തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വിലാപയാത്രയായി വ്യാഴാഴ്ച കെഎസ്ആർടിസി ബസുകൾ നീങ്ങിയപ്പോൾ ആവർത്തിച്ചത് മറ്റൊരു വിലാപയാത്രയായിരുന്നു. 19 കൊല്ലം മുമ്പും ഇതുപോലൊരു വിലാപയാത്ര നടന്നു. അതും ഇന്നലെ നടന്ന അതേ തിരുവനന്തപുരം നഗരത്തിലൂടെ തന്നെ.കല്ലേറിൽ തകർന്ന ബസ്സുകളുടെ ദുരവസ്ഥ കാണിക്കാൻ അന്നും ഇന്നും കോർപറേഷൻ തിരിഞ്ഞെടുത്തത് ബസുകളുടെ വിലാപയാത്രയാണ്. 2000 ൽ ഇ.കെ. നായനാർ സർക്കാരിന്റെ കാലത്ത് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ വ്യാപക അക്രമമുണ്ടായി. കെഎസ്ആർടിസിയുടെ നഷ്ടം ഏതാണ്ട് മൂന്നു കോടിയോളമായിരുന്നു. ബസ്സുകൾ നിരത്തിലിറക്കാൻ കഴിയാത്തതു കാരണമുണ്ടായ നഷ്ടവും ഇതിൽ പെടും. തിരുവനന്തപുരം കിഴക്കേകോട്ടയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും കോട്ടയ്ക്കകത്തെ ഗാരേജിലും പ്രതിഷേധക്കാർ കയറി തകർത്തത് മുന്നൂറോളം ബസ്സുകളായിരുന്നു. അന്ന് കോർപറേഷൻ എംഡിയായിരുന്ന ജയിംസ് കെ ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ വിലാപയാത്ര ഇപ്പോൾ നടത്തിയത് എംഡി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലായിരുന്നു. അന്നും ഇന്നും കെഎസ്ആർടിസിയ്ക്ക് ഒരഭ്യർഥന മാത്രമേ ഉള്ളൂ, പൊതുജനങ്ങളുടെ സ്വത്തായ കെഎസ്ആർടിസിയെ വെറുതെ വിടുക. അക്രമത്തിൽ തകർക്കപ്പെട്ട ബസ്സുകൾ വീണ്ടും സർവീസിനെത്തിക്കാനെടുക്കുന്ന കാലയളവിൽ ഉണ്ടാകുന്ന വരുമാനനഷ്ടം വേറെ. ഇന്ന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ തെരുവുയുദ്ധം അഴിച്ചു വിട്ടപ്പോൾ പ്രതിഷേധത്തിന്റെ ബഹുഭാഗവും കെഎസ്ആർടിസിയുടെ നെഞ്ചത്തേക്ക് തന്നെ. നഷ്ടക്കച്ചവടത്തിൽ മുങ്ങിത്താഴുന്ന കോർപറേഷന് അക്രമത്തിൽ തകർന്ന വാഹനങ്ങൾ കട്ടപ്പുറത്ത് കയറുമ്പോൾ ഉണ്ടാകുന്നത് കോടികളുടെ നഷ്ടമാണ്. വ്യാഴാഴ്ച സംസ്ഥാനത്ത് നടന്ന ഹർത്താലിനോടനുബന്ധിച്ചരങ്ങേറിയ അതിക്രമങ്ങളിൽ നൂറോളം ബസ്സുകൾക്ക് കേടുപാട് സംഭവിച്ചതായി കെഎസ്ആർടിസി ഡയറക്ടർ ടോമിൻ തച്ചങ്കരി അറിയിച്ചു. അക്രമികൾ തകർക്കുന്നത് സ്വന്തം യാത്രാസംവിധാനമാണെന്നും സർക്കാരിനെതിരെയുള്ള കല്ല് കെഎസ്ആർടിസിക്ക് നേരെ എറിയരുതെന്നും തച്ചങ്കരി പറഞ്ഞു. ഇതിനൊന്നും ഞാൻ ഉത്തരവാദിയല്ല, ദയവായി എന്നെ എറിഞ്ഞ് തകർക്കരുത്, ഒരു പാട് പേരുടെ അന്നമാണ് എന്നെഴുതിയ ബാനറും ആനവണ്ടിയെ കല്ലെറിയല്ലേ എന്നെഴുതിയ പോസ്റ്ററുകളും പ്ലക്കാർഡുകളുമായി വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർ അണിനിരന്ന പ്രതിഷേധയാത്ര ആനവണ്ടികളെ വെറുതെ വിടണമെന്ന അഭ്യർഥനയാണ്. പോലീസ് സംരക്ഷണമൊരുക്കിയാൽ ബസ് ഓടിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കെഎസ്ആർടിസിയെ ഉപദ്രവിക്കരുതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ അപേക്ഷിക്കുകയും ചെയ്തിരുന്നു. Content Highlights: KSRTC march 2000 & 2019, KSRTC
from mathrubhumi.latestnews.rssfeed http://bit.ly/2SzI1jZ
via
IFTTT
No comments:
Post a Comment