കാഞ്ഞങ്ങാട്: വിവാഹദിവസം രാവിലെ എല്ലാവരും വരനെ അനുഗ്രഹിക്കുന്നതിനിടെ, മുകളിലത്തെ നിലയിൽ കയറി ഷെൽഫിൽ സൂക്ഷിച്ച രണ്ടരലക്ഷം രൂപ കവർന്ന കേസിൽ വീഡിയോഗ്രാഫറുടെ സഹായിയെ അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് മണലിലെ അശ്വിനെ(22) ആണ് ഹൊസ്ദുർഗ് അഡീഷണൽ എസ്.ഐ. എം.വി.വിഷ്ണുപ്രസാദ് അറസ്റ്റുചെയ്തത്. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ്(ഒന്ന്) കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം 24-ന് കാഞ്ഞങ്ങാട് കോട്ടച്ചേരി പുതിയവളപ്പിലെ കൃഷ്ണന്റെ വീട്ടിലാണ് കവർച്ചനടന്നത്. കൃഷ്ണന്റെ മകൻ ഷൈജുവിന്റെ വിവാഹമായിരുന്നു. ഷൈജുവിനെ മുറിയിൽവച്ച് വീഡിയോയിൽ പകർത്തുന്നതിനിടെ, വീഡിയോ ലൈറ്റ് പിടിക്കുകയായിരുന്ന അശ്വിൻ ഷെൽഫിനകത്തെ പണം ശ്രദ്ധിച്ചിരുന്നു. പിന്നീട് വരനെ അരിയിട്ടനുഗ്രഹിക്കുന്ന ചടങ്ങ് തുടങ്ങിയപ്പോൾ ക്യാമറാമാനോട് ടോയ്ലറ്റിൽ പോകണമെന്നു പറഞ്ഞ് അശ്വിൻ മുങ്ങി. മുകളിലെ മുറിയിലെത്തിയ അശ്വിൻ പണമെടുത്തശേഷം ഷെൽഫ് പൂട്ടി താക്കോൽ കൈയിൽത്തന്നെ വെച്ചു. ആരുടെയും ശ്രദ്ധയിൽപ്പെടാതെ പണം കടലാസിൽ പൊതിഞ്ഞ് മീറ്ററുകൾക്കപ്പുറത്തെ വളപ്പിലെത്തി കല്ലിനടിയിൽ ഒളിപ്പിച്ചുവെച്ചു. തിരികെവന്ന് വീഡിയോ ലൈറ്റ് പിടിക്കുന്ന പണി തുടരുകയും ചെയ്തു. ഓഡിറ്റോറിയത്തിൽനിന്ന് വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ഷൈജു അലമാര തുറന്ന് പണമെടുക്കാൻ നോക്കിയപ്പോൾ താക്കോൽ കണ്ടില്ല. വീട്ടുകാർ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും താക്കോൽ കിട്ടാതായതോടെ ടെക്നീഷ്യനെ വിളിച്ച് ഷെൽഫും അതിനകത്തെ ലോക്കറും തുറക്കുകയായിരുന്നു. താക്കോൽ തിരയാൻ അശ്വിനും കൂടെയുണ്ടായിരുന്നു. പണം നഷ്ടപ്പെട്ട സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് ക്യാമറാമാനെയും ചോദ്യംചെയ്തിരുന്നു. കാര്യങ്ങൾ ഒന്നൊന്നായി വിശദീകരിക്കുന്നതിനിടെ അശ്വിൻ ഇടയ്ക്ക് ടോയ്ലറ്റിൽ പോയ കാര്യവും ക്യാമറാമാൻ പറഞ്ഞിരുന്നു. അശ്വിനെ നിരീക്ഷിച്ച പോലീസിന് പിന്നീടുള്ള പണി എളുപ്പമായി. സഹോദരിക്ക് ഒന്നരപ്പവന്റെ മാലയും ഒരുപവന്റെ വളയും അശ്വിൻ സമ്മാനമായി നൽകിയ കാര്യം പോലീസ് മനസ്സിലാക്കി. അവളുടെ വിവാഹത്തിൽ പങ്കെടുത്ത തന്റെ 16 സുഹൃത്തുക്കൾക്ക് ഒരേനിറത്തിലുള്ള മുണ്ടും ഷർട്ടും വാങ്ങിക്കൊടുത്തു. ഈസമയത്ത് ചിട്ടിയുടെ കുടിശ്ശികത്തുകയായ അറുപതിനായിരം രൂപ അടച്ചുതീർക്കുകയും 16,000 രൂപയുടെ സെൽഫോൺ വാങ്ങുകയും ചെയ്തു. മൈസൂരിലേക്ക് സുഹൃത്തുക്കളെയും കൂട്ടി ഉല്ലാസയാത്ര നടത്തി. ഇതെല്ലാം കൃത്യമായി ബോധ്യപ്പെട്ട പോലീസ് അശ്വിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. സ്വന്തമായി കാറും ബൈക്കുമെല്ലാമുള്ള അശ്വിന്റെ ജീവിതം ആഡംബരം നിറഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ വസ്ത്രം വാങ്ങിക്കൊടുത്തപ്പോൾ സുഹൃത്തുക്കളോ നാട്ടുകാരോ സംശയിച്ചില്ലെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. വിഷ്ണുപ്രസാദിന് പുറമെ സിവിൽ പോലീസ് ഓഫീസർമാരായ കെ. സജീവൻ, പി.വി. അജയൻ, സതീശൻ, കെ. മഹേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. content highlights:Kanjangaadu, marriage function, theft
from mathrubhumi.latestnews.rssfeed http://bit.ly/2EJbVin
via
IFTTT
No comments:
Post a Comment