ന്യൂഡൽഹി: ഹിമാലയ യാത്രയിൽനിന്ന് ഉൾക്കൊണ്ട ജീവിതപാഠങ്ങൾ മറക്കാതിരിക്കാൻ എല്ലാ വർഷവും ദീപാവലിയുടെ സമയം അഞ്ചുദിവസം വനത്തിനുള്ളിൽ ഏകാന്തതയിൽ ചെലവഴിക്കുമായിരുന്നുവെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പൂർവകാലത്തെ കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിന്നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. മോദിയുമായുള്ള അഭിമുഖത്തിന്റെ മൂന്നാംഭാഗമാണിത്. ബാല്യത്തെ കുറിച്ചും രണ്ടുവർഷത്തെ ഹിമാലയ യാത്രയെ കുറിച്ചുമാണ് ആദ്യത്തെ രണ്ടു ഭാഗങ്ങളിൽ പറയുന്നത്. മറ്റുള്ളവരെ സേവിക്കുന്നതിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് ഹിമാലയ യാത്രയ്ക്കു ശേഷം തിരിച്ചറിഞ്ഞതായും മോദി അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഹിമാലയത്തിൽ നിന്നു തിരിച്ചുവന്നു കുറച്ചുകാലത്തിനു ശേഷം അഹമ്മദാബാദിലേക്ക് പോയി. ആദ്യമായി ഒരു വലിയ നഗരത്തിൽ ജീവിക്കുകയായിരുന്നു. അവിടെ ജീവിതത്തിന്റെ ഗതി വളരെ വ്യത്യസ്തമായിരുന്നു. അമ്മാവന്റെ കാന്റീനിൽ അദ്ദേഹത്തെ സഹായിച്ചു കൊണ്ടായിരുന്നു അവിടുത്തെ ജീവിതം ആരംഭിച്ചത്- മോദി പറയുന്നു. പിന്നീട് ആർ.എസ്എസിന്റെമുഴുവൻ സമയ പ്രചാരകനായി മാറിയെന്നും വ്യത്യസ്തജീവിതധാരയിൽനിന്നുള്ളവരുമായി ആശയവിനിമയം നടത്താനും വ്യത്യസ്ത ജോലികൾ ചെയ്യാനും അവിടെ തനിക്ക് അവസരം കിട്ടിയെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഊഴമനുസരിച്ച് ഞങ്ങളെല്ലാവരും ആർ എസ് എസിന്റെ ഓഫീസ് വൃത്തിയാക്കുകയും സഹപ്രവർത്തകർക്കു വേണ്ടി ചായയും ഭക്ഷണവുമുണ്ടാക്കുകയും പാത്രങ്ങൾ കഴുകുകയും ചെയ്യുമായിരുന്നു. ജീവിതം വളരെ കഠിനവും തിരക്കു പിടിച്ചതുമായിരുന്നു. എന്നാൽ എല്ലാ ചുമതലകൾക്കിടയിലും ഹിമാലയ ജീവിതം പഠിപ്പിച്ച പാഠങ്ങൾ നഷ്ടമാകാതിരിക്കാൻ ഞാൻ ബദ്ധശ്രദ്ധ പുലർത്തിയിരുന്നു. ഹിമാലയ ജീവിതം നൽകിയ മനശ്ശാന്തിയെ ജീവിതത്തിന്റെ പുതിയഘട്ടം കീഴ്പ്പെടുത്താതിരിക്കാൻ എല്ലാവർഷവും കുറച്ചുസമയം ആത്മപരിശോധനയ്ക്കായി മാറ്റിവയ്ക്കാൻ ഞാൻ തീരുമാനിച്ചു. ജീവിതത്തിന്റെ തുലനാവസ്ഥ നിലനിർത്താനുള്ള എന്റെ ശ്രമമായിരുന്നു അത്- മോദി പറയുന്നു. ഒരുപാട് ആളുകൾക്കൊന്നും ഇതേക്കുറിച്ച് അറിയില്ല, എല്ലാ വർഷവുംദീപാവലിയുടെ സമയത്ത് അഞ്ചുദിവസം താൻ കാട്ടിനുള്ളിലേക്ക് പോകുമായിരുന്നു. വിജനമായ, ശുദ്ധമായ ജലം ലഭിക്കുന്ന ഒരിടം കണ്ടെത്തും. അഞ്ചുദിവസത്തേക്ക് ആവശ്യമായ ഭക്ഷണവും കയ്യിൽ കരുതുമായിരുന്നു. റേഡിയോയോ പത്രങ്ങളോ അവിടെയുണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് ടിവിയോ ഇന്റർനെറ്റോ ഉണ്ടായിരുന്നില്ല. ആളുകൾ എന്നോടു പലപ്പോഴും ചോദിക്കുമായിരുന്നു. നിങ്ങൾ ആരെ കാണാനാണ് പോകുന്നതെന്ന്? ഞാൻ പറയും- ഞാൻ എന്നെത്തന്നെ കാണാനാണ് പോകുന്നതെന്ന്. അതിനാലാണ് തിരക്കേറിയ ജീവിതത്തിനിടയിലും ചിന്തിക്കാനും ആത്മപരിശോധന നടത്താനും സമയം കണ്ടെത്താൻ എല്ലാരോടും പ്രത്യേകിച്ച് യുവാക്കളായ സുഹൃത്തുക്കളോട് താൻ പറയുന്നത്. അത് നിങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റും. നിങ്ങളുടെ ആന്തരികസ്വത്വത്തെ നന്നായി മനസ്സിലാക്കാൻ സഹായിക്കും. അതോടെ നിങ്ങൾ ശരിയായ അർഥത്തിൽ ജീവിക്കാൻ ആരംഭിക്കും. അത് നിങ്ങളെ കൂടുതൽ ആത്മവിശ്വാസമുള്ളവരാക്കും. മറ്റുള്ളവർ നിങ്ങളെ കുറിച്ച് പറയുന്ന കാര്യങ്ങൾ നിങ്ങളെ ബാധിക്കാതെയാകും. നിങ്ങൾ ഓരോരുത്തരും പ്രത്യേകതയുള്ളവരാണെന്ന് മനസ്സിലാക്കണമെന്നാണ് എന്റെ ആഗ്രഹം. വെളിച്ചം തേടി നിങ്ങൾ പുറത്തേക്ക് നോക്കേണ്ടതില്ല. അത് നിങ്ങൾക്കുള്ളിൽ തന്നെയുണ്ട്- ഇങ്ങനെയാണ് അഭിമുഖത്തിന്റെ മൂന്നാംഭാഗം അവസാനിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള അഭിമുഖം അഞ്ച് ഭാഗങ്ങളായാണ് ഹ്യൂമൻസ് ഓഫ് ബോംബെ പ്രസിദ്ധീകരിക്കുന്നത്. ആദ്യത്തെ ഭാഗങ്ങളിൽ തന്റെ ബാല്യത്തെക്കുറിച്ചും ഹിമാലയൻ ജീവിതത്തെക്കുറിച്ചുമാണ് മോദി സംസാരിക്കുന്നത്. content highlights:prime minister narendra modi remembers spending five days in jungle interview with humans of bombay, narendra modi
from mathrubhumi.latestnews.rssfeed http://bit.ly/2CFOV0n
via
IFTTT
No comments:
Post a Comment