ന്യുഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കോടതിയില്‍ കീഴടങ്ങി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഈസ്റ്റ് ഡല്‍ഹിയിലെ മന്ദോലി ജയിലിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.
ഈ മാസം 17നാണ് ഡല്‍ഹി ഹൈക്കോടതിയാണ് സജ്ജന്‍ കുമാറിനെ ശിക്ഷിച്ചത്. 1984 നവംബര്‍ ഒന്നിന് ഡല്‍ഹയിലെ രാജ് നഗറില്‍ അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. ഈ സമയം പാര്‍ലമെന്റ് അംഗമായിരുന്നു സജ്ജന്‍ കുമാര്‍. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അംഗരക്ഷകരായിരുന്ന സിഖുകാര്‍ വെടിവച്ചുകൊന്നതിന്റെ പ്രതികാരമായിരുന്നു സിഖ് വിരുദ്ധ കലാപം. സുവര്‍ണ്ണക്ഷേത്രത്തിലെ സൈനിക നടപടിയുടെ പേരിലായിരുന്നു ഒക്‌ടോബര്‍ 31ന് ഇന്ദിരാ ഗാന്ധിക്കു നേരെ ആക്രമണമുണ്ടായത്.
ശിക്ഷാവിധി കേട്ടയുടന്‍ കീഴടങ്ങാന്‍ ഒരു മാസത്തെ സാവകാശം സജ്ജന്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. തനിക്ക് മൂന്നു മക്കളും എട്ട് കൊച്ചുമക്കളുമുണ്ടെന്നും സ്വത്ത് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്നും കാണിച്ചാണ് 73കാരനായ സജ്ജന്‍ സാവകാശം തേടിയിരുന്നത്. എന്നാല്‍ കോടതി ഇത് തള്ളിയതോടെയാണ് അവസാന ദിനമായ ഇന്ന് കീഴടങ്ങിയത്.
അതേസമയം, ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാലു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന സജ്ജന്‍കുമാര്‍ ശിക്ഷിക്കപ്പെട്ടതോടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചിരുന്നു.
from mangalam.com http://bit.ly/2BPBASS
via IFTTT
No comments:
Post a Comment