങ്ങിയെന്നായിരുന്നു ആരോപണം. ഹരിയാനയിലെ സ്ഥലം ഏറ്റടുക്കലുമായി ബന്ധപ്പെട്ട ആരോപണത്തിലും കൂടുതൽ അന്വേഷണം വേണമെന്നാണ് സിവിസി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. അലോക് വർമയ്ക്കെതിരായ പത്ത് ആരോപണങ്ങളിൽ ആറും അടിസ്ഥാന രഹിതമാണെന്ന് സിവിസി റിപ്പോർട്ട് വ്യക്തമാക്കുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഐആർസിടിസി അഴിമതിക്കേസിൽ ആരോപണ വിധേയനായ ഒരാളുടെ പേര് പ്രഥമവിവര റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഡൽഹിയിലെ സ്വർണ്ണക്കടത്ത് കേസിൽ നടപടിയെടുക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ,സുപ്രധാന അന്വേഷണ ഏജൻസിയുടെ തലപ്പത്തുള്ള വ്യക്തിയെന്ന നിലയിൽ കാട്ടേണ്ട ആർജവം അദ്ദേഹത്തിൽനിന്ന് ഉണ്ടായില്ലെന്ന് ഉന്നതാധികാര സമിതി വിലയിരുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഐആർസിടിസി കേസിൽ ഒഴിവാക്കപ്പെട്ട വ്യക്തി വർമയ്ക്ക് വ്യക്തമായി അറിയുന്നയാളാണെന്ന് സിവിസി റിപ്പോർട്ടിൽ പരാമർശമുണ്ട്. ആരോപണങ്ങളിൽ അന്വേഷണം തുടരേണ്ടതിനാൽ വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കണമെന്ന നിലപാടാണ് ഉന്നതാധികാര സമിതി കൈക്കൊണ്ടത്. എന്നാൽ, സിബിഐ ഡയറക്ടറെന്ന നിലയിൽ വർമയുടെ അധികാരങ്ങൾ തിരികെ നൽകണമെന്നും അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടാണ് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ സ്വീകരിച്ചത്. നിർബന്ധിത അവധിയിൽ പ്രവേശിച്ചതിനാൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട 77 ദിവസത്തെ സേവന കാലാവധി നീട്ടിനൽകണമെന്നും ഖാർഗെ ആവശ്യമുന്നയിച്ചിരുന്നു. Content Highlights;Alok Verma, CBI, CVC Report, bribe
from mathrubhumi.latestnews.rssfeed http://bit.ly/2TFtbIT
via
IFTTT
No comments:
Post a Comment