കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ മനുഷ്യക്കടത്തുകളിലേക്ക്. 2013ൽ മുനമ്പത്തുനിന്ന് 70 പേർ ഓസ്ട്രേലിയയിലെ ക്രിസ്മസ് ഐലൻഡിലേക്ക് കടന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ജനുവരി 12ന് നടന്ന മനുഷ്യക്കടത്തു കേസിൽ പിടിയിലായ പ്രതി പ്രഭു ദണ്ഡപാണിയുടെ മൊഴിയാണ് അഞ്ചു വർഷം മുമ്പു നടന്ന മനുഷ്യക്കടത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്. ഡൽഹിയിലെ അംബേദ്കർ നഗറിൽ നിന്നാണ് പ്രഭു ദണ്ഡപാണിയെ പോലീസ് അറസ്റ്റുചെയ്തത്. ഇയാളും ജനുവരി 12ന് പുറപ്പെട്ട സംഘത്തോടൊപ്പം പോകാനിരുന്നതായിരുന്നു. എന്നാൽ, പണം പൂർണമായും നൽകാൻ കഴിയാതിരുന്നതോടെ ഭാര്യയെയും കുട്ടികളെയും കയറ്റിവിട്ട് അടുത്ത തവണ പോകാനായി താനിവിടെ തങ്ങുകയായിരുന്നെന്നാണ് ഇയാൾ പറയുന്നത്. 2013ലും താൻ മുനമ്പത്തുനിന്ന് ഓസ്ട്രേലിയക്ക് കടന്നിരുന്നെന്നും രണ്ടു വർഷം അവിടെ ജോലി ചെയ്തിരുന്നെന്നും പ്രഭു പോലീസിന് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് ഡൽഹിയിലെ ഇയാളുടെ വസതിയിൽ നടത്തിയ റെയ്ഡിൽ ഓസ്ട്രേലിയയിലെ താൽക്കാലിക പാസ്പോർട്ടും മറ്റു യാത്രാരേഖകളും പോലീസ് കണ്ടെടുത്തു. ഓസ്ട്രേലിയയിൽ പിടിയിലായ ശേഷം അവിടെനിന്ന് തിരിച്ചയയ്ക്കാനായാണ് അധികൃതർ താൽക്കാലിക പാസ്പോർട്ട് നൽകിയിരുന്നത്. മുനമ്പത്തുനിന്ന് കൂടുതൽ മനുഷ്യക്കടത്തുകൾ നടന്നുവെന്ന കണ്ടെത്തൽ പോലീസിനും പുതിയ അറിവാണ്. ഇന്റലിജൻസിന്റെ ഉൾപ്പെടെ വീഴ്ചയായാണ് മനുഷ്യക്കടത്ത് വിലയിരുത്തപ്പെടുന്നത്. ഉപേക്ഷിക്കപ്പെട്ട ബാഗുകൾ ഇല്ലായിരുന്നെങ്കിൽ ഈ വർഷം നടന്ന മനുഷ്യക്കടത്തും കണ്ടെത്താതെ പോകുമായിരുന്നെന്ന ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, ഇത്തവണ മനുഷ്യക്കടത്ത് സംഘം ഓസ്ട്രേലിയയിലേക്കല്ല ന്യൂസിലാൻഡിലേക്കാണ് പോയിരിക്കുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. പോയ ദിവസമനുസരിച്ച് ഇവർ അവിടെയെത്താൻ സമയമായിട്ടില്ല. ലക്ഷ്യസ്ഥാനത്തെത്തിയാൽ ഇവരെ തിരിച്ചയക്കാനുള്ള നടപടികളും ന്യൂസിലൻഡ്-ഓസ്ട്രേലിയ അധികൃതരുമായി ചേർന്ന് പോലീസ് നടത്തുന്നുണ്ട്. Content Highlights: Human trafficking, Munambam, kerala
from mathrubhumi.latestnews.rssfeed http://bit.ly/2Wv3uNj
via
IFTTT
No comments:
Post a Comment