തിരുവനന്തപുരം: ഓഖിയിലും പ്രളയത്തിലും പെട്ട് ജീവനുവേണ്ടി പോരാടിയവരെ സുരക്ഷിതരായി കരയ്ക്കെത്തിച്ച മലയാളിയായ വിങ് കമാൻഡറിന് രാജ്യം ധീരതയ്ക്കുള്ള അവാർഡ് നൽകി ആദരിക്കുന്നു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയായ ബി.പ്രശാന്തിനാണ് പ്രസിഡന്റിന്റെ ധീരതയ്ക്കുള്ള വായുസേനാ മെഡൽ ഗ്യാലന്ററി അവാർഡ് ലഭിച്ചത്. കോയമ്പത്തൂരിലെ സുളൂർ വ്യോമസേനാകേന്ദ്രത്തിലെ ഗരുഡ് കമാൻഡോകളുടെ കമാൻഡിങ് ഓഫീസറാണ് ഇദ്ദേഹം. 22 ദിവസമായിരുന്നു പ്രശാന്തിന്റെ നേതൃത്വത്തിലുള്ള കമാൻഡോകൾ രക്ഷാപ്രവർത്തനം നടത്തിയത്. ശംഖുംമുഖവും കൊച്ചിയും കേന്ദ്രീകരിച്ച് 25 കമാൻഡോകളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ചുഴലിക്കാറ്റിൽപ്പെട്ടു തകർന്ന വള്ളങ്ങളിൽ പറ്റിപ്പിടിച്ചു കിടന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത് മറക്കാനാവാത്ത അനുഭവമാണെന്ന് വിങ് കമാൻഡർ പ്രശാന്ത് പറഞ്ഞു. ജീവനുവേണ്ടി കേണ 1200 പേരെയാണ് തന്റെ നേതൃത്വത്തിലുള്ള ഗരുഡ് കമാൻഡോകൾ രക്ഷപ്പെടുത്തിയത്. 115 പേരെ താൻ ഒറ്റയ്ക്കു രക്ഷപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലൂടെ ഹെലികോപ്ടർ കടന്നുപോകുമ്പോൾ കെട്ടിടങ്ങളുടെ മുകളിൽ നിന്ന് കൈകാട്ടിവിളിക്കുന്നവരുടെ സങ്കടക്കാഴ്ച മറക്കാനാവില്ല. 102 വയസ്സുള്ള സ്ത്രീയെ രക്ഷപ്പെടുത്താനെത്തിയപ്പോൾ അവർ ആദ്യം വിസമ്മതിച്ചു. തുടർന്ന് രണ്ട് കമാൻഡോകളെക്കൂടി താഴെയിറക്കി. ഇവരുടെ സഹായത്തോടെ പെട്ടിപോലുള്ള കമ്പിക്കൂടിനകത്ത് സ്ത്രീയെ കയറ്റിയിരുത്തിയാണ് രക്ഷിച്ചത്. ഇവരെ പിന്നീട് തിരുവനന്തപുരത്തെത്തിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. പൂർണ ഗർഭിണികളായ ആറുപേരെ രക്ഷപ്പെടുത്തുന്നത് ഏതൊരു രക്ഷാപ്രവർത്തനത്തെക്കാളും ബുദ്ധിമുട്ടുള്ളതായിരുന്നു. വളരെ കരുതലോടെയായിരുന്നു ഇവരെ രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രമ്യയാണ് പ്രശാന്തിന്റെ ഭാര്യ. പ്രണവും അവന്തികയുമാണ് മക്കൾ. content highlights:IAF wing commander Prashanth
from mathrubhumi.latestnews.rssfeed http://bit.ly/2S0U3pN
via
IFTTT
No comments:
Post a Comment