ചെന്നൈ: പ്രോ വോളിബോൾ ലീഗിന്റെ ആദ്യ പതിപ്പിനുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സും യു മുംബാ വോളിയും തമ്മിൽ കൊച്ചിയിൽ നടക്കുന്ന മത്സരത്തോടെ ടൂർണമെന്റിന് തുടക്കമാകും. ഫെബ്രുവരി 22-നാണ് ഫൈനൽ. ചെന്നൈയിൽ നടക്കുന്ന 67-ാമത് ദേശീയ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പ്രോ വോളിബോൾ ലീഗിന്റെ മത്സര ഷെഡ്യൂൾ പ്രഖ്യാപിക്കുകയും ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ആറു ടീമുകളാണ് ലീഗിന്റെ ആദ്യ പതിപ്പിൽ മത്സരിക്കുന്നത്. കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ആകെയുള്ള 18 മത്സരങ്ങളിൽ ഓരോ ടീമും ഒരു റൗണ്ട് റോബിൻ ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടും. ആദ്യത്തെ പന്ത്രണ്ട് മത്സരങ്ങൾ കൊച്ചിയിൽ വെച്ചും, രണ്ട് സെമി ഫൈനലുകളും ഫൈനലും ഉൾപ്പെടെയുള്ള ശേഷിക്കുന്ന ആറ് മത്സരങ്ങൾ ചെന്നൈയിൽ വെച്ചുമാണ് നടക്കുക. ബോൺഹോമീ സ്പോർട്സ് ഇവന്റെ മാനേജ്മെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ഡിഫൻഡേഴ്സ്, കോഴിക്കോട് ബീക്കൺ സ്പോർട്സിന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് ഹീറോസ്, ചെന്നൈ സ്പാർട്ടൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്പാർട്ടൻസ്, യു സ്പോർട്സിന്റെ ഉടമസ്ഥതയിലുള്ള യു മുംബ വോളി, അജൈൽ എന്റർട്ടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്ലാക്ക് ഹോക്ക്സ് ഹൈദരാബാദ്, മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് എന്നിവയാണ് ടൂർണമെന്റിൽ മത്സരിക്കുന്ന ടീമുകൾ. പ്രോ വോളിബോൾ ലീഗ് സി.ഇ.ഒ. ശ്രീ ജോയ് ബട്ടാചാര്യയും വി.എഫ്.ഐ സെക്രട്ടറി ജനറൽ ശ്രീ രാമവതാർ സിങ് ജഖറും ചേർന്ന് ടൂർണമെന്റിന്റെ മത്സര ഷെഡ്യൂൾ പ്രകാശനം ചെയ്തു. ടിക്കറ്റുകൾക്ക് 300 രൂപയാണ് വിലയിട്ടിരിക്കുന്നത്. സീസൺ ടിക്കറ്റുകൾ 30% കിഴിവിൽ ലഭ്യമാകും. എല്ലാ ടിക്കറ്റുകളും, ടൂർണമെന്റിന്റെ ഔദ്യോഗിക ടിക്കറ്റിങ് പങ്കാളികളായ പേടിഎമ്മിലും ഇൻസൈഡർ ഇന്നിലും വെള്ളിയാഴ്ച മുതൽ ലഭ്യമാകും. എല്ലാ മത്സരങ്ങളും സോണി സിക്സ്, സോണി ടെൻ 3 എന്നിവയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. Content Highlights:Pro Volleyball League
from mathrubhumi.latestnews.rssfeed http://bit.ly/2AI3jVF
via
IFTTT
No comments:
Post a Comment