ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോർജ് ഫെർണാണ്ടസ് (88) അന്തരിച്ചു.മറവി രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. 1930 ജൂൺ മൂന്നിന് മംഗലാപുരത്താണ് ജോർജ് ഫെർണാണ്ടസ് ജനിച്ചത്.ആറു മക്കളിൽ മൂത്തവനാണ് ജോർജ് ഫെർണാണ്ടസ്. ജെറി എന്നായിരുന്നു അദ്ദേഹത്തിന്റെ ചെല്ലപ്പേര്. സ്കൂൾ പഠനത്തിന് ശേഷം ബാംഗ്ളൂർ സെന്റ് പീറ്റേഴ്സ് സെമിനാരിയിൽ കത്തോലിക്കാ വൈദികനാകാൻ ചേർന്നു. എന്നാൽ രണ്ടു വർഷത്തിന് ശേഷം സെമിനാരി വിട്ടു. പിന്നീട് ബോംബയിലെത്തി ചെറിയ ജോലികൾക്ക് ചേർന്നു. പ്ലാസിഡ് ഡെ മെല്ലോ, റാം മനോഹർ ലോഹ്യ എന്നിവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി സോഷ്യലിസ്റ്റ് ട്രേഡ് യൂണിയനിൽ ചേർന്ന് പ്രവർത്തനം ആരംഭിച്ചു. 1961 ലും 68 ലും ബോംബെ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 1967 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സര രംഗത്തെത്തിയതോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായി ബോംബെ സൗത്തിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്. കോൺഗ്രസ് നേതാവ് എസ്.കെ പാട്ടീലിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അതോടെ ജയിന്റ് കില്ലർപരിവേഷവുമായി ലോക്സഭയിലെത്തി. 1969 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1973 ൽ പാർട്ടി ചെയർമാനായി. ജന്മദിനാഘോഷ വേളയിൽ ഭാര്യയോടും ജയാ ജയ്റ്റിലിയോടുമൊപ്പം ജോർജ് ഫെർണാണ്ടസ് ഓൾ ഇന്ത്യ റെയിൽവേമെൻ ഫെഡറേഷൻ പ്രസിഡന്റായ സമയത്ത് 1974 ൽ സംഘടിപ്പിച്ച റെയിൽവേ സമരത്തിൽ രാഷ്ട്രം ശരിക്കും നിശ്ചലമായി. ശമ്പള പരിഷ്ക്കരണത്തിലെ അപാകതകളിൽ പ്രതിഷേധിച്ചായിരുന്നു സമരം. റയിൽവേ യൂണിയനുകൾക്ക് പുറമെ മറ്റ് തൊഴിലാളി സംഘടനകളും സമരത്തിൽ പങ്കെടുത്തു. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്ത ജോർജ് ഫെർണാണ്ടസ് ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥകാലത്ത് ബിഹാറിലെത്തിയ ജോർജ് ഫെർണാണ്ടസ് അവിടം കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പിന്നീട് 1977 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ മുസാഫർപുരിൽ നിന്ന് മൂന്നു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ജയിലിൽ കിടന്നുകൊണ്ടായിരുന്നു മത്സരം. മൊറാർജി ദേശായി സർക്കാരിൽ വ്യവസായ മന്ത്രിയായി. മൊറാർജി ദേശായിയോടൊപ്പം 1980 ൽ നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ചെങ്കിലും പ്രതിപക്ഷത്തായിരുന്നു. 1984 ൽ ബാംഗ്ലൂരിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989 ലും 1991 നടന്ന തിരഞ്ഞെടുപ്പുകളിൽ വൂണ്ടും മുസാഫർപുരിൽ നിന്ന് വിജയിച്ചു. ജനാതദളായിരുന്നു തട്ടകം. 1989 ലെ വി.പി സിങ് മന്ത്രിസഭയിൽ റെയിൽവേ വകുപ്പ് കൈകാര്യം ചെയ്തു. കൊങ്കൺ റെയിൽവേ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് ഈ കാലത്താണ്. 1999 ൽ ജനതാദളിൽ നിന്ന് പിരിഞ്ഞ് സമതാ പാർട്ടി രൂപവത്ക്കരിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ പ്രധാന സഖ്യകക്ഷിയായിരുന്നു സമതാ പാർട്ടി. എൻ.ഡിഎയുടെ ആദ്യ കൺവീനറായിരുന്നു ജോർജ് ഫെർണാണ്ടസ്. 2003 ൽ ജനതാദൾ യുണൈറ്റഡുമായി സമതാ പാർട്ടി ലയിച്ചു. 1998 -2004 ലെ വാജ്പയി സർക്കാരിൽ പ്രതിരോധ മന്ത്രിസ്ഥാനമാണ് ജോർജ് ഫെർണാണ്ടസിന് ലഭിച്ചത്. കാർഗിൽ യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത്. കാർഗിൽ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു. 15-ആം ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2010 മുതൽ മറവി രോഗത്തിന് ഇരയായ അദ്ദേഹം ചികിത്സയിലായിരുന്നു. മുൻ കേന്ദ്രമന്ത്രിയായ ഹുമയൂൺ കബീറിന്റെ മകൾ ലൈല കബീറാണ് ഭാര്യ. 1980 കളിൽ ഇരുവരും വേർപിരിഞ്ഞു. സീൻ ഫെർണാണ്ടസ് മകനാണ്. ജയാ ജയ്റ്റിലിയാണ് 1984 മുതൽ സഹയാത്രിക. അസുഖ വേളയിൽ ഭാര്യ തിരിച്ചെത്തിയെങ്കിലും അത് കൂടുതൽ വിവാദത്തിനിടയാക്കി. ഭാര്യയും മകനും ചേർന്ന് അദ്ദേഹത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും കാണാൻ അനുവദിക്കുന്നില്ലെന്നും കാട്ടി സഹോദരങ്ങൾ കോടതിയെ സമീപിച്ചു. ജോർജ് ഫെർണാണ്ടസിനെ ഭാര്യയ്ക്ക് സംരക്ഷിക്കാമെന്നും സഹോദരങ്ങൾക്ക് കാണാൻ അവസരം നൽകണമെന്നും കോടതി നിർദേശിച്ചു. ജയാ ജയ്റ്റ്ലിയേയും കാണാൻ അനുവദിക്കണമെന്ന് 2012 ൽ സുപ്രീം കോടതി ഭാര്യയ്ക്കും മകനും നിർദേശം നൽകിയിരുന്നു. content highlights:George Fernande Passes Away
from mathrubhumi.latestnews.rssfeed http://bit.ly/2DGLGHP
via
IFTTT
No comments:
Post a Comment