ഗുരുഗ്രാം: ഇൻജുറി സമയത്ത് വഴങ്ങിയ ഗോളിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് വീണ്ടും സമനില. തുടർച്ചയായ നാലു പരാജയങ്ങൾക്കു ശേഷം വിജയവഴിയിൽ തിരിച്ചെത്താമെന്നുളള ഗോകുലത്തിന്റെ മോഹങ്ങൾക്ക് തടയിട്ടത് നിലവിലെ ജോതാക്കളായ മിനർവ പഞ്ചാബാണ്. മിനർവയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ 84-ാം മിനിറ്റിൽ മാർക്കസ് ജോസഫിന്റെ ഗോളിലൂടെ മുന്നിലെത്തിയ ഗോകുലത്തെ അധിക സമയത്തിന്റെ നാലാം മിനിറ്റിൽ ജോർജ് കാസെയ്ഡോ റോഡ്രിഗസ് നേടിയ ഗോളിൽ ആതിഥേയർ സമനിലയിൽ പിടിച്ചു. ജോസഫിന്റെ ഗോളിൽ വിജയമുറപ്പിച്ചിരിക്കവെ ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ശേഷിക്കെയായിരുന്നു കാസെയ്ഡോയുടെ ഗോൾ. കഴിഞ്ഞ മത്സരത്തിൽ നിന്ന് നാലു മാറ്റങ്ങളുമായാണ് ഗോകുലം ഇറങ്ങിയത്. കെ. ദീപക്, വുങ്ഗയാം മുയ്റാങ്, ഇമ്രാൻ ഖാൻ, ചാൾസ് ഫോളി എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ ഗോകുലം വലകുലുക്കിയെങ്കിലും ഗോൾ കീപ്പറെ ഫൗൾ ചെയ്തെന്ന കാരണത്താൽ റഫറി ഗോൾ അനുവദിച്ചില്ല. പലപ്പോഴും മിനർവ ഗോൾകീപ്പർ അർഷ്ദീപ് സിങ്ങിനെ പരീക്ഷിക്കാൻ ഗോകുലം താരങ്ങൾക്കായെങ്കിലും അർഷ്ദീപിന്റെ മികവ് മിനർവയുടെ രക്ഷയ്ക്കെത്തുകയായിരുന്നു. 40-ാം മിനിറ്റിൽ ഇമ്രാൻ ഖാന്റെ ക്രോസ് കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ ഗോകുലം താരങ്ങൾക്കായില്ല. ഗോൾ അകന്നു നിന്നതോടെ ഗോകുലം 62-ാം മിനിറ്റിൽ മുഹമ്മദ് റാഷിദിനെയും 65-ാം മിനിറ്റിൽ സുഹൈറിനെയും കളത്തിലിറക്കി. ഇനിതിനിടെ 71-ാം മിനിറ്റിൽ പ്രഭ്ജോതിനു ലഭിച്ച അവസരം ഭാഗ്യത്തിനാണ് ഗോളാകാതെ പോയത്. സാങ് വാൻ നൽകിയ ക്രോസിൽ തലവെച്ച പ്രഭ്ജോതിന്റെ ഹെഡർ ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് പുറത്തുപോയത്. 84-ാം മിനിറ്റിൽ മാർക്കസ് ജോസഫിലൂടെ ഗോകുലം സമനിലപ്പൂട്ട് പൊട്ടിച്ചു. ഗോകുലത്തിനായി രണ്ടാമത്തെ മത്സരം മാത്രം കളിക്കുന്ന ജോസഫ് ഇതോടെ രണ്ട് മത്സരങ്ങളിലും സ്കോർ ചെയ്തു. ഗോൾ വീണതോടെ ഉണർന്നുകളിച്ച മിനർവ അധിക സമയത്തിന്റെ നാലാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ബോക്സിലേക്കു വന്ന സൗവിക് ദാസിന്റെ ക്രോസ് മുഡ്ഡെ മൂസ ഹെഡ് ചെയ്തകറ്റിയത് ചെന്നു വീണത് ജോർജ് കാസെയ്ഡോയുടെ മുന്നിലായിരുന്നു, പിഴവൊന്നും കൂടാതെ ജോർജ് കാസെയ്ഡോ പന്ത് വലയിലെത്തിക്കുകയായിരുന്നു. തുടർച്ചയായ നാലു തോൽവികൾക്കു ശേഷമാണ് ഗോകുലം ഒരു പോയിന്റ് സ്വന്തമാക്കുന്നത്. Content Highlights: minerva punjab vs gokulam match drawn
from mathrubhumi.latestnews.rssfeed http://bit.ly/2FOCAKm
via
IFTTT
No comments:
Post a Comment