ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തും ഏറെ ചർച്ചചെയ്ത റഫാൽ യുദ്ധവിമാനഇടപാടിൽ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിനും ബി.ജെ.പിക്കും ആശ്വാസമായി. റഫാൽ ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിൽ 2019-ലെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയെന്നത് പാർട്ടിക്കും സർക്കാരിനും ഒരുപോലെ വെല്ലുവിളിയാകുമായിരുന്നു. മാസങ്ങൾ നീണ്ട ആരോപണ-പ്രത്യാരോപണങ്ങൾക്കൊടുവിൽ ഇടപാടിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടതോടെ ബിജെപിക്കും മോദിക്കും ഇനി ധൈര്യത്തോടെ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് കാലെടുത്ത് വയ്ക്കാം. സുപ്രീംകോടതി വിധി തിരിച്ചടിയായെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബി.ജെ.പിക്ക് കനത്ത പ്രഹരമാകുമായിരുന്നു. ഫ്രാൻസിൽനിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയ കരാറിൽ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷവും രാഹുലും ആരോപണം കടുപ്പിക്കുന്നതിനിടെയാണ് കോടതി വിധി.യു.പി.എ. സർക്കാരിന്റെ കാലത്ത് ഒപ്പിട്ട 126 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ മാറ്റംവരുത്തി അധികതുക നൽകി 36 വിമാനങ്ങൾ മാത്രം വാങ്ങിയതിൽ വൻ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതിനിടെ വിമാനനിർമാണ കമ്പനിയായ ദസ്സോയുടെ ഇന്ത്യയിലെ നിർമാണപങ്കാളിയായി റിലയൻസിനെ തിരഞ്ഞെടുത്തതും വിവാദത്തിന് കാരണമായി. ആദ്യം നിർമ്മാണ പങ്കാളിയായി പരിഗണനയിലുണ്ടായിരുന്ന എച്ച്എഎല്ലിനെ ഒഴിവാക്കി റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കിയതാണ് വിവാദത്തിന് ഇടയാക്കിയത്. റഫാൽ ഇടപാടിൽ കോടതി നിരീക്ഷണത്തോടെ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് എം.എൽ. ശർമ്മ, വിനീത ഡാൻഡെ, പ്രശാന്ത് ഭൂഷൺ മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ഷൂരി, യശ്വന്ത് സിൻഹ, ആംആദ്മി നേതാവ് സഞ്ജയ് സിങ് എന്നിവർ സുപ്രീംകോടതിയെ സമീപിച്ചതോടെ കേസിന് ചൂടുപിടിച്ചു. റഫാൽ ഇടപാട് സംബന്ധിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ നിലപാടറിയിച്ചെങ്കിലും പിന്നീട് മുദ്രവച്ച കവറിൽ വിവരങ്ങൾ സമർപ്പിച്ചു. റഫാൽ വിമാനങ്ങളുടെ വിലവിവരങ്ങളും നടപടിക്രമങ്ങളുമാണ് കേന്ദ്രസർക്കാർ കോടതിയിൽ നൽകിയത്. ഇതിനുപിന്നാലെ യുദ്ധവിമാനങ്ങളെക്കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ വ്യോമസേന ഉദ്യോഗസ്ഥനെ സുപ്രീംകോടതി വിളിച്ചുവരുത്തുകയും ചെയ്തു. ഒടുവിൽ ഒരുമാസം നീണ്ട വാദത്തിനൊടുവിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് റഫാലിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രത്തിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. റഫാൽ കരാറിൽ സംശയമില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. പൊതു തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്ര ബാക്കിനിൽക്കെ റഫാലിൽ ക്ലീൻ ചിറ്റ് കിട്ടിയ പ്രധാനമന്ത്രിയേയും ബിജെപിയേയുമാണ് ഇനി പ്രതിപക്ഷത്തിന് നേരിടേണ്ടത്. ബിജെപിയെ അടിക്കാൻ വലിയൊരു വടിയായി കണ്ട റഫാലിൽ കോടതി വിധിയോടെ ആയുധത്തിന്റെ മുനയൊടിഞ്ഞ അവസ്ഥയിലായി രാഹുലും കോൺഗ്രസും Content Highlights:rafale jet case supreme court verdict is a big relief for pm modi and bjp
from mathrubhumi.latestnews.rssfeed https://ift.tt/2Bemiqg
via
IFTTT
No comments:
Post a Comment