യുപി രാഷ് ട്രീയം അടിമുടി മാറുന്നു. യുപി രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ എസ്.പിയും ബിഎസ്പിയും ശത്രുത മറന്ന് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നു. ഗോരഖ്പൂർ, ഫൂൽപ്പൂർ, കൈരാന ഉപതിരഞ്ഞെടുപ്പായിരുന്നു അതിന്റെ ട്രെയിലർ. പൊതുതിരഞ്ഞെടുപ്പിലും അത് തുടരുന്നതോടെ ചതുഷ്കോണ മത്സരത്തിൽ നിന്ന് നേരിട്ടുള്ള മത്സരത്തിലേക്ക്(20 ൽ താഴെ സീറ്റുകൾ ഒഴികെ) തന്നെ യുപി രാഷ് ട്രീയം മാറുകയാണ്. ബിജെപിക്ക് നിലവിലുള്ളതിന്റെ പകുതി സീറ്റെങ്കിലും നഷ് ടമായേക്കാമെന്ന ചിത്രമാണ് അതിൽ തെളിയുന്നത്. കോൺഗ്രസ് മഹാസഖ്യത്തിൽ ചേരാത്തതാണോ, അതോ ഒഴിവാക്കിയതാണോ എന്ന ചോദ്യവും ഇതോടൊപ്പമുണ്ട്. യുപിയിൽ ഏതാനും സീറ്റുകൾ ഒഴിച്ചുനിർത്തിയാൽ കോൺഗ്രസ് ഒരു ശക്തിയല്ല. അപ്പോഴും കോൺഗ്രസിന് പത്ത് ശതമാനത്തോളം വോട്ടുണ്ട് യുപിയിൽ(2014 ലിൽ കിട്ടിയത് 7.5 ശതമാനം). നഗര വോട്ടർമാരും മുന്നോക്കക്കാരുമാണ് കോൺഗ്രസിന്റെ ശേഷിക്കുന്ന വോട്ട് ബാങ്ക്. എസ്പിയുമായോ ബിഎസ്പിയുമായോ ചേർന്നാലും ഈ വോട്ട് ഒരിക്കലും ആ പാർട്ടികളിലേക്ക് പോകാറില്ല. കോൺഗ്രസ് മത്സരിച്ചില്ലെങ്കിൽ ആ വോട്ട് ബിജെപി ഇതര പാർട്ടിയിലേക്ക് പോകില്ല. നേരെ മറിച്ച് കോൺഗ്രസില്ലെങ്കിൽ ആ വോട്ട് ബിജെപിയിലേക്ക് പോകാറാണ് പതിവെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു.ജാതി രാഷ് ട്രീയം നിർണായകമായ യുപിയിൽ പിന്നാക്ക യാദവ, മുസ് ലിം വോട്ടുകളാണ് എസ്പിയുടെ വോട്ടു ബാങ്ക്. ദളിത്-മുസ് ലിം വോട്ടുകളാണ് ബിഎസ്പിയുടെ ശക്തി എൻഡി തിവാരിയുടെ കാലത്ത് 1996 ൽ ബിഎസ്പിയുമായും 2017 ൽ എസ്പിയുമായും കോൺഗ്രസ് സഖ്യമായി മത്സരിച്ചു. പക്ഷേ രണ്ട് തവണയും കോൺഗ്രസ് വോട്ട് സഖ്യത്തിന് കിട്ടിയില്ല. അത് ബിജെപിയിലേക്ക് ഒഴുകി. അത് തന്നെയാണ് ഫൂൽപ്പൂരിലും ഗോരഖ്പൂരിലും കോൺഗ്രസ് പരീക്ഷിച്ചത്. മഹാസഖ്യം മത്സരിച്ചപ്പോഴും കോൺഗ്രസ് ഇവിടെ സ്ഥാനാർഥിയെ നിർത്തി. ഇത് ബോധപൂർവ്വമായിരുന്നു എന്നാണ് നേതാക്കൾ തന്നെ പറയുന്നത്. ഫൂൽപ്പൂരിൽ ബ്രാഹ്മണ സമുദായക്കാരനായ സ്ഥാനാർഥിയെ നിർത്തിയില്ലായിരുന്നെങ്കിൽ അത് ബിജെപിക്ക് കിട്ടിയേനെ. ഗോരഖ്പൂരിൽ എസ്പി സ്ഥാനാർഥിക്ക് കിട്ടിയ ഭൂരിപക്ഷത്തിന്റെ അത്രയും വോട്ട് കോൺഗ്രസ് സ്ഥാനാർഥിയും പിടിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് എസ്പിയുമായി ചേരാതിരുന്നെങ്കിൽ എസ്പിക്കോ ബിഎസ്പിക്കോ പല സീറ്റും നില നിർത്താൻ കഴിഞ്ഞേനെ എന്നും രാഷ് ട്രീയ നിരീക്ഷകർ പറയുന്നു. ബിജെപിയുടെ മുന്നാക്ക വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ കഴിയുന്ന പദ്ധതി തയ്യാറാക്കാൻ രാഹുൽ ഗാന്ധി തന്നെ അഖിലേഷിനോട് നിർദേശിച്ചതായി കഴിഞ്ഞയിടെ വാർത്തകളുണ്ടായിരുന്നു. അതായത് ബിജെപി വിരുദ്ധ ചേരിയുടെ ഭാഗമാകാതെ തന്നെ സ്ഥാനാർഥിയെ നിർത്തി ബിജെപിയുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുക എന്ന ദൗത്യമാണ് യുപിയിൽ കോൺഗ്രസിനുള്ളതെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പദ്ധതി അനുസരിച്ച് പാർട്ടിക്ക് ശക്തിയുള്ള ഒരു ഡസൻ സീറ്റുകളിൽ എസ്പി-ബിഎസ്പി സഖ്യം തന്ത്രപരമായി സ്ഥാനാർഥികളെ നിർത്തിയാലും അത്ഭുതപ്പെടാനില്ല. അങ്ങനെയെങ്കിൽ സഖ്യത്തിൽ ചേരാതെ തന്നെ കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി തന്ത്രം മെനയുകയായിരുന്നു എന്ന് കരുതേണ്ടി വരും. അതറിയാൻ സ്ഥാനാർഥി നിർണയം വരെ കാക്കേണ്ടി വരും. സഖ്യത്തിൽ കോൺഗ്രസില്ലെങ്കിലും സോണിയയുടേയും രാഹുലിന്റെയും സീറ്റുകളിൽ മഹാസഖ്യം മത്സരിക്കുന്നില്ല എന്നതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. കോൺഗ്രസിനെ സഖ്യത്തിൽ ഉൾപ്പെടുത്തിയതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നാണ് മായാവതിയും അഖിലേഷും പറയുന്നത്. കോൺഗ്രസിന് സംസ്ഥാനത്ത് ശക്തിയില്ല. തന്നെയുമല്ല കോൺഗ്രസിന്റെ വോട്ടുകൾ തങ്ങൾക്ക് കിട്ടില്ല എന്നതാണ് പഴയ ചരിത്രമെന്നും മായാവതി പറയുന്നു. 1996 ഉം2017 ഉം ഉദാഹരണമായി മായാവതി ഇന്ന് എടുത്ത് പറയുകയും ചെയ്തു. എസ്പിയും ബിഎസ്പിയും കൈകോർക്കുന്നതോടെ അടുത്ത തവണ ഒറ്റയ്ക്ക് ഭരിക്കാം എന്ന ബിജെപിയുടെ സ്വപ്നങ്ങൾ കൂടിയാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ തവണ ആകെയുള്ള 80 സീറ്റിൽ 71 ഉംനേടിയായിരുന്നു ബിജെപിയുടെ തേരോട്ടം.35 സീറ്റ് നഷ് ടമായാൽ ഇന്നത്തെ നിലയിൽ ബാക്കി നിലനിർത്തി അത്രയും സീറ്റ് മറ്റ് എവിടെയെങ്കിലും നിന്ന് അധികമായി കിട്ടുക ബിജെപിക്ക് എളുപ്പമല്ല താനും. അഖിലേഷുമായി തെറ്റിപ്പിരിഞ്ഞ ശിവ്പാൽ യാദവുമായി ചേർന്ന് ത്രികോണ പോരിന് കോൺഗ്രസ് ഒരുങ്ങുമോ അതോ ഈ രീതിയിലൂള്ള നീക്കുപോക്കിലൂടെ ഏതാനും സീറ്റുകൾ നേടുകയും ബാക്കി മഹാസഖ്യത്തിന് കാര്യങ്ങൾ അനുകൂലമാക്കുകയാണോ നടക്കുക എന്ന് അറിയാൻ ഇനി കാത്തിരിക്കാം. Content highlights: SP BSP Alliance,Akhilesh, Mayawati, Congress
from mathrubhumi.latestnews.rssfeed http://bit.ly/2QGsXPR
via
IFTTT
No comments:
Post a Comment