തിരുവനന്തപുരം: വനിതാമതില്‍ പൊളിഞ്ഞെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാര്‍. വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കുന്നതും പ്രതിയോഗികള്‍ക്ക് കരുത്തു പകരുന്നതുമാണെന്ന് പുന്നല പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തണമെന്നും പുന്നല പറഞ്ഞു.
ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ സൃഷ്ടിച്ച ശബരിമല കര്‍മ്മസമിതിക്കെതിരേ ഇടതുപക്ഷം രൂപം കൊടുത്ത നവോത്ഥാന സമിതിയില്‍ പൊട്ടിത്തെറിയും ആശയക്കുഴപ്പങ്ങളും രൂപപ്പെടുന്നെന്നും അവ മറനീക്കി പുറത്തുവരികയാണെന്നുമുള്ള ആക്ഷേപം ഇതോടെ ശക്തമായി.
നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെ ഉള്‍പ്പെടുത്തി രൂപം നല്‍കിയ നവോത്ഥാന സമിതിയുടെ നേതാക്കളാണ് ഇരുവരും. നവോത്ഥാന സമിതിയുടെ അടുത്ത യോഗം വ്യാഴാഴ്ച ചേരാനിരിക്കേയാണ് പുന്നല ശ്രീകുമാറിന്റെ വാക്കുകള്‍. നവോത്ഥാന സമിതിയെ ഒരു സ്ഥിരം സംവിധാനമാക്കി മാറ്റാന്‍ എല്‍ഡിഎഫ് ആലോചിക്കുന്നതിനിടെയാണ് നവോത്ഥാന സമിതിയുടെ ചെയര്‍മാനെതിരെ കണ്‍വീനര്‍ വിമര്‍ശനവുമായി രംഗത്തു വന്നത്.
ശബരിമല കര്‍മ്മസമിതി പിരിച്ചുവിടാത്ത സാഹചര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നവോത്ഥാന സമിതിയെ സ്ഥിരം സംവിധാനമാക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം. ആത്മീയകാര്യങ്ങളില്‍ വിപ്ലവം കൊണ്ടു വരുമ്പോള്‍ ചിലര്‍ക്ക് ദഹനക്കേടുണ്ടാവും. കാലങ്ങളായി പാലിക്കുന്ന ആചാരങ്ങളില്‍ വ്യത്യാസം വരുത്തുമ്പോള്‍ അത് സ്വീകരിക്കാന്‍ ആളുകള്‍ക്ക് സമയം വേണ്ടി വരുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദം നേട്ടമാക്കുക ബിജെപിക്കാവില്ല എല്‍ഡിഎഫിനായിരിക്കുമെന്നും പുന്നല ശ്രീകുമാര്‍ പറയുന്നു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശബരിമല സമരത്തിനെതിരേ വെള്ളാപ്പള്ളി നടേശന്‍ രംഗത്തു വന്നിരുന്നു. സവര്‍ണ്ണ കൂട്ടായ്മയാണ് ശബരിമല സമരം നടത്തുന്നതിന് പിന്നിലെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി എന്‍എസ്എസിനെയും വിമര്‍ശിച്ചിരുന്നു.
ശബരിമല വിഷയം ബിജെപിയ്ക്ക് നേട്ടമാകുമെന്നും പോകുന്നത് യുഡിഎഫ് വോട്ടായിരിക്കുമെന്നും എല്‍ഡിഎഫിന്റെ വോട്ടുകള്‍ അവിടെ കിടക്കുമെന്നും പറഞ്ഞിരുന്നു. അതേസമയം തന്നെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ രൂക്ഷമായി വിമര്‍ശിക്കാനും വെള്ളാപ്പള്ളി മടിച്ചില്ല. നശൂലങ്ങള്‍ എന്ന് വിളിച്ചായിരുന്നു വെള്ളാപ്പള്ളി ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകളെ അധിക്ഷേപിച്ചത്.
from mangalam.com http://bit.ly/2Tg4tyQ
via IFTTT
No comments:
Post a Comment